നിസ്സാര കേസുകൾക്ക് എമർജൻസി വേണ്ട; ഹെൽത്ത് സെൻററിലെത്താം -എച്ച്.എം.സി
text_fieldsദോഹ: അടിയന്തരമല്ലാത്ത സാഹചര്യങ്ങളിലും ഗുരുതരമല്ലാത്ത കേസുകളിലും പി.എച്ച്.സി.സി (പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ) ആരോഗ്യ കേന്ദ്രങ്ങളിലെ സേവനം ഉപയോഗപ്പെടുത്തണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു. പെരുന്നാൾ ദിവസങ്ങളിലും അതിന് ശേഷവും നിശ്ചയിച്ച ആരോഗ്യ കേന്ദ്രങ്ങളിലാണ് സേവനങ്ങൾക്കായി സമീപിക്കേണ്ടതെന്നും എച്ച്.എം.സി അറിയിച്ചു.
പെരുന്നാൾ അവധി ദിവസങ്ങളിൽ രോഗികളെ സ്വീകരിക്കാൻ എച്ച്.എം.സി ആശുപത്രികളിലെ അടിയന്തര, അത്യാഹിത വിഭാഗങ്ങളെല്ലാം സജ്ജമാണെന്ന് എമർജൻസി മെഡിസിൻ കോർപറേറ്റ് വിഭാഗം ആക്ടിങ് ചെയർമാൻ ഡോ. അഫ്താബ് മുഹമ്മദ് ഉമർ പറഞ്ഞു. എങ്കിലും അടിയന്തരവും ജീവന് അപകടകരവുമല്ലാത്തതുമായ സാഹചര്യങ്ങളിൽ ചികിത്സക്കായി പി.എച്ച്.സി.സിക്ക് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ അടിയന്തര പരിചരണ കേന്ദ്രങ്ങളിലാണ് എത്തേണ്ടതെന്നും അദ്ദേഹം അഭ്യർഥിച്ചു. ഹമദ് ജനറൽ ആശുപത്രി, അൽ വക്റ ആശുപത്രി, അൽഖോർ ആശുപത്രി, ആയിശ ബിൻത് ഹമദ് അൽ അതിയ്യ ആശുപത്രി, ഹസ്ം മിബൈരീക് ആശുപത്രി എന്നിവിടങ്ങളിലെ അത്യാഹിത വിഭാഗങ്ങൾ അവധി ദിവസങ്ങളിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും. ഏതടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈദ് അവധിക്കാലത്ത് ആളുകൾ അവരുടെ ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുന്നതോടെ ദഹനസംബന്ധമായ അസുഖങ്ങൾ ബാധിച്ച് ആളുകൾ അത്യാഹിത വിഭാഗത്തിലെത്തുന്നുണ്ട്. ഒരു മാസത്തെ നോമ്പിന് ശേഷമുള്ള ഈദ് ദിവസങ്ങളിൽ മരുന്നുകളുടെ സമയക്രമം മാറുന്നതിനാൽ ചില രോഗികൾക്