ഖത്തറിൽ പുതിയ നിയമം, എൻ.ഒ.സി ഇല്ലാതെ ജോലിമാറാം: തൊഴിൽമേഖലയിൽ പുതുയുഗപ്പിറവി
text_fieldsദോഹ: ഖത്തറിലെ പുതിയ 'മിനിമം വേതന നിയമം' ഈ മേഖലയിലെ പുതുയുഗപ്പിറവിയാണ്. കഴിഞ്ഞദിവസം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് പുതിയ തൊഴിൽ നിയമം അംഗീകരിച്ച് ഉത്തരവിറക്കിയത്. നിയപ്രകാരം എൻ.ഒ.സി ഇല്ലാതെ തന്നെ തൊഴിലാളിക്ക് തൊഴിൽമാറാൻ കഴിയും. ഗാർഹിക ജോലിക്കാരടക്കം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ മിനിമം വേതനം നൽകണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും ഇതിന് പുറമെ നൽകാനും നിയമം അനുശാസിക്കുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം കഴിയുന്നതോടെയാണ് നിയമം പ്രാബല്യത്തിൽ വരുക.
മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്യും. മിഡിലീസ്റ്റിൽ ഇത്തരം നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ.എൻ.ഒ.സി ഇല്ലാതെയുള്ള തൊഴിൽ മാറ്റം തൊഴിലാളിക്കും തൊഴിലുടമക്കും ഏറെ നല്ലതാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലുള്ള തൊഴിൽ കരാർ കഴിയുന്നതിന് മുമ്പ് തന്നെ തൊഴിൽ ഉടമയുടെ എൻ.ഒ.സി ഇല്ലാതെ തന്നെ ജോലി മാറാൻ കഴിയും. എന്നാൽ ഇത് നിബന്ധനകൾക്ക് വിധേയമാണ്. നിയമം നടപ്പാകുന്നതോടെ എൻ.ഒ.സി സമ്പ്രദായം പൂർണമായും എടുത്തുകളയും. എന്നാൽ, വിവിധ ജോലികളുടെ സ്വഭാവമനുസരിച്ചാണ് എൻ.ഒ.സി എടുത്തുകളയുന്ന പ്രക്രിയ നടപ്പാക്കുന്നത്.
തൊഴിൽ വിപണിയിൽ പുതിയ ഉണർവ് വരുത്താൻ തൊഴിൽ പരിഷ്കരണത്തിന് സാധിക്കും. തൊഴിലാളിക്ക് മികച്ച തൊഴിൽ കണ്ടെത്തുന്നതിനും തൊഴിലുടമകൾക്ക് കഴിയും. പ്രാപ്തിയുമുള്ള ഉദ്യോഗാർഥികളെ തേടുന്നതിനും ഇത് സഹായകമാകും. എൻ.ഒ.സിയുമായി ബന്ധപ്പെട്ട് തൊഴിൽമന്ത്രാലയം വിശദാംശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതിലേക്ക്...
നിങ്ങൾ സ്വകാര്യമേഖലയിലെ ജോലിക്കാരനാണെങ്കിൽ
2004ലെ 14ാം നമ്പർ തൊഴിൽനിയമത്തിൻെറ പരിധിയിൽ വരുന്ന സ്വകാര്യമേഖലയിൽ ജോലിയെടുക്കുന്ന ആളാണ് നിങ്ങളെങ്കിൽ തൊഴിൽ ഉടമയെ മാറ്റണമെങ്കിലും ജോലി മാറണമെങ്കിലും താഴെ പറയുന്ന നടപടികൾ പാലിക്കണം.
1. തൊഴിൽ മന്ത്രാലയത്തിൻെറ സൈറ്റ് വഴി വിവരം തൊഴിൽ ഉടമക്ക് ഇ നോട്ടിഫിക്കേഷൻ നൽകണം. ഇതു നൽകുന്നതുമുതൽ നിങ്ങൾ നിലവിലുള്ള ജോലി വിടുന്നതുവരെയുള്ള കാലാവധി നോട്ടീസ് പീരിയഡ് ആണ്. ഈ കാലാവധിയിൽ നിലവിലുള്ള തൊഴിൽ ഉടമക്ക് കീഴിൽതന്നെ ജോലി ചെയ്യണം.
