നീറ്റ് പരീക്ഷകേന്ദ്രം: ഖത്തറിന് അവഗണന
text_fieldsദോഹ: കുവൈത്തിനുപിന്നാലെ ദുബൈയിലും ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) കേന്ദ്രം അനുവദിച്ചപ്പോൾ ഖത്തറിൻെറ അഭ്യർഥനകൾ അവഗണിച്ചു. ജൂലൈ 14നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കുവൈത്തിൽ നീറ്റ് സെൻറർ അനുവദിക്കാൻ തീരുമാനിക്കുന്നത്. ഇന്ത്യക്കുപുറത്ത് ആദ്യമായി നീറ്റ് സെൻറർ അനുവദിച്ച തീരുമാനത്തെ പ്രവാസസമൂഹം ഏറെ ആവേശത്തോടെ സ്വാഗതംചെയ്തു. തൂടർന്ന് വിവിധ ഗൾഫ് രാഷ്ട്രങ്ങളിലെ എംബസികളും വിവിധ സംഘടനകളും സംയുക്തമായി ആവശ്യമുയർത്തിയപ്പോൾ ദുബൈ ആണ് രണ്ടാം സെൻററായി പരിഗണിച്ചത്.
കഴിഞ്ഞ ദിവസമാണ് ദുബൈ നീറ്റ് സെൻററായി തീരുമാനിച്ചുകൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്. കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രവിലക്കും രാജ്യത്തിന് പുറത്തുപോയാൽ മടങ്ങിവരാനുള്ള പ്രയാസങ്ങളും കുവൈത്തിനും ദുബൈക്കും അനുകൂലമായി എന്നാണ് വിലയിരുത്തുന്നത്. ദുബൈയിൽ 93 സി.ബി.എസ്.ഇ സ്കൂളുകളിലായി 500ന് മുകളിൽ വിദ്യാർഥികൾ നീറ്റ് എഴുതുന്നുണ്ട്. കുവൈത്തിൽ 21 സി.ബി.എസ്.ഇ സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തലിൻെറ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല സമ്മർദം ശക്തമായെങ്കിലും ദുബൈയെ പരിഗണിക്കുേമ്പാൾ ഖത്തറിൻെറ അപേക്ഷ കേന്ദ്രം തള്ളി.
10 സി.ബി.എസ്.ഇ സ്കൂളുകളിൽനിന്നായി നൂറോളം വിദ്യാർഥികളാണ് ഖത്തറിൽനിന്ന് നീറ്റ് എഴുതുന്നത്. സെപ്റ്റംബർ 12ന് നടക്കുന്ന പരീക്ഷക്ക് ഇവിടെ കേന്ദ്രം അനുവദിക്കാത്തതിനാൽ രക്ഷിതാക്കളും വിദ്യാർഥികളും നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. നിലവിലെ സാഹചര്യം പരിഗണിച്ച് കേന്ദ്രം അനുവദിച്ചാൽ ഇവിടെതന്നെ പരീക്ഷ എഴുതാമെന്ന പ്രതീക്ഷയുമുണ്ട്.
അതേസമയം, ഈ വർഷം ഖത്തറിൽ നീറ്റ് സെൻറർ അനുവദിക്കാൻ സാധ്യതയില്ലെന്ന് നീറ്റ് കോച്ചിങ് സെൻറർ പ്രതിനിധികളും അധ്യാപകരും പറയുന്നു. ദുബൈയിൽ സെൻറർ അനുവദിച്ചതിനു പിന്നാലെ, ഖത്തറിലെ ഗുജറാത്തി സമാജം നേതൃത്വത്തിൽ അവസാനവട്ട ശ്രമവും നടക്കുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് ഗുജറാത്ത് സമാജം ഭാരവാഹികൾ കഴിഞ്ഞ ദിവസം അപേക്ഷ സമർപ്പിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ 2020ൽ നീറ്റ് പരീക്ഷ സെൻററുകൾ ഗൾഫ് രാജ്യങ്ങളിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി വരെ കേസിനു പോയത് ഖത്തറിലെ രക്ഷിതാക്കളും സംഘടനകളുമായിരുന്നു. പ്രവാസി രക്ഷിതാക്കളുടെ അപേക്ഷ, കേന്ദ്രസർക്കാർ പരിഗണിച്ചില്ലെങ്കിലും കോടതിയിൽ ചോദ്യം ചെയ്തത് എല്ലാവരുടെയും കണ്ണ് തുറപ്പിക്കാൻ കാരണമായി. കോവിഡ് കാരണം കഴിഞ്ഞവർഷം ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര മുടങ്ങിയതോടെ ജി.സി.സിയിെല ആയിരക്കണക്കിന് വിദ്യാർഥികൾക്കാണ് 'നീറ്റ്' മുടങ്ങിയത്.
അപേക്ഷിച്ചവർക്ക് സെൻറർ മാറാം
ഖത്തറിലുള്ള വിദ്യാർഥികൾക്ക് ഇന്ത്യയിൽ പോകുന്നതിന് പകരം ദുബൈയിലെത്തി പരീക്ഷ എഴുതാൻ അവസരമുണ്ട്. നിലവിൽ ആഗസ്റ്റ് ആറ് വരെയാണ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള സമയം. ആഗസ്റ്റ് എട്ട് മുതൽ 12 വരെ തീയതികളിൽ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അനുവദിക്കും. ഈ സമയത്ത് സെൻറർ മാറ്റാൻ കഴിയുമെന്ന് പരീക്ഷ ഡയറക്ടർ ഡോ. സധന പരഷാർ സർക്കുലറിൽ അറിയിച്ചു.
'മകൾ നീറ്റ് പരീക്ഷ എഴുതുന്നുണ്ട്. ഈ വർഷം ഇനി ഖത്തറിൽ സെൻറർ പ്രതീക്ഷിക്കുന്നില്ല. ദുബൈയിലെയും കുവൈത്തിലെയും അത്രമാത്രം കുട്ടികൾ ഖത്തറിൽ ഇല്ലെന്നതാവാം സെൻറർ അനുവദിക്കാതിരിക്കാൻ കാരണമായത്. പരീക്ഷക്ക് മുമ്പായി കുടുംബസമേതം നാട്ടിലേക്ക് മടങ്ങാനാണ് പ്ലാൻ. ഇവിടെ നിന്നുള്ള മറ്റു വിദ്യാർഥികളും നാട്ടിലെത്തിയാണ് പരീക്ഷ എഴുതുന്നത്. ഖത്തറിൽ സെൻറർ അനുവദിക്കുകയാണെങ്കിൽ സന്തോഷമായിരുന്നു.'
ഖത്തറിൽനിന്ന് നീറ്റ് പരീക്ഷക്കായി നാട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥിയുടെ രക്ഷിതാവായ കോഴിക്കോട് ചേന്ദമംഗലൂർ സ്വദേശി ഷമീം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.