രക്തദാനം ഇനി ഡബ്ൾ സ്ട്രോങ്
text_fieldsഎച്ച്.എം.സി ബ്ലഡ് ഡോണർ സെന്ററിലേക്കുള്ള വഴി
ദോഹ: രക്തദാനത്തിന് താൽപര്യം പ്രകടിപ്പിച്ചെത്തുന്നവരുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ ശേഷിയോടെ പുതിയ രക്തദാന കേന്ദ്രം. ഹമദ് മെഡിക്കൽ കോർപറേഷന്റെ വിളികേട്ട് രക്തം നൽകാൻ എത്തുന്നവർക്ക് രക്തം നൽകിത്തന്നെ വീട്ടിലേക്കു മടങ്ങാം. ഒരേസമയം, 200 പേരുടെവരെ രക്തം സ്വീകരിക്കാൻ എച്ച്.എം.സിയുടെ പുതിയ ബ്ലഡ് ഡോണർ സെന്ററിന് കഴിയുമെന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവിസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ആയിഷ ഇബ്രാഹിം അൽമൽകി പറഞ്ഞു.
സ്പോർട്സ് ഇന്റർസെക്ഷനു സമീപത്തെ വെസ്റ്റ് എനർജി സെന്ററിലാണ് ഹമദിന്റെ പുതിയ രക്തദാന കേന്ദ്രം പ്രവർത്തിക്കുന്നത്. രക്തം നൽകാൻ തയാറായിവരുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ കേന്ദ്രം സ്ഥാപിച്ചതെന്നും ദോഹയിലെ അൽ റയ്യാൻ, മുഹമ്മദ് ബിൻ ഥാനി എന്നീ സ്ട്രീറ്റുകളിൽനിന്ന് എളുപ്പത്തിൽ പ്രവേശിക്കാവുന്നിടത്താണ് സെന്ററെന്നും ഡോ. ആയിഷ പറഞ്ഞു.
നേരത്തേയുള്ളതിലും നാലിരട്ടിയോളം ശേഷിയിലാണ് പുതിയ കേന്ദ്രം ആരംഭിച്ചത്. ഹമദ് ബ്ലഡ് ഡോണർ സെന്ററിൽ ഒരേസമയം 25 പേർക്ക് രക്തം നൽകാൻ സൗകര്യമുണ്ടായിരുന്നത് 200 ആയി വർധിപ്പിച്ചു.
ഡോ. ആയിഷ ഇബ്രാഹിം അൽമൽകി
വിശാലമായ സ്ഥലമായതോടെ ഒരേസമയം, ഒന്നിലേറെ സംഘടനകൾക്കും കമ്യൂണിറ്റികൾക്കും രക്തദാന ക്യാമ്പ് നടത്തി ഹമദിന് ആവശ്യമായ രക്തം നൽകാൻ കഴിയും. നേരത്തേ മൊബൈൽ ബ്ലഡ് കലക്ഷൻ ട്രക്കുകളെ ആശ്രയിച്ചായിരുന്നു ഏറെയും രക്തശേഖരണം നടത്തിയിരുന്നത്. സ്ത്രീ-പുരുഷ ദാതാക്കൾക്ക് രക്തം നൽകാൻ പ്രത്യേകം സൗകര്യങ്ങളുണ്ട്. സ്വീകരണ ഇടം, കാത്തിരിപ്പു കേന്ദ്രം, അഭിമുഖ മുറികൾ, രക്തസ്വീകരണ മുറികൾ, വിശ്രമസ്ഥലം എന്നിവയെല്ലാം പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. ഇരുന്നൂറോളം വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലവും പ്രാർഥന കേന്ദ്രവും കഫേയും ഇവിടെ തയാറാണ്.
രക്തവും േപ്ലറ്റ്ലറ്റും ഉൾപ്പെടെ എല്ലാ ദാതാക്കളെയും ഇവിടെ കൈകാര്യം ചെയ്യാൻ കഴിയും. ഒരു ദിവസം ശരാശരി 80 ദാതാക്കൾ വരെ ബ്ലഡ് ഡോണർ സെന്ററിലെത്തുന്നുണ്ട്. അതേസമയം, നിർദിഷ്ട രക്തഗ്രൂപ്പുകൾ ആവശ്യമുള്ള ദിവസങ്ങളിൽ കൂടുതൽപേരും വരുന്നുണ്ട്. രക്തദാനത്തിൽ സജീവമായ മലയാളികൾ ഉൾപ്പെടെയുള്ള സംഘടനകളുടെ ഡ്രൈവിൽ കൂടുതൽപേർ ദിനംപ്രതി പങ്കെടുക്കാറുണ്ട്.
റമദാനിലും രക്തം നൽകാം
റമദാനിൽ വൈകീട്ട് ആറുമുതൽ രാത്രി 12 വരെയാണ് രക്തദാന കേന്ദ്രം പ്രവർത്തിക്കുന്നത്. റമദാൻ അല്ലാത്ത ദിനങ്ങളിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴുമുതൽ രാത്രി 9.30 വരെയും. ശനിയാഴ്ച എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെയും രക്തം നൽകാം. വെള്ളിയാഴ്ച അവധിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.