നിങ്ങൾ രണ്ടുവർഷമോ അതിൽ താെഴയോ ആണ് നിലവിലുള്ള ജോലി ചെയ്യുന്നതെങ്കിൽ തൊഴിൽ മാറുന്ന വിവരം ഒരു മാസം മുമ്പ് തന്നെ തൊഴിൽ ഉടമയെ അറിയിക്കണം.
രണ്ടുവർഷത്തിൽ അധികമായി നിങ്ങൾ ജോലി ചെയ്യുന്നുവെങ്കിൽ രണ്ടു മാസം മുമ്പാണ് വിവരമറിയിക്കേണ്ടത്.
2. https://www.adlsa.gov.qa/ എന്ന തൊഴിൽ മന്ത്രാലയത്തിൻെറ വെബ്സൈറ്റിലെ 'ഇ സർവിസസ് ആൻഡ് ഇ ഫോംസ്' എന്ന വിൻഡോവിലെ Notifying employer service, to change work place/ leaving the country എന്ന വിൻഡോവിൽ കയറിയാണ് തൊഴിലുടമക്ക് ഇ നോട്ടിഫിക്കേഷൻ നൽകേണ്ടത്. തൊഴിൽമന്ത്രാലയത്തിൻെറ 'ചേഞ്ച് ഓഫ് എംേപ്ലായർ ഫോറം', മുൻ തൊഴിൽ ഉടമയുമായുള്ള തൊഴിൽകരാറിൻെറ കോപ്പി (ഇത് തൊഴിൽ മന്ത്രാലയം സാക്ഷ്യ െപ്പടുത്തിയതായിരിക്കണം), കരാറിൻെറ അഭാവത്തിൽ ജോബ് ഓഫർ കത്ത്,
പുതിയ തൊഴിൽ ഉടമ നൽകുന്ന അറബിയിലുള്ള ജോബ് ഓഫർ ലെറ്റർ (നിങ്ങളെ പുതിയ തൊഴിലിനായി തെരെഞ്ഞടുക്കുന്നു എന്ന് പുതിയ തൊഴിൽ ഉടമ തൊഴിൽമന്ത്രാലയത്തെ അറിയിക്കുന്നതാവണം ഈ കത്ത്) എന്നിവ ഇ നോട്ടിഫിക്കേഷനൊപ്പം നൽകണം.
3. തൊഴിൽ മാറ്റം അംഗീകരിക്കപ്പെടുേമ്പാൾ തൊഴിൽമന്ത്രാലയത്തിൽനിന്ന് തൊഴിൽ ഉടമക്കും തൊഴിലാളിക്കും മൊൈബലിൽ എസ്.എം.എസ് ലഭിക്കും.
4. പുതിയ തൊഴിൽ ഉടമ തൊഴിൽമന്ത്രാലയത്തിൻെറ ഡിജിറ്റൽ ഓതൻറിക്കേഷൻ സിസ്റ്റം വഴി ഇലക്ട്രോണിക് തൊഴിൽകരാർ ശരിയാക്കണം.
5. പുതിയ തൊഴിൽ ഉടമ പുതിയ തൊഴിൽകരാറിൻെറ കോപ്പിയെടുത്ത് തൊഴിലാളിയുമായി ചർച്ച ചെയ്ത് ഇരുവിഭാഗവും അതിൽ ഒപ്പുവെക്കണം.
6. ഇരുവരും ഒപ്പുവെച്ച പുതിയ തൊഴിൽകരാർ മന്ത്രാലയത്തിൻെറ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. 60 റിയാൽ ഇതിന് ഫീസായി അടക്കുകയും വേണം.
7. പുതിയ തൊഴിൽകരാർ നിലവിൽ വന്നാൽ തൊഴിലുടമ പുതിയ ഖത്തർ തിരിച്ചറിയൽ കാർഡ് അഥവാ ക്യു.ഐ.ഡിക്കായി ആഭ്യന്തരമന്ത്രാലയത്തിൽ അപേക്ഷ നൽകണം.
ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയായാൽ തൊഴിലാളിക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനാകും. തൊഴിലാളിക്ക് തൊഴിൽ ഉടമ പുതിയ ഖത്തർ ഐഡിയും ഹെൽത്ത് കാർഡും ലഭ്യമാക്കണം.
