ഇന്നുമുതൽ എയർബബ്ൾ ഇല്ല; സർവിസ് കൂട്ടി വിമാനക്കമ്പനികൾ
text_fieldsദോഹ: രണ്ടു വർഷത്തോളം നീണ്ട 'എയർ ബബ്ൾ' കുമിളയിൽ നിന്നും മോചനം തേടി വിമാനയാത്ര ഞായറാഴ്ച മുതൽ സുഗമമാവുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്തര വിമാനയാത്രക്ക് ഏർപ്പെടുത്തിയ നിയന്ത്രണമായ എയർ ബബ്ൾ ഞായറാഴ്ച അവസാനിക്കുന്നതോടെ, ഖത്തർ ഉൾപ്പെടെ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള വിമാനയാത്ര കൂടുതൽ അനായാസമാവും.
കോവിഡിനെ തുടർന്ന് 2020 മാർച്ചോടെയാണ് ഇന്ത്യ അന്താരാഷ്ട്ര യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
എന്നാൽ, വിവിധ രാജ്യങ്ങളുമായി എയർ ബബ്ൾ കരാർ ഉണ്ടാക്കി നിയന്ത്രണങ്ങളോടെ ഈ കാലയളവിൽ വിമാന സർവിസ് നടത്തിയിരുന്നു. ഇതുമൂലം നിശ്ചിത എണ്ണം വിമാനങ്ങൾ മാത്രമായിരുന്നു സർവിസ് നടത്തിയിരുന്നത്.
തിങ്കളാഴ്ച യാത്രാവിലക്ക് പൂർണമായും നീങ്ങുന്നതോടെയാണ് കൂടുതൽ വിമാനങ്ങൾ സർവിസ് നടത്തുന്നത്. ഇതോടെ വിമാനനിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
ഖത്തർ എയർവേസ്, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, വിസ്താര വിമാനങ്ങളാണ് എയർബബ്ളിൽ ഖത്തറിനും ഇന്ത്യക്കുമിടയിൽ കോവിഡ് കാലത്ത് സർവിസ് നടത്തിയത്. ബബ്ൾ കരാർ ഒഴിവാകുന്നതോടെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിൽ എയർ ഇന്ത്യ എക്സ്പ്രസ്, ഖത്തർ എയർവേസ് സർവിസുകളാണ് കൂടുതലായും വർധിക്കുന്നത്. അതേസമയം, ഷെഡ്യൂൾഡ് സർവിസിന് നിലവിൽ അനുമതിയില്ലാത്ത വിസ്താരക്ക് എയർ ബബ്ൾ കരാർ അവസാനിക്കുന്നതോടെ, പതിവ് സർവിസ് അനുമതിക്കായി കാത്തിരിക്കേണ്ടി വരും.
നിലവിൽ തിങ്കളാഴ്ച മുതൽ ദോഹയിൽ നിന്നും ഇന്ത്യയിലേക്ക് വിസ്താര ഷെഡ്യൂൾ ലഭ്യമല്ല.
അതേസമയം, തിങ്കളാഴ്ച മുതൽ ഖത്തർ എയർവേസ് ദോഹയിൽനിന്നും കേരളത്തിലെ മുഴുവൻ വിമാനത്താവളത്തിലേക്കുള്ള പ്രതിദിന സർവിസും പ്രഖ്യാപിച്ചു.
കോവിഡ് എയർ ബബ്ൾ കാരണം ആഴ്ചയിൽ അഞ്ചും ആറും സർവിസ് വരെയായിരുന്നു കൊച്ചിയിലേക്ക് നടത്തിയതെങ്കിൽ, മാറ്റത്തോടെ 10 മുതൽ 13 വരെ സർവിസുകളായി മാറും.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം റൂട്ടുകളിലാണ് ഖത്തർ എയർവേസ് കേരളത്തിലേക്ക് സർവിസ് നടത്തുന്നത്.
മുംബൈ, നാഗ്പുർ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, ബംഗളൂരു, അമൃത്സർ, അഹമ്മദാബാദ്, നാഗ്പുർ എന്നിവയാണ് ഇന്ത്യയിൽ സർവിസ് നടത്തുന്ന മറ്റുനഗരങ്ങൾ. തിങ്കളാഴ്ച മുതൽ ദോഹ-കൊച്ചി സെക്ടറിൽ പ്രതിദിനം രണ്ടുവിമാനങ്ങൾ വരെ ഖത്തർ എയർവേസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. കണക്ഷൻ സർവിസുകൾ ഉൾപ്പെടെ പ്രതിദിനം നാലും അഞ്ചും സർവിസുകളുമുണ്ട്.
