പുതിയ അലങ്കാര വിളക്കുകൾ; കോർണിഷ് കൂടുതൽ സുന്ദരിയാകും
text_fieldsദോഹ: ദോഹ കോർണിഷിനെ മോടിപിടിപ്പിക്കുന്നതിനായി പുതിയ അലങ്കാര വിളക്കുകൾ സ്ഥാപിക്കാനൊരുങ്ങി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ. കോർണിഷിലുടനീളം ഇത്തരത്തിൽ 2600 ലൈറ്റിങ് പോളുകൾ സ്ഥാപിക്കാനാണ് അശ്ഗാൽ പദ്ധതിയിട്ടിരിക്കുന്നത്. ദോഹ കോർണിഷ്, സെൻട്രൽ ദോഹ എന്നിവിടങ്ങളിൽ അലങ്കാര വിളക്കുകാലുകൾ സ്ഥാപിക്കുന്നതിനായി രണ്ട് കരാറുകളിൽ ഒപ്പുവെച്ചു. അശ്ഗാൽ പ്രസിഡൻറ് ഡോ. എൻജി. സഅദ് ബിൻ അഹ്മദ് അൽ മുഹന്നദി ചടങ്ങിൽ സംബന്ധിച്ചു.
ഖത്തറിെൻറ പാരമ്പര്യവും സ്വത്വവും പ്രകടമാക്കുന്ന അലങ്കാര വിളക്കുകാലുകൾ ദോഹയെ മനോഹരമാക്കും. ഈന്തപ്പന തടിയുടെയും ഈന്തപ്പനയോലയുടെയും മാതൃകയിലുള്ള വിളക്കുകാലുകളാണ് 10 കിലോമീറ്റർ നീളത്തിൽ സ്ഥാപിക്കുക. റാസ് ബൂ അബൂദ് പാലം മുതൽ ആരംഭിച്ച് ദോഹ സിറ്റിസ്കേപ് ഏരിയ വരെയുള്ള ഭാഗങ്ങളിലാണ് ഇവ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ മധ്യ ദോഹയിൽ രണ്ട് ചതുരശ്ര കിലോമീറ്റർ പരിധിയിലും സ്ഥാപിക്കും.
അറബ് എൻജിനീയറിങ് ബ്യൂറോയുടെ സഹകരണത്തോടെ ലൈറ്റ്നിങ് ഡിസൈൻ കമ്പനിയാണ് (എൽ.ഡി.സി) മനോഹരമായ ലൈറ്റിങ് പോൾ രൂപകൽപന ചെയ്തിരിക്കുന്നത്. പ്രാദേശിക നിർമാണ കമ്പനികൾക്കാണ് ഇവയുടെ വിതരണവും മെറ്റീരിയൽ നിർമാണവും നൽകിയിരിക്കുന്നത്. ഈന്തപ്പനയോലയുടെ മാതൃകയിലുള്ള ലൈറ്റുകൾ സ്ഥാപിക്കാൻ അൽ നസ്ർ ഹോൾഡിങ്ങിനാണ് കരാർ നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.