പ്രൊബേഷൻ പീരിയഡിലാണെങ്കിൽ?
നിലവിലുള്ള ജോലിയിൽ പ്രൊബേഷൻ പീരിയഡിൽ ഉള്ള ജോലിക്കാരൻ ജോലി മാറുന്നതിന് മന്ത്രാലയത്തിൻെറ ൈസറ്റ് വഴി തൊഴിൽ ഉടമക്ക് ഒരുമാസം മുമ്പ് ഇ നോട്ടിഫിക്കേഷൻ നൽകണം.
പ്രൊബേഷനിലുള്ളയാൾ ജോലി മാറുകയാണെങ്കിൽ പുതിയ തൊഴിൽ ഉടമ നിലവിലുള്ള തൊഴിൽ ഉടമക്ക് ജീവനക്കാരൻെറ റിക്രൂട്ട്മെൻറ് ഫീസിൻെറ ഒരു ഭാഗം നഷ്ടപരിഹാരമായി നൽകണം. ഈ സാഹചര്യത്തിൽ മടക്കവിമാനടിക്കറ്റ് പുതിയ തൊഴിൽ ഉടമയാണ് ജീവനക്കാരന് നൽകേണ്ടത്. ഇവ രണ്ടും കൂടി നിലവിലുള്ള ജീവനക്കാരൻെറ രണ്ട് മാസത്തെ അടിസ്ഥാനശമ്പളത്തിൻെറ തുകയേക്കാൾ കൂടരുത്.
നോട്ടീസ് പീരിയഡ് പൂർത്തിയാക്കാതിരുന്നാൽ?
നോട്ടീസ് പീരിയഡ് പൂർത്തിയാക്കാതെയാണ് നിങ്ങൾ ജോലി വിടുന്നതെങ്കിൽ നിലവിലുള്ള തൊഴിൽ ഉടമക്ക് നിങ്ങൾ നോട്ടീസ് പീരിയഡിലെ ഓരോ ദിവസത്തെയും തുക നൽകേണ്ടി വരും. അടിസ്ഥാനശമ്പളവും നോട്ടീസ് പിരിയഡിൻെറ ബാക്കിയുള്ള ദിവസങ്ങളും കൂടി കണക്കിലെടുത്താണ് നിങ്ങൾ അടക്കേണ്ട തുക നിശ്ചിയിക്കുന്നത്.
ഉദാഹരണത്തിന് അടിസ്ഥാന ശമ്പളം മാസം 1500 റിയാൽ ആവുകയും നോട്ടീസ് പീരിയഡിൻെറ രണ്ടാഴ്ച മുമ്പ് ജോലി വിടുകയും ചെയ്യുകയാണെങ്കിൽ നിങ്ങൾ നിലവിലുള്ള തൊഴിൽ ഉടമക്ക് 750 റിയാൽ നൽകണം. എങ്കിലേ നിലവിലുള്ള തൊഴിൽ കരാർ നിയമപരമായി റദ്ദാക്കാൻ കഴിയൂ.
പുതിയ തൊഴിൽ ഉടമക്ക് ഏതെങ്കിലും തരത്തിലുള്ള ഫീസ് നൽകേണ്ടതുണ്ടോ?
ഇല്ല. തൊഴിൽമാറ്റം എന്നത് ഒരു തരത്തിലുള്ള ഫീസും നൽകേണ്ടാത്ത പ്രക്രിയ ആണ്. തൊഴിൽ മാറുേമ്പാൾ പുതിയ തൊഴിൽ ഉടമക്ക് തൊഴിലാളി ഒരു തരത്തിലുള്ള ഫീസും നൽകേണ്ടതില്ല. ഖത്തർ ഐഡി, ഹെൽത്ത് കാർഡ് തുടങ്ങിയ ഒരു കാര്യത്തിനും പണം നൽകേണ്ടതില്ല.
തൊഴിൽ കരാറിൽ നിബന്ധന ഉണ്ടെങ്കിൽ ജോലി മാറ്റം സാധ്യമാണോ?
