സമ്മർദം ഫലംകണ്ടു; ടെൻഷനില്ലാതെ ‘നീറ്റ്’ എഴുതാം
text_fieldsദോഹ: ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിലെ നീറ്റ് കേന്ദ്രങ്ങൾ വെട്ടിയ തീരുമാനത്തിൽനിന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ‘യു ടേൺ’ അടിക്കുമ്പോൾ വിജയം കാണുന്നത് പ്രവാസികളുടെ കൂട്ടായ പരിശ്രമം. ഫെബ്രുവരി ഒമ്പതിന് പുറത്തിറക്കിയ ഓൺലൈൻ രജിസ്ട്രേഷൻ വിജ്ഞാപനത്തിലായിരുന്നു ഖത്തർ ഉൾപ്പെടെ ആറു ഗൾഫ് രാജ്യങ്ങളിലെയും മറ്റു വിദേശരാജ്യങ്ങളിലെയും പരീക്ഷകേന്ദ്രങ്ങൾ ഒഴിവാക്കാൻ എൻ.ടി.എ തീരുമാനിച്ചത്.
മെഡിക്കൽ പ്രവേശനപരീക്ഷ എഴുതാനുള്ള തയാറെടുപ്പിനിടെയെത്തിയ തീരുമാനം പ്രവാസി വിദ്യാർഥികൾക്ക് ഇടിത്തീപോലെയായി മാറി. ഒരു വർഷത്തെ കോച്ചിങ്ങും ഉറക്കമൊഴിഞ്ഞുള്ള പഠനവുമായി പരീക്ഷക്കൊരുങ്ങിയ വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രതിസന്ധിയിലാക്കുന്ന തീരുമാനമായിരുന്നു ദേശീയ ടെസ്റ്റിങ് ഏജൻസിയുടേത്. സ്കൂൾപഠനം നടത്തുന്ന പരിചിതമായ നാട്ടിൽ പരീക്ഷയെഴുതാൻ മോഹിച്ചവർക്ക്, പ്രവേശനപരീക്ഷ കടമ്പയായി മാറുമെന്ന നിലയിൽ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽനിന്ന് ഉയർന്നത്. രക്ഷിതാക്കളും സ്കൂൾ അധികൃതരും മുതൽ പ്രവാസി കൂട്ടായ്മകൾ, കമ്യൂണിറ്റി നേതാക്കൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തുകയും വിവിധ സമ്മർദ തന്ത്രങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തതിന്റെ ഫലമാണ് 11 ദിവസംകൊണ്ട് എൻ.ടി.എ തീരുമാനം മാറ്റാനും പരീക്ഷകേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാനും ഉത്തരവിട്ടത്.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലും വിഷയത്തിൽ ഇടപെട്ടിരുന്നു. സിജി ദോഹ, കെ.എം.സി.സി ഗ്രീൻ ടീൻസ്, കൾചറൽ ഫോറം, ഒ.ഐ.സി.സി ഇൻകാസ്, ഫോക്കസ് ഖത്തർ ഉൾപ്പെടെ സംഘടനകൾ നിവേദനങ്ങളിലൂടെയും മറ്റും അധികൃതരുടെ ശ്രദ്ധയിൽ പ്രശ്നമെത്തിച്ചു. ഖത്തറിലെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള കൂട്ടായ്മകളും കേന്ദ്രമന്ത്രിമാരിലും വിദ്യാഭ്യാസ മന്ത്രാലയത്തിലും വിഷയമെത്തിച്ചു. കേരളത്തിൽ നിന്നുള്ള എം.പിമാർ വഴി ഒ.ഐ.സി.സി ഇൻകാസ് ഖത്തറും ഇടപെട്ടിരുന്നു. ഇതിനുപുറമെ വിവിധ പ്രവാസി പൊതുപ്രവർത്തകർ വ്യക്തിപരമായും നിവേദനങ്ങളിലൂടെയും കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിലെത്തിച്ചു. പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെ യു.എ.ഇ, ഖത്തർ സന്ദർശന വേളയിലും വിഷയം അധികൃതരുടെ ശ്രദ്ധയിലെത്തിച്ചിരുന്നു. പരീക്ഷ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു പ്രതീക്ഷ കൈവിടാതെ നീറ്റ് കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും തുടർന്നത്.
