വർണക്കാഴ്ചകളും ഫലസ്തീനുമായി പുതുവർഷപ്പിറവി
text_fieldsദോഹ: ലുസൈലിലായിരുന്നു ഞായറാഴ്ച രാത്രി ഖത്തറിൽ പുതുവർഷം പിറന്നത്. ആകാശത്ത് മഴവിൽ വർണം തീർത്ത വെടിക്കെട്ടുകളും പുതുവത്സര ആശംസകൾ നേർന്ന് ഡ്രോണുകളും വിസ്മയം തീർത്ത രാവിനെ സാക്ഷിയാക്കി ഖത്തറിൽ പുതുവർഷമെത്തി. ഞായറാഴ്ച രാത്രിയോടെതന്നെ ദോഹയിലെയും വക്റയിലെയും അൽഖോറിലെയും റോഡുകൾ ലുസൈലിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു. മറ്റിടങ്ങളിലെല്ലാം പുതുവത്സര ആഘോഷം മാറ്റിവെച്ചപ്പോൾ ലുസൈൽ ബൊളെവാഡ് കാത്തുവെച്ച സന്തോഷ നിമിഷങ്ങൾ നേരിട്ടുകണ്ട് ആസ്വദിക്കാനായി ജനത്തിന്റെ ഒഴുക്ക്. സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളുമെല്ലാം ഇടതടവില്ലാതെ ഒഴുകിയെത്തിയ രാത്രിയിൽ എട്ടു മണിയോടെതന്നെ ലുസൈൽ നഗരി ജനനിബിഡമായി മാറി. ലേസർ ഷോയോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം.
ഗതാഗതത്തിരക്ക് ഭയന്ന് കിലോമീറ്ററുകൾ ദൂരെ സുരക്ഷിതമായി വാഹനം പാർക്ക് ചെയ്തായിരുന്നു പലരുടെയും യാത്രകൾ. ലുസൈൽ സ്റ്റേഷനിൽനിന്നുള്ള ദോഹ മെട്രോ സർവിസ് പുലർച്ച 1.30 വരെ സർവിസ് നടത്തുമെന്ന അറിയിപ്പ് എത്തിയതിന് പിന്നാലെ ആയിരങ്ങൾ മെട്രോ വഴിയും പുതുവർഷം ആഘോഷിക്കാനെത്തി.
രാത്രി 10 മണി കഴിഞ്ഞതോടെ ലോകകപ്പ് ഫുട്ബാൾ വേളകളെ അനുസ്മരിപ്പിക്കും വിധം ലുസൈൽ ബൊളെവാഡും പരിസരവും പതിനായിരത്തോളം പേരെക്കൊണ്ട് തിങ്ങിനിറഞ്ഞു. ബൊളെവാഡ് സ്ട്രീറ്റും സമീപസ്ഥലങ്ങളും വെടിക്കെട്ട് കാഴ്ചക്കാരാൽ സജീവമായി. സംഗീതവും ആഘോഷവും ലൈറ്റ് ഷോകളും നിറഞ്ഞ രാത്രി. സമയം 11.30 പിന്നിട്ടതിനു പിന്നാലെ എല്ലാവരുടെയും കണ്ണുകൾ ബൊളെവാഡിലെ ഇരട്ട ടവറുകളിലേക്കായി. ഏതാനും മിനിറ്റുകൾ കഴിഞ്ഞതിന് പിന്നാലെ പറന്നുയർന്ന ഡ്രോണുകൾ ആകാശത്ത് വിസ്മയ ദൃശ്യങ്ങൾക്ക് തുടക്കം കുറിച്ചു. സമാധാനത്തിന്റെ വെള്ളരി പ്രാവുകളും പൂക്കളും വിരിയിച്ച് അവ ഖത്തർ ദേശീയപതാകയും ഒപ്പം ഫലസ്തീൻ ദേശീയപതാകയുമായി മാറിയപ്പോൾ ആയിരങ്ങളുടെ ആരവങ്ങളുയർന്നു.
ലോകം പുതുവർഷം ആഘോഷിക്കുമ്പോൾ യുദ്ധമുഖത്ത് വേദനിക്കുന്ന ഫലസ്തീനികളെ ചേർത്തുപിടിച്ചുകൊണ്ടായിരുന്നു ഖത്തറിന്റെ പുതുവത്സര ആഘോഷം. സമയം 11.59ന് കടന്നതിനു പിന്നാലെ പത്തുനിമിഷം കൗണ്ട് ഡൗൺ എണ്ണി 2024 തെളിഞ്ഞ് വെടിക്കെട്ടിന്റെ തകർപ്പൻ കാഴ്ചകളോടെ പുതുവർഷത്തിലേക്ക്.
ലുസൈലിലെ പുതുവർഷാഘോഷത്തിനിടെ ഡ്രോൺ ഷോയിൽ ഖത്തറിന്റെയും ഫലസ്തീനിന്റെയും ദേശീയ പതാകകൾ തെളിഞ്ഞപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.