തൊഴിൽ കരാറിൽ ചില പ്രത്യേക സാഹചര്യത്തിൽ മാത്രമേ തൊഴിൽ ഉടമക്ക് പ്രത്യേക നിബന്ധനകൾ ചേർക്കാൻ കഴിയൂ. ബിസിനസ് രഹസ്യകാര്യങ്ങൾ നിങ്ങൾക്ക് അറിയുക, തൊഴിൽ ഉടമയുടെ ഇടപാടുകാരെ ജീവനക്കാരന് അറിയുക എന്നീ സാഹചര്യത്തിൽ മാത്രമേ ഇത്തരത്തിൽ നിബന്ധനകൾ തൊഴിൽകരാറിൽ ഉൾെപ്പടുത്താൻ കഴിയൂ. ജീവനക്കാരൻ വഹിക്കുന്ന പദവിക്ക് അനുസരിച്ച് മാത്രമായിരിക്കും ഇത്. ഇത്തരം സാഹചര്യത്തിൽ തൊഴിൽകരാർ റദ്ദാക്കിയാൽ പിന്നെ മുൻ തൊഴിൽ ഉടമയുമായി, അതേ സ്വഭാവത്തിലുള്ള ബിസിനസിൽ ഏർപ്പെട്ട് മൽസരിക്കുന്ന തരത്തിൽ നിങ്ങൾക്ക് പ്രവർത്തിക്കാനാകില്ല. എന്നാൽ, ജോലി വിട്ട് ഒരു വർഷത്തിന് മുമ്പുള്ള കാലാവധിയിൽ മാത്രമേ ഇത് ബാധകമാകൂ. അതായത് തൊഴിൽകരാറിൽ പ്രത്യേക നിബന്ധന ഉണ്ടായാലും ജോലി വിട്ട് ഒരു വർഷത്തിന് ശേഷം സമാനമായ ബിസിനസിൽ നിങ്ങൾക്ക് ഏർപ്പെടാൻ കഴിയും. െതാഴിൽ കരാറിലെ പ്രത്യേക നിബന്ധനകൾ ഉണ്ടാവുന്ന ഘട്ടത്തിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് തൊഴിൽമന്ത്രാലയം പിന്നീട് കൂടുതൽ നിർദേശങ്ങൾ നൽകും.
ജോലി മാറുേമ്പാൾ ആനുകൂല്യങ്ങൾ കിട്ടുമോ?
നിലവിലുള്ള ജോലിയിൽ നിങ്ങൾ ഒരു വർഷമെങ്കിലും ആയിട്ടുണ്ടെങ്കിൽ നിങ്ങൾ തൊഴിൽ മാറുകയാണെങ്കിൽ നിലവിലുള്ള തൊഴിൽ കരാർ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കാൻ നിങ്ങൾ അർഹനാണ്. എൻഡ് ഓഫ് സർവിസ് ആനുകൂല്യങ്ങൾ, വാർഷിക അവധി തുടങ്ങിയ ആനുകൂല്യങ്ങൾക്ക് നിങ്ങൾ അർഹനാണ്.
ശമ്പളം കിട്ടുന്നില്ലെങ്കിൽ നോട്ടീസ് നൽകാതെ ജോലി മാറാം
തൊഴിൽ ഉടമ അദ്ദേഹത്തിൻെറ നിയമപരമായ ബാധ്യതകൾ നിറവേറ്റുന്നില്ലെങ്കിൽ മുന്നറിയിപ്പ് നോട്ടീസ് നൽകാതെ തന്നെ തൊഴിലാളിക്ക് പുതിയ ജോലിയിലേക്ക് മാറാൻ അവകാശമുണ്ട്. ശമ്പളം നൽകാതിരിക്കുന്നതടക്കമുള്ള ഘട്ടത്തിൽ തൊഴിൽ നിയമത്തിൻെറ ആർട്ടിക്കിൾ 51 പ്രകാരം നോട്ടീസ് നൽകാതെ തന്നെ തൊഴിൽ മാറാനാകും. ഇതിന് തൊഴിലാളി തൊഴിൽമന്ത്രാലയത്തിൻെറ ലേബർ റിലേഷൻസ് വകുപ്പിന് പരാതി നൽകിയിരിക്കണം. ഇത്തരം ഘട്ടത്തിൽ നിങ്ങൾക്ക് കുടിശ്ശികയായ വേതനം പൂർണമായി ലഭിക്കാൻ അവകാശമുണ്ട്. ഒരുവർഷത്തിൽ കൂടുതലായി നിങ്ങൾ ജോലി ചെയ്യുന്നുവെങ്കിൽ സർവിസ് ഗ്രാറ്റിവിറ്റിയും ലഭിക്കാൻ അർഹതയുണ്ട്. നിങ്ങൾ ഖത്തർ വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് മടക്ക വിമാനടിക്കറ്റ് നൽകാനും തൊഴിലുടമ ബാധ്യസ്ഥനാണ്.
