ലഹരി വിമുക്ത ചികിത്സക്ക് സമീപിച്ചാൽ കേസെടുക്കില്ല
text_fieldsദോഹ: മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ചികിത്സക്കായി അധികൃതരെ സമീപിക്കുകയാണെങ്കിൽ അവർക്കെതിരെ ക്രിമിനൽ കേസുണ്ടാകുകയില്ലെന്ന് ആഭ്യന്തര മന്ത്രാലയം. മയക്കുമരുന്ന് ഉപയോഗത്തിന് അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിനും അവരെ ലഹരിമുക്തരാക്കുന്നതിനും നിയമസംവിധാനം പ്രത്യേക മാനുഷിക പരിഗണന നൽകുമെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഡ്രഗ് എൻഫോഴ്സ്മെൻറ് ജനറൽ ഡയറക്ടറേറ്റിലെ മാധ്യമ, ബോധവത്കരണ വിഭാഗം ഉദ്യോഗസ്ഥൻ ഫസ്റ്റ് ലെഫ്. അബ്ദുല്ല ഖാസിം പറഞ്ഞു. അപകടകരമായ ലഹരി ഉപയോഗത്തിൽനിന്ന് അതിന് അടിമപ്പെട്ടവരെ മുക്തരാക്കാൻ േപ്രാത്സാഹിപ്പിക്കുന്നതിനായി 'ലഹരിയും പ്രതിരോധ രീതികളും' എന്ന തലക്കെട്ടിൽ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ബോധവത്കരണ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിലെ പ്രവാസി സമൂഹങ്ങൾക്കായി ഡ്രഗ് എൻഫോഴ്സ്മെൻറ് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം വെബിനാർ സംഘടിപ്പിച്ചത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിയമത്തിലെ 38ാം ഖണ്ഡിക പ്രകാരം മയക്കുമരുന്ന്, ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവർ സ്വയമേ ചികത്സക്ക് ഹാജരാകുകയാണെങ്കിൽ അവർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാൻ പാടില്ലെന്നും ഫസ്റ്റ് ലെഫ്. അബ്ദുല്ല ഖാസിം പറഞ്ഞു.എന്നാൽ, ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത് മറച്ചുവെച്ചാൽ പരമാവധി ഒരു വർഷം തടവോ 10,000 റിയാൽ പിഴയും ആറു മാസം തടവോ ശിക്ഷയായി ലഭിക്കുമെന്നും ലഹരി ഉപയോഗിക്കുന്ന സംഭവ സ്ഥലത്ത് നിന്നും ഒരാളെ പിടികൂടുകയാണെങ്കിൽ 5000 റിയാലിൽ കുറയാത്ത പിഴയും ചുമത്തുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മിഡിലീസ്റ്റും നോർത്ത് ആഫ്രിക്കയും ഉൾപ്പെടുന്ന മിന മേഖലയിൽ മാത്രം അ ഞ്ചു ലക്ഷത്തിലധികം ലഹരി ഉപയോക്താക്കളുണ്ട്.
ഖത്തറിൽ ലഹരി ഉപയോഗിക്കുന്നവരെ മുക്തരാക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിൽ നൗഫാർ സെൻറർ എന്ന പേരിൽ പ്രത്യേക ചികിത്സാ പുനരധിവാസകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. രക്ഷിതാക്കളിൽനിന്നുള്ള അവഗണന, കുടുംബത്തിലെ ലഹരി ഉപയോഗിക്കുന്നവരുടെ സാന്നിധ്യം, ദുഷിച്ച കൂട്ടുകെട്ട്, തൊഴിലിലും വിദ്യാഭ്യാസത്തിലും നിരാശ സംഭവിക്കുക തുടങ്ങിയവ ലഹരി ഉപയോഗത്തിലേക്ക് ഒരാളെ എത്തിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരുന്നുകളുമായി യാത്ര ചെയ്യുന്നവർ തങ്ങളുടെ കൈവശം നിരോധിത മരുന്നുകളില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.