ഈത്തപ്പഴം സുലഭമാക്കാൻ പുതുപദ്ധതികൾ
text_fieldsദോഹ: ഈത്തപ്പഴ ഉൽപാദനം വർധിപ്പിക്കുന്നതിനും ഉണക്കി സംസ്കരിക്കുമ്പോഴുള്ള അവശിഷ്ടം കുറക്കുന്നതിനുമായി നൂതനപദ്ധതികൾ വികസിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ കാർഷിക ഗവേഷണ വകുപ്പ്. ഉൽപാദനം വർധിപ്പിക്കുന്നതിനായി 45 ശതമാനം വരെ കാര്യക്ഷമതയുള്ള നൂതന ജലസേചന സംവിധാനമാണ് സജ്ജീകരിച്ചത്. പാകമായ ഈത്തപ്പഴങ്ങളുടെ സംസ്കരണത്തിൽ അവശിഷ്ടങ്ങൾ കുറക്കുന്നതിനായി മൂന്നാം തലമുറ പോളി കാർബണേറ്റ് ഡ്രൈയിങ് ഹൗസും കാർഷിക ഗവേഷണവകുപ്പ് വികസിപ്പിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ (ഐ.സി.ആർ.ഡി.എ) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജി.സി.സി രാജ്യങ്ങളിലെ ഈന്തപ്പനകൾക്കായുള്ള സുസ്ഥിര ഉൽപാദന സംവിധാനങ്ങൾ വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് രണ്ട് സംവിധാനങ്ങളും വികസിപ്പിച്ചെടുത്തത്.
ജല ഉപഭോഗം കുറക്കുന്നതിന് സബ്സർഫേസ് ഡ്രിപ് ഇറിഗേഷൻ, ഡ്രിപ് ഇറിഗേഷൻ, ലോ-പ്രഷർ ഇറിഗേഷൻ രീതികൾ തുടങ്ങിയ സംവിധാനങ്ങളടങ്ങിയ കാര്യക്ഷമമായ ജലസേചന സംവിധാനമാണ് പദ്ധതിയിലേക്കുള്ള ഖത്തറിന്റെ സംഭാവനയെന്ന് കാർഷിക ഗവേഷണ വകുപ്പ് മേധാവി ഹമദ് സകീത് അൽ ഷമ്മാരി പറഞ്ഞു. ഈത്തപ്പഴത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉണക്കുമ്പോൾ മാലിന്യങ്ങൾ കുറക്കുന്നതിനും സഹായിക്കുന്ന മൂന്നാം തലമുറ പോളി കാർബണേറ്റ് ഡ്രൈയിങ് ഹൗസാണ് (പി.ഡി.എച്ച്).
ഈത്തപ്പഴം ഉൽപാദനത്തിനായുള്ള തന്മാത്ര സാങ്കേതികതകൾ, വിള പരിപാലനം, വിളവെടുപ്പിന് ശേഷമുള്ള പരിചരണം എന്ന വിഷയത്തിൽ നടന്ന പ്രാദേശിക ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈന്തപ്പനകൾക്കായുള്ള സുസ്ഥിര ഉൽപാദന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിലുൾപ്പെടുന്ന ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള പങ്കാളികൾക്കായി ഐ.സി.ആർ.ഡി.എയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൂന്നാം തലമുറ പോളി കാർബണേറ്റ് ഡ്രൈ ഹൗസ് വികസിപ്പിച്ച ഡ്രൈ ഡേറ്റ് ടെക്നിക്കിൽ കൂടുതൽ മുന്നേറിയെന്നും ഇത് ചില ഫാമുകളുമായി പങ്കുവെച്ചതായും മറ്റു ഫാമുകളിലും ഇത് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അൽ ഷമ്മാരി വ്യക്തമാക്കി.
പ്രാദേശിക വിപണികളിൽ വലിയ ആവശ്യകത ഉള്ളതിനാൽ വാണിജ്യ ആവശ്യങ്ങൾക്കായി ഖലസ്, ബർഖി, ഖനീജി, ഷീഷി, ലുലു തുടങ്ങിയ മികച്ച ഇനം ഈന്തപ്പനകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.