ഖത്തറിലേക്ക് തിരിച്ചുവരാൻ കഴിയാതിരിക്കുമോ?
നോട്ടീസ് പീരിയഡ് പൂർത്തിയാക്കാതെയോ തൊഴിലുടമക്ക് നിയമപരമായ അറിയിപ്പ് നൽകാതെയോ നിങ്ങൾ ഖത്തറിൽ നിന്ന് പോവുകയാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ നിങ്ങൾക്ക് ജോലിക്കായി രാജ്യത്തേക്ക് മടങ്ങിവരാൻ കഴിയില്ല. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ താഴെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
1. പ്രൊബേഷൻ പീരിയഡിൽ ഖത്തർ വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അക്കാര്യം തൊഴിൽ ഉടമയെ മന്ത്രാലയത്തിൻെറ ഇ–നോട്ടിഫിക്കേഷൻ പ്രകാരം മുൻകൂട്ടി അറിയിക്കണം. നിങ്ങളുടെ നോട്ടീസ് പിരിയഡ് തൊഴിൽ ഉടമയുമായി േചർന്ന് സമ്മതിക്കാം. എന്നാൽ ഇത് രണ്ടുമാസത്തിൽ കൂടാൻ പാടില്ല.
2. നോട്ടീസ് പിരിയഡ് കഴിയുന്നതിന് മുേമ്പ ഖത്തർ വിടണമെങ്കിൽ തൊഴിൽ ഉടമക്ക് നിങ്ങൾ നഷ്ടപരിഹാരം നൽകേണ്ടിവരും. ബാക്കിയുള്ള നോട്ടീസ് പീരിയഡിൻെറ ദിവവസങ്ങളും നിങ്ങളുെട അടിസ്ഥാന ശമ്പളവും കണക്കാക്കിയാണ് ഈ തുക തീരുമാനിക്കുക. എന്നാൽ ഈ തുക രണ്ടുമാസത്തെ അടിസ്ഥാനശമ്പളത്തിൻെറ തുകയേക്കാൾ കൂടാൻപാടില്ല.
3. പ്രബേഷൻ പിരിയഡിന് ശേഷമാണ് ഖത്തർ വിടുന്നതെങ്കിൽ നിങ്ങൾ രണ്ട് വർഷമോ അതിൽ കുറവോ കാലമാണ് ജോയി ചെയ്യുന്നതെങ്കിൽ ജോലി വിടുന്ന കാര്യം തൊഴിൽ ഉടമയെ ഒരുമാസം മുേമ്പ ഇ നോട്ടിഫിക്കേഷൻ പ്രകാരം അറിയിക്കണം.
4. രണ്ട് വർഷത്തിൽ അധികമായി ജോലി ചെയ്യുന്നുവെങ്കിൽ രണ്ട് മാസം മുമ്പാണ് വിവരം തൊഴിൽ ഉടമയെ അറിയിക്കേണ്ടത്.
5. നോട്ടീസ് പീരിയഡ് കണക്കാക്കാതെ ഖത്തർ വിടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ തൊഴിൽഉടമക്ക് നിങ്ങൾ നഷ്ടപരിഹാരം നൽകണം. അടിസ്ഥാനശമ്പളവും നോട്ടീസ് പീരിയഡിൽ ബാക്കിയുള്ള കാലവും കണക്കാക്കിയുള്ളതായിരിക്കും ഈ തുക.
എൻെറ തൊഴിൽകരാർ തൊഴിൽ ഉടമക്ക് റദ്ദാക്കാൻ കഴിയുമോ?
അതെ, നിങ്ങളുെട തൊഴിൽകരാർ റദ്ദാക്കാൻ തൊഴിൽഉടമക്ക് അവകാശമുണ്ട്.
