സ്വാതന്ത്ര്യ പ്രതീകമായി കതാറയിൽ ‘നെവർ ഗിവ് അപ്’
text_fieldsകതാറയിൽ അനാഛാദനം ചെയ്ത നെവർ ഗിവ് അപ് ശിൽപം
ദോഹ: സ്വാതന്ത്ര്യവും സമാധാനവും പ്രതിഫലിപ്പിക്കുന്ന ശ്രദ്ധേയമായ ശിൽപം അനാഛാദനം ചെയ്ത് കതാറ കൾചറൽ വില്ലേജ്. ബെൽജിയം കലാകാരനായ ജോർജി പൗലറിയാനി നിർമിച്ച ‘നെവർ ഗിവ് അപ്’ എന്ന പേരിലുള്ള ശിൽപമാണ് വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ പങ്കെടുത്ത ചടങ്ങിൽ കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ ഡോ. ഖലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി ഉദ്ഘാടനം നിർവഹിച്ചത്.
‘ഒരിക്കലും ഉപേക്ഷിക്കരുത്’ എന്ന പേര് സൂചിപ്പിക്കുന്ന പോലെതന്നെയാണ് ശ്രദ്ധേയ ശിൽപവും കാഴ്ചക്കാരനെ ആകർഷിക്കുന്നത്.
വെല്ലുവിളികളെ സഹിഷ്ണുതയോടെ നേരിടുകയും, സ്വാതന്ത്ര്യത്തിനും സമാധാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ പ്രചോദനാത്മകമായ സന്ദേശവും നൽകുന്നതാണ് ശിൽപമെന്ന് ഉദ്ഘാടന ചടങ്ങിൽ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി പറഞ്ഞു.
അംബാസഡർമാരും കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതിയും ശിൽപത്തിനൊപ്പം
വൈവിധ്യമാർന്ന കലാ പ്രവർത്തനങ്ങൾക്ക് ഇടം നൽകുന്ന കതാറ വില്ലേജിലെ ഏറ്റവും പുതിയ അംഗമായാണ് ജോർജി പൗലറിയാനിയുടെ സൃഷ്ടിയെത്തിയത്. ഖത്തർ സന്ദർശനത്തിനിടെ കതാറയിലെ സാംസ്കാരിക വൈവിധ്യവും പൈതൃകവും കണ്ടതിൽനിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു കലാകാരൻ ശിൽപം തയാറാക്കിയത്. കതാറയിലെ 18ാം നമ്പർ ഹാളിന് സമീപമായാണ് ഇരുമ്പ് ഗോളവും ചങ്ങലയും നീല നിറത്തിൽ പറന്നുയരുന്ന പൂമ്പാറ്റയും ചേർന്ന് ശിൽപമുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.