സഞ്ചാരികൾക്കായി പുതിയൊരു തീരം
text_fieldsകടലും എണ്ണിയാൽ തീരാത്ത കടൽത്തീരങ്ങളുമാണ് ഖത്തറിന്റെ സൗന്ദര്യം. 80 ശതമാനത്തോളം ഭൂപ്രദേശവും കടലിനാൽ ചുറ്റപ്പെട്ട കൊച്ചുരാജ്യത്ത് സ്വദേശികൾക്കും താമസക്കാർക്കും ഏറ്റവും ഹൃദ്യമായ വിനോദം സമ്മാനിക്കുന്നതും ഈ കടൽത്തീരങ്ങളാണ്. മരുഭൂമിയെങ്കിലും ഓരോ കടൽത്തീരത്തിനുമുണ്ട് വേറിട്ട സവിശേഷതകൾ. നഗരത്തിരക്കിനിടയിലുള്ളവ മുതൽ സ്വസ്ഥമായ അന്തരീക്ഷവും, വേറിട്ട കടൽത്തീരങ്ങളും, കണ്ടൽ സമൃദ്ധിയും മരുഭൂമിയും കടലും ഒന്നിക്കുന്ന പ്രദേശങ്ങളുമായി ഖത്തറിന്റെ ഓരോ തീരത്തിനുമുണ്ട് വ്യത്യസ്തമായ അനുഭവങ്ങൾ.
എണ്ണമറ്റ സവിശേഷതകളുള്ള ഈ കടൽ കഥകൾക്കിടയിൽ പുതിയൊരു കടൽത്തീരം കൂടി ഖത്തറിലെ താമസക്കാർക്കായി ഒരുങ്ങുകയാണിപ്പോൾ. ദോഹ ഓൾഡ് പോർട്ടിലാണ് പടിഞ്ഞാറൻ ഭാഗത്തായി പുതിയ കടൽ തീരം തുറക്കുന്നത്. നഗരത്തിരക്കിനിടയിൽ, സ്വസ്ഥമായി തീരത്തിരുന്ന് കടൽക്കാറ്റ് ആസ്വദിക്കാനുള്ള ഒരിടമായാണ് പുതിയ ബീച്ച് ഒരുങ്ങുന്നത്. ഹോട്ടൽ അപാർട്ട്മെന്റ്, ഹോട്ടലുകൾ, കഫേകൾ, റസ്റ്റാറൻറുകൾ, നൂറോളം ഷോപ്പുകൾ എന്നിങ്ങനെ സൗകര്യങ്ങളെല്ലാമുള്ള സഞ്ചാരികൾക്ക് ഏറെ ആസ്വാദ്യകരമായതാണ് ഈ പുതിയ ബീച്ച്. എട്ടു കിലോമീറ്റർ സൈക്കിൾ പാതയും, നടക്കാനുള്ള സ്ഥലങ്ങളും, പൂന്തോട്ടവും, മത്സ്യ മാർക്കറ്റുമെല്ലാമായി ഒതുക്കമുള്ള ഇടം. സൂഖ് വാഖിഫ്, ഇസ്ലാമിക് ആർട്ട് മ്യൂസിയം, നാഷനൽ മ്യൂസിയം, ദോഹ കോർണിഷ് എന്നീ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽനിന്നും അധികം ദൂരവുമല്ല.
അധികം വൈകാതെ തന്നെ ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കുമിടയിലെ ഏറ്റവും പ്രധാന വിനോദ കേന്ദ്രങ്ങളിൽ ഒന്നായി ഓൾഡ് പോർട്ടിലെ തീരം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒപ്പം, റമദാൻ ഉൾപ്പെടെ നാളുകളിലും വാരാന്ത്യങ്ങളിലും സന്ദർശന തിരക്കേറുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉല്ലാസം തേടിയെത്തുന്നവർക്ക് കടൽ സഞ്ചാരത്തിനുള്ള ചെറുതും വലുതുമായ യാട്ടുകൾ, വുഡൻ ബോട്ടുകൾ എന്നിവയും സമീപത്തായി ലഭിക്കും.
ഖത്തരി പൈതൃകം പകർത്തികൊണ്ട് നിർമാണങ്ങൾ പൂർത്തിയാക്കിയ കെട്ടിടങ്ങൾ പരമ്പരാഗത തീര നഗരത്തിന്റെ പ്രൗഢി നൽകുന്നു. അവയാകട്ടെ വിവിധ നിറങ്ങളിലായി ഒരുക്കിയത് മറ്റു തീരങ്ങളെ അപേക്ഷിച്ച് ഓൾഡ് പോർട്ട് തീരത്തിന് മനോഹാരിതയും നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.