1. നിങ്ങൾ പ്രൊബേഷൻ പീരിയഡിൽ ആണെങ്കിൽ നിങ്ങൾ ജോലിക്ക് അനുയോജ്യനല്ലെന്ന് തൊഴിൽഉടമക്ക് ബോധ്യപ്പെടുകയാണെങ്കിൽ മന്ത്രാലയത്തിൻെറ ഇ നോട്ടിഫിക്കേഷൻ പ്രകാരം ഒരുമാസം മുെമ്പങ്കിലും നിങ്ങൾക്ക് അറിയിപ്പ് നൽകിയതിന് ശേഷം നിങ്ങളെ പിരിച്ചുവിടാനാകും. ഇതുമൂലം നിങ്ങൾ നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് മടക്കവിമാനടിക്കറ്റ് തൊഴിൽ ഉടമ നൽകണം.
2. പ്രൊബേഷൻ പീരിയഡ് കഴിഞ്ഞാണ് പിരിച്ചുവിടുന്നതെങ്കിൽ തൊഴിലുടമ ജീവനക്കാരനെ മന്ത്രലയം വഴി ഇ–നോട്ടിഫിക്കേഷൻപ്രകാരം അറിയിക്കണം.
രണ്ട് വർഷമോ അതിൽ കുറവോ ആണ് നിങ്ങൾ ജോലിയിൽ എങ്കിൽ നോട്ടീസ് പീരിയഡ് ഒരുമാസം ആയിരിക്കും.
രണ്ടുവർഷത്തിൽ കൂടുതൽ ആണ് ജോലിയിൽ എങ്കിൽ നോട്ടീസ് പീരിഡ് രണ്ട് മാസം ആയിരിക്കും.
നോട്ടീസ് കാലയളവിൽ തൊഴിലുടമയും തൊഴിലാളിയും തൊഴിൽകരാർ പ്രകാരമുള്ള നിബന്ധനകൾ പാലിച്ചിരിക്കണം.
നോട്ടീസ് പീരിഡ് നൽകാതെ പിരിച്ചുവിടാമോ?
നോട്ടീസ് പീരിയഡ് നൽകാതെ തൊഴിൽ കരാർ റദ്ദാക്കുന്നുവെങ്കിൽ ഇതിനനുസരിച്ചുള്ള അടിസ്ഥാനശമ്പളത്തിൻെറ തുക നഷ്ടപരിഹാരമായി തൊഴിൽ ഉടമ തൊഴിലാളിക്ക് നൽകണം.
നിങ്ങളുെട അടിസ്ഥാനശമ്പളം 1500 റിയാൽ ആയിരിക്കുകയും ഒരു മാസത്തെ നോട്ടീസ് പീരിയഡിൻെറ രണ്ട് ആഴ്ച മുമ്പ് ജോലി വിടാൻ തൊഴിൽഉടമ ആവശ്യപ്പെടുകയും ചെയ്താൽ ജീവനക്കാരന് 750 റിയാൽ ആണ് തൊഴിൽഉടമ നഷ്ടപരിഹാരമായി നൽകേണ്ടത്. എങ്കിൽ മാത്രമേ നിയമപരമായി തൊഴിൽകരാർ റദ്ദാക്കാൻ തൊഴിൽ ഉടമക്ക് സാധ്യമാകൂ.
തൊഴിൽ കരാർ റദ്ദാക്കെപ്പട്ടാൽ മടക്ക വിമാനടിക്കറ്റ് കിട്ടുമോ?
1. തൊഴിൽ കരാർ റദ്ദാക്കുകയാണെങ്കിൽ നിങ്ങൾക്ക് സ്വന്തം രാജ്യത്ത് എത്താനുള്ള വിമാനടിക്കറ്റ് അടക്കമുള്ള നടപടികളുെട ചെലവ് തൊഴിൽ ഉടമയാണ് വഹിക്കേണ്ടത്. തൊഴിൽകരാർ കാലാവധി കഴിയുന്നതിന് രണ്ട് ആഴ്ച മുമ്പ് തെന്ന ഇത് തൊഴിൽ ഉടമ ചെയ്തിരിക്കണം. എന്നാൽ, രാജ്യം വിടുന്നതിന് മുമ്പ് പുതിയ ജോലിയിൽ പ്രവേശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നാട്ടിലേക്കുള്ള വിമാനടിക്കറ്റ് അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ട ബാധ്യത പുതിയ തൊഴിൽ ഉടമക്കായിരിക്കും.
2. ജോലിക്കാരൻെറ ആവശ്യപ്രകാരം തൊഴിൽ കരാർ റദ്ദാക്കുകയും ജീവനക്കാരൻ നോട്ടീസ് പിരിയഡ് പരിഗണിക്കുകയും ചെയ്താൽ മടക്ക വിമാനടിക്കറ്റിൻെറ ഒരു ഭാഗം മാത്രമേ തൊഴിൽ ഉടമ വഹിക്കേണ്ടതുള്ളൂ.
രണ്ടു വർഷത്തെ തൊഴിൽ കരാർ ഒരു വർഷത്തെ ജോലിക്ക് ശേഷം റദ്ദാക്കുകയാണെങ്കിൽ മടക്കവിമാനടിക്കറ്റിൻെറ പകുതി മാത്രം തൊഴിൽ ഉടമ നൽകിയാൽ മതി.
ഗാർഹിക തൊഴിലാളികളുടെ ജോലി മാറ്റം
ഗാർഹിക ജോലിക്കാരടക്കമുള്ള സ്പെഷൽ നിയമത്തിൻെറ പരിധിയിൽ വരുന്നവരുടെ ജോലി മാറ്റം ഇങ്ങനെയാണ്. മറ്റ് ജോലിക്കാരുെട തൊഴിൽമാറ്റം പോലെ തന്നെയാണ് ഇവരുടെ തൊഴിൽമാറ്റത്തിൻെറ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും. ഗാർഹികജോലിക്കാരുടെ പ്രൊബേഷൻ പീരിയഡ് മൂന്ന് മാസത്തിൽ കൂടാൻ പാടില്ല. ഒരു തൊഴിൽ ഉടമക്ക് കീഴിൽ ഒരു ഗാർഹിക തൊഴിലാളിക്ക് ഒരു പ്രൊബേഷൻ പിരിയഡ് മാത്രമേ പാടുള്ളൂ.
തൊഴിൽ കരാറിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാതിരിക്കുയോ ഗാർഹികതൊഴിലാളികളുമായി ബന്ധപ്പെട്ട 2017ലെ 15ാം നമ്പർ നിയമത്തിൽ വിവരിക്കുന്ന കാര്യങ്ങളിൽ ലംഘനമോ നടന്നിട്ടുണ്ടെങ്കിൽ തൊഴിലുടമക്ക് ഗാർഹിക തൊഴിലാളിയുടെ തൊഴിൽ കരാർ റദ്ദാക്കാം. മുന്നറിയിപ്പ് നൽകാതെയും സർവിസ് ഗ്രാറ്റിവിറ്റി നൽകാതെയും ഏകപക്ഷീയമായി കരാർ റദ്ദാക്കാൻ തൊഴിലുടമക്ക് കഴിയും.
ഇതുപോലെ തന്നെ ഏകപക്ഷീയമായി ഗാർഹിക തൊഴിലാളിക്കും തൻെറ തൊഴിൽകരാർ റദ്ദാക്കാനുള്ള അവകാശമുണ്ട്. അങ്ങനെ ചെയ്യുകയാണെങ്കിൽ സർവിസ് ഗ്രാറ്റിവിറ്റി, മടക്കവിമാനടിക്കറ്റ് എന്നിവ നൽകാൻ തൊഴിൽ ഉടമ ബാധ്യസ്ഥനാണ്. എന്നാൽ 2017ലെ 15ാം നമ്പർ 'ഡൊമസ്റ്റിക് വർക്കേഴ്സ് നിയമ'ത്തിൽ പറഞ്ഞ കാര്യങ്ങൾ പാലിച്ചായിരിക്കും ഇത്.
കാർഷിക, ആടുമേക്കൽ, മത്സ്യതൊഴിലാളികൾ?
കാർഷികമേഖലയിലെ തൊഴിലാളികൾ, ആട് മേയ്ക്കുന്നവർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരുടെ തൊഴിൽമാറ്റമടക്കമുള്ളവയും സ്വകാര്യമേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച 2004ലെ 14ാം നമ്പർ നിയമമനുസരിച്ചുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.