ഇ-പേമെന്റില്ല; 42 സ്ഥാപനങ്ങൾക്ക് താഴിട്ട് മന്ത്രാലയം
text_fieldsദോഹ: ഇലക്ട്രോണിക് പേമെൻറ് സേവനം ഒരുക്കാത്ത 42 വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം. അൽ സൈലിയ സെൻട്രൽ മാർക്കറ്റിലെ പരിശോധനയിലാണ് ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പേമെൻറ് സൗകര്യം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾ പൂട്ടിച്ചതായി മന്ത്രാലയം അറിയിച്ചു.
ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കണമെന്ന നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. കടകൾ, വഴിയോര കച്ചവടക്കാർ ഉൾപ്പെടെ എല്ലാവർക്കും നിർദേശം ബാധകമാണ്. രാജ്യവ്യാപകമായി ആരംഭിക്കുന്ന പരിശോധനയുടെയും ബോധവത്കരണത്തിന്റെയും ഭാഗമാണ് നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു.
ഉപഭോക്തൃ സേവനത്തിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് മന്ത്രാലയം ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയോ, 16001 നമ്പർ കാൾസെൻററിലൂടെയും ശ്രദ്ധയിൽപെടുത്താവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.