ഉച്ചക്ക് 1.45നും രാത്രി 7.20നുമാണ് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനം. യാഥാക്രമം രാത്രി 8.45നും പുലർച്ച 2.20നുമായി ഇവ കൊച്ചിയിൽ ലാൻഡ് ചെയ്യും. കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസ് രാത്രി 7.35ന് ദോഹയിൽ നിന്നും പുറപ്പെട്ട് പുലർച്ച 2.30ന് നാട്ടിലെത്തും.
തിരികെ ദിവസവും ഉച്ച 3.40ന് പുറപ്പെട്ട് 5.25ന് ദോഹയിലുമെത്തും. കോവിഡിന് മുമ്പ് ആഴ്ചയിൽ 62,000 വരെ സീറ്റിങ്ങിനായിരുന്നു ഇന്ത്യയിൽനിന്നും ഖത്തർ എയർവേസിന് ട്രാവൽ അനുമതി. വൈകാതെ തന്നെ ഇതേ നിലയിലെത്തുമെന്നാണ് ട്രാവൽ വിദഗ്ധരുടെ പ്രതീക്ഷ.
ചൊവ്വ, ഞായർ ദിവസങ്ങൾ ഒഴികെ എല്ലാ ദിനങ്ങളിലുമായി എയർ ഇന്ത്യ എക്സ്പ്രസ് ദോഹ-കൊച്ചി സെക്ടറിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. രാത്രി 8.30ന് പുറപ്പെട്ട് പുലർച്ച 3.25ന് കൊച്ചിയിൽ ലാൻഡ് ചെയ്യും.
വ്യാഴം, ഞായർ ദിവസങ്ങൾ ഒഴികെ കണ്ണൂരിലേക്കും (രാത്രി 10.20ന് പുറപ്പെട്ട് പുലർച്ച അഞ്ചിന് ലാൻഡിങ്), ഞായറാഴ്ചയൊഴികെ കോഴിക്കോട്ടേക്കും (ഉച്ച 2.45ന് പുറപ്പെട്ട് രാത്രി 9.25ന് ലാൻഡിങ്), ശനി, തിങ്കൾ, ബുധൻ ദിവസങ്ങൾ ഒഴികെ തിരുവനന്തപുരത്തേക്കും (ഉച്ച 2.45ന് പുറപ്പെട്ട് രാത്രി 11.20ന് ലാൻഡിങ്) എയർ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
അതേസമയം, എയർ ബബ്ൾ കരാർ പ്രകാരം സജീവമായിരുന്നു ഇൻഡിഗോ എയർലൈൻസ് കൊച്ചി (പുലർച്ച 6.45ന് പുറപ്പെട്ട് ഉച്ച 1.50ന് ലാൻഡിങ്), കോഴിക്കോട് (രാവിലെ എട്ടിന് പുറപ്പെട്ട് ഉച്ച 2.50ന് ലാൻഡിങ്) വിമാനത്താവളങ്ങളിലേക്ക് ദിവസവും നേരിട്ട് സർവിസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
എയർ ബബ്ൾ കരാർ ഒഴിവായെങ്കിലും നിലവിൽ വിമാനനിരക്കിൽ കാര്യമായ കുറവുണ്ടായിട്ടില്ല.
റമദാൻ, പെരുന്നാൾ അവധിയും വെക്കേഷനുമായി പ്രവാസികളുടെ മടക്കയാത്ര സജീവമായപ്പോഴാണ് വിമാനയാത്ര പതിവുപോലെയാവുന്നത്. എന്നാൽ, യാത്രാനിരക്കിലെ കുറവ് ഉൾപ്പെടെ ഇതിന്റെ ആനുകൂല്യം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ട്രാവൽ മേഖലയിലുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.
'കഴിഞ്ഞദിവസങ്ങളിലും വരാനിരിക്കുന്ന ദിവസങ്ങളിലുമായി യാത്രക്കാരുടെ എണ്ണം കാര്യമായി വർധിച്ചതായി അക്ബർ ട്രാവൽസ് ദോഹ റീജനൽ മാനേജർ അൻഷദ് ഇബ്രാഹിം പറഞ്ഞു. എയർബബ്ൾ ഒഴിവാകുകയും ക്വാറന്റീൻ ഉൾപ്പെടെ കോവിഡ് കാല യാത്രാ നിയന്ത്രണങ്ങളിൽ അയവുവരുകയും ചെയ്ത സാഹചര്യത്തിൽ, കോവിഡിന് മുമ്പത്തെ പോലെ യാത്രക്കാരുടെ വരവും പോക്കും വർധിക്കുമെന്നും വിമാനനിരക്ക് വൈകാതെ കുറയുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.