എംബസി മുതൽ വിവിധ കമ്യൂണിറ്റി സംഘടനകളും വ്യക്തികളും നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് സെന്ററുകൾ പുനഃസ്ഥാപിക്കാൻ കഴിഞ്ഞതെന്ന് സിജി ദോഹ പ്രവർത്തകനും കരിയർ ഗൈഡുമായ പി.ടി. ഫിറോസ് പറയുന്നു. ‘വിദേശരാജ്യങ്ങളിലുള്ള ദശലക്ഷം വരുന്ന പ്രവാസികൾക്ക് അവകാശപ്പെട്ട ഒരു സംവിധാനം, അപ്രതീക്ഷിതമായ തീരുമാനത്തിലൂടെ റദ്ദാക്കപ്പെടുന്നതിനെതിരെ കൂട്ടായ ശ്രമം വിജയം കാണുകയായിരുന്നു. വിഷയം സമയോചിതമായിതന്നെ കേന്ദ്രമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രി എന്നിവരുടെ ശ്രദ്ധയിലെത്തിക്കാൻ കഴിഞ്ഞു. പുനഃസ്ഥാപിക്കാനുള്ള തീരുമാനം സ്വാഗതാർഹം. വ്യവസ്ഥാപിതമായ സംവിധാനം ഏതു നിമിഷവും റദ്ദാക്കപ്പെട്ടേക്കാമെന്ന് ഓർമിപ്പിക്കുന്നതാണ് നീറ്റിലെ എൻ.ടി.എ തീരുമാനം. വിഷയത്തിൽ ഇനിയും ജാഗ്രത പാലിക്കൽ അത്യാവശ്യമാണ്’ -പ്രവാസി സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി പ്രതികരിച്ചു.
രക്ഷിതാക്കളുടെ പ്രതികരണം
‘ഇവിടെ പരീക്ഷയെഴുതാനുള്ള ഒരുക്കത്തിനിടെയായിരുന്നു നീറ്റ് സെന്റർ ഇല്ലെന്ന തീരുമാനം വരുന്നത്. മകനെയും കുടുംബത്തെയും നാട്ടിലേക്കയച്ച് പരീക്ഷയെഴുതിക്കേണ്ടിവരുമെന്ന ആശങ്കയിലായിരുന്നു. അവധി, നാട്ടിലേക്കുള്ള യാത്ര അങ്ങനെ പ്രതിസന്ധികളേറെയായിരുന്നു. പരീക്ഷകേന്ദ്രം പുനഃസ്ഥാപിക്കാനുള്ള തീരുമാനം സന്തോഷകരം’- തോമസ് മാത്യു, തിരുവനന്തപുരം (രക്ഷിതാവ്)
‘കഴിഞ്ഞ വർഷത്തെപ്പോലെതന്നെ നീറ്റ് സെന്റർ ഖത്തറിലുണ്ടെന്ന ധാരണയിലാണ് ഇവിടെയുള്ള രക്ഷിതാക്കളും കുട്ടികളും ഉണ്ടായിരുന്നത്. പരീക്ഷയെഴുതാനായി മാത്രം നാട്ടിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നതും അതിനായുള്ള സാമ്പത്തികവും ശാരീരികവുമായ തയാറെടുപ്പുകളുമൊക്കെ വളരെ പ്രയാസം ഉളവാക്കുന്നതുമാണ്. ഇതിൽ നിന്നൊക്കെയുള്ള വലിയ ആശ്വാസമാണ് ഗൾഫിൽ പരീക്ഷകേന്ദ്രം അനുവദിച്ചതിലൂടെ രക്ഷിതാക്കൾക്ക് ലഭിച്ചത്. ഇതിനായി ഖത്തറിൽ മുൻകൈയെടുത്ത സിജി പോലുള്ള സംഘടനയുടെ പ്രവർത്തകർക്ക് നന്ദി’ -മുനീർ മാട്ടൂൽ (രക്ഷിതാവ്)
അപേക്ഷിച്ചവർക്ക് പുതിയ സെന്റർ തിരഞ്ഞെടുക്കാം
വിദേശരാജ്യങ്ങളിൽ പരീക്ഷകേന്ദ്രം ഇല്ല എന്ന നിലയിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് ഫീസ് അടച്ചവർക്ക് മാർച്ച് ഒമ്പതിനുശേഷം പുതിയ പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കാവുന്നതാണ്. കറക്ഷൻ വിൻഡോ സജീവമാകുമ്പോൾ സെന്റർ തിരുത്തി നൽകാം. അതേസമയം, വിദേശ സെന്ററിനുള്ള അധിക ഫീസ് അടക്കേണ്ടിവരും. മേയ് അഞ്ചിനാണ് നീറ്റ് പരീക്ഷ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ജനറൽ കാറ്റഗറിയിൽ 1700 രൂപയായിരുന്നു ഫീസ്. വിദേശത്ത് 9500 രൂപയും. പുതിയ ഫീസ് അധികൃതർ ഉടൻ പ്രഖ്യാപിക്കും.
തീരുമാനം ആശ്വാസകരം -കെ.എം.സി.സി ഗ്രീൻ ടീൻസ്
ദോഹ: ഖത്തർ അടക്കമുള്ള വിദേശ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷകേന്ദ്രങ്ങൾ റദ്ദാക്കിയത് പിൻവലിച്ച നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ തീരുമാനം ആശ്വാസകരമെന്ന് ഖത്തർ കെ.എം.സി.സിയുടെ വിദ്യാർഥി വിഭാഗമായ ഗ്രീൻ ടീൻസ് അഭിപ്രായപ്പെട്ടു. താമസിക്കുന്ന രാജ്യങ്ങളിൽ പരീക്ഷ എഴുതാൻ നിർവാഹമില്ലാതെ വലഞ്ഞിരുന്ന പ്രവാസി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റാൻ തീരുമാനം സഹായകരമാവും. ഇത്തരം തീരുമാനമെടുക്കാനായി പരിശ്രമങ്ങൾ നടത്തിയ സംഘടനകളും സാമൂഹിക പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നുവെന്ന് ഗ്രീൻ ടീൻസ് അറിയിച്ചു.
എസ്.ഐ.ക്യു സ്വാഗതം ചെയ്തു
ദോഹ: വിദേശരാജ്യങ്ങളിൽ നീറ്റ് കേന്ദ്രങ്ങൾ പുനഃസ്ഥാപിച്ച നടപടി സ്റ്റുഡന്റസ് ഇന്ത്യ ഖത്തർ (എസ്.ഐ.ക്യു) റയ്യാൻ സോൺ സ്വാഗതം ചെയ്തു. നീറ്റ് കേന്ദ്രങ്ങൾ നിർത്തലാക്കിയ നടപടിയിൽ പ്രതിഷേധിക്കാൻ ചേർന്ന യോഗത്തിനിടയിൽ അവ പുനഃസ്ഥാപിച്ച വാർത്ത സന്തോഷം നൽകുന്നതായും നടപടി സ്വാഗതം ചെയ്യുന്നതായും രക്ഷാധികാരി മുഹമ്മദ് റഫീഖ് തങ്ങൾ പറഞ്ഞു. വിദേശത്തുള്ള ഇന്ത്യൻ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന നടപടികൾ കൈക്കൊള്ളുമ്പോൾ ബന്ധപ്പെട്ടവർ സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.