ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല
text_fieldsദോഹ: റമദാനിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക വിപണിയിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പരിശോധനകളടക്കമുള്ള നടപടികൾ ഊർജിതമാക്കി. പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് റമദാന് മുമ്പുതന്നെ സംയോജിത പദ്ധതിക്ക് ആരോഗ്യ മന്ത്രാലയം രൂപം നൽകിയിരുന്നു.
റമദാനിൽ ഉപയോഗിക്കുന്ന ഭക്ഷണത്തിന് ഉയർന്നതലത്തിലുള്ള സുരക്ഷ കൈവരിക്കുന്നതിന് ഭക്ഷ്യസുരക്ഷയിൽ ആരോഗ്യ നിയന്ത്രണം ശക്തമാക്കുന്നതിനുള്ള രണ്ട് ഘട്ടങ്ങൾ പദ്ധതിയിലുൾപ്പെടും. ഈ കാലയളവിൽ കൂടുതൽ പേർ എത്തുന്ന ഹൈപ്പർ മാർക്കറ്റുകളിലും ഹോട്ടലുകളിലും പരിശോധന ശക്തമാക്കുന്നതിലും മന്ത്രാലയം ശ്രദ്ധകേന്ദ്രീകരിക്കും.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ റമദാനിന് മുമ്പു തന്നെ 52 ഹൈപ്പർ മാർക്കറ്റുകളെ കേന്ദ്രീകരിച്ച് മന്ത്രാലയം പരിശോധന ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ പ്രധാന ഹൈപ്പർമാർക്കറ്റുകളും ഹോട്ടലുകളും മുൻകാല സന്ദർശന ഫലങ്ങളെ അടിസ്ഥാനമാക്കിയും പരിശോധന നടത്തും. ഹൈപ്പർമാർക്കറ്റുകളുടെ സ്ഥലങ്ങൾ തെരഞ്ഞെടുക്കുമ്പോൾ അവിടത്തെ ജനസാന്ദ്രതയും കണക്കിലെടുക്കുന്നുണ്ട്.
100 ശതമാനം ഹോട്ടലുകളും 90 ശതമാനം ഹൈപ്പർമാർക്കറ്റുകളും ഇലക്ട്രോണിക് ഫുഡ് സേഫ്റ്റി സിസ്റ്റം (വാഥിഖ്) വഴിയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തുക. ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷയെയും ഗുണനിലവാരത്തെയും ബാധിക്കുന്ന എല്ലാ വശങ്ങളും പരിശോധനയിലുൾപ്പെടുത്തുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ രസീത് മുതൽ ഭക്ഷണം കഴിക്കാൻ തയാറാക്കിയതിന്റെ പ്രദർശനം വരെയുള്ള മുഴുവൻ ഭക്ഷണ ശൃംഖലയും പരിശോധനാ വൃത്തത്തിലുൾപ്പെടും. പാചകം ചെയ്തതിനുശേഷവും തണുപ്പിച്ചതിനു ശേഷവും, പ്രദർശന സമയത്തും ഭക്ഷണത്തിന്റെ താപനില പരിശോധിക്കാനുള്ള ഉപകരണങ്ങളും പരിശോധന സമയത്തുപയോഗിക്കും. എണ്ണയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വറുത്ത എണ്ണ പരിശോധിക്കാനുള്ള പ്രത്യേക ഉപകരണവും അധികൃതരുടെ പക്കലുണ്ട്.
ഭക്ഷ്യസുരക്ഷയുടെ വ്യാപ്തിയും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതും ഉറപ്പുവരുത്താൻ സാമ്പിളുകൾ ശേഖരിച്ച് മന്ത്രാലയത്തിന്റെ കേന്ദ്ര ഭക്ഷ്യ ലാബിലേക്കയക്കുകയും ചെയ്യും. ഖത്തറിന്റെ കര, കടൽ, വ്യോമ അതിർത്തികളിൽ സാങ്കേതിക തടസ്സങ്ങളില്ലാതെ വിപണിയുടെ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന രീതിയിൽ ഫലപ്രദമായ നിയന്ത്രണവും ചരക്കുകളുടെ ഒഴുക്കും സാധ്യമാക്കുന്നതിന് 24 മണിക്കൂറും ആരോഗ്യ പരിശോധകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷ നിലനിർത്തുന്നതിനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അവബോധമുയർത്തുന്നതിനും ഭക്ഷ്യസുരക്ഷ വകുപ്പ് ബോധവൽക്കരണ പരിപാടിയും തയാറാക്കിയിട്ടുണ്ട്. ഹോട്ടലുകളിലും റദമാൻ ടെന്റുകളിലും ബോധവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതോടൊപ്പം സമൂഹ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ സന്ദേശങ്ങൾ കൃത്യമായി പോസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.