നെറ്റ്ഫ്ലിക്സ്; ലോകകപ്പിനെക്കുറിച്ച് ഡോക്യുസീരീസ് പുറത്തിറക്കും
text_fieldsദോഹ: 2022 ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ആരും പറയാത്ത പിന്നാമ്പുറ കഥകൾ ഉൾപ്പെടെ രണ്ട് പുതിയ ഡോക്യുസീരീസ് സംപ്രേഷണം ചെയ്യാൻ നെറ്റ്ഫ്ലിക്സിന്റെ പച്ചക്കൊടി. ഖത്തർ ലോകകപ്പ് 2022ലേക്കുള്ള യോഗ്യത റൗണ്ടിലുടനീളം കളിക്കാരെ അവതരിപ്പിച്ച ‘ക്യാപ്റ്റൻസി‘ന് ശേഷം ഫിഫ പ്ലസുമായി വീണ്ടും ഒത്തുചേർന്ന് പ്രവർത്തിക്കുന്നതായി ഈയിടെ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു.
ടൂർണമെന്റുമായി ബന്ധപ്പെട്ടുള്ള സീരീസിന് ഇതുവരെ പേരിട്ടിട്ടില്ല. ലോകകപ്പിൽ പങ്കെടുത്ത 32 ടീമുകളെ സംബന്ധിച്ച് മുമ്പ് കാണാത്ത വിഡിയോ ദൃശ്യങ്ങളും പിന്നാമ്പുറ കഥകളും കോർത്തിണക്കി ലോകകപ്പ് മുമ്പൊരിക്കലും കാണാത്ത വിധത്തിൽ കാഴ്ചക്കാർക്കു മുന്നിൽ സമർപ്പിക്കുമെന്ന് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ കുറിപ്പിൽ പ്രസ്താവിച്ചു. വരാനിരിക്കുന്ന സീരീസ് എക്കാലത്തെയും മികച്ച കായിക കാഴ്ചകളിലൊന്നിന്റെ നിർണായക വിവരണമായിരിക്കുമെന്ന് നിർമാതാവായ ഫുൾവെൽ പറയുന്നു. ഈ വർഷം തന്നെ നെറ്റ്ഫ്ലിക്സിൽ ആഗോളതലത്തിൽ സീരീസ് സ്ട്രീം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉടൻ പേരിടാനിരിക്കുന്നു പുതിയ ഫിഫ ലോകകപ്പ് സീരീസ് ഈ വർഷം തന്നെ നെറ്റ്ഫ്ലിക്സിൽ വരുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഫുൾവെൽ ട്വീറ്റ് ചെയ്തു. ആരാധകർക്ക് മികച്ച സ്പോർട്സ് സ്റ്റോറികൾ എത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പുതിയതും മടങ്ങിവരുന്നതുമായ പരമ്പരകളുടെ നിര അടിവരയിടുകയാണെന്ന് നെറ്റ്ഫ്ലിക്സ് അൺസ്ക്രിപ്റ്റഡ്, ഡോക്യുമെന്ററി സീരീസ് വൈസ് പ്രസിഡന്റ് ബ്രൻഡൻ റീഗ് പറഞ്ഞു. അഭൂതപൂർവമായ ജനാവേശമുള്ള ലോകത്തിലെ വലിയ കായികമേളയുടെ തിരശ്ശീലക്കു പിന്നിലേക്ക് പോകുകയാണ്. അതിലൂടെ, ഐതിഹാസിക നിമിഷങ്ങളുടെ ആവേശവും വെല്ലുവിളികളും നാടകീയതകളും തങ്ങളുടെ ദശലക്ഷക്കണക്കിന് വരുന്ന ആഗോള അംഗങ്ങളുമായി പങ്കിടാൻ അവസരമൊരുങ്ങുകയാണെന്നും റീഗ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.