സ്കൂളുകളിൽ പുതിയ അധ്യയനം
text_fieldsദോഹ: പഠനവും പരീക്ഷയും കഴിഞ്ഞ് ഇടവേളയില്ലാതെ ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾ പുതിയ അധ്യയന വർഷത്തിലേക്ക്. പൊതു പരീക്ഷകളും വാർഷിക പരീക്ഷകളും മാർച്ച് അവസാന വാരത്തോടെ അവസാനിച്ചതിനു പിറകെ, ഏപ്രിൽ ഒന്ന് ഞായറാഴ്ച തന്നെ സ്കൂളുകളിലെല്ലാം പുതിയ അധ്യയന വർഷം ആരംഭിച്ചു. ഏപ്രിൽ, മേയ് മാസത്തെ പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കി, ജൂൺ പകുതിയോടെ സ്കൂളുകൾ വേനലവധിക്ക് പിരിയും. ശേഷം, രണ്ടര മാസം കഴിഞ്ഞായിരിക്കും വീണ്ടും പ്രവൃത്തി ദിനങ്ങൾ ആരംഭിക്കുന്നത്.
പൊതു പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഒന്നു മുതൽ രണ്ടാഴ്ച വരെ അവധി നൽകിയിരുന്നു. വിവിധ സ്കൂളുകൾ ‘ബാക് ടു സ്കൂൾ’ ആഘോഷങ്ങളോടെയാണ് പുതിയ ക്ലാസുകളിലേക്ക് വിദ്യാർഥികളെ വരവേറ്റത്. വരും ദിവസങ്ങളിൽ മുഴുവൻ ക്ലാസുകളിലും പഠനം സജീവമാകും. അതേസമയം, സ്കൂളുകളിൽ സീറ്റ് ലഭിക്കുന്നില്ലെന്ന് നിരവധി പ്രവാസി രക്ഷിതാക്കളും പരാതിപ്പെടുന്നു. മാസങ്ങൾക്കു മുമ്പേ രജിസ്റ്റർ ചെയ്തിട്ടും സീറ്റില്ലെന്ന് പറഞ്ഞാണ് സ്കൂളുകൾ അപേക്ഷ നിരസിക്കുന്നത്. ഖത്തറിൽ 18 ഇന്ത്യൻ സ്കൂളുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. എന്നാൽ, ആകെ ലഭ്യമാകുന്ന സീറ്റിനേക്കാൾ ഇരട്ടിയാണ് ആവശ്യക്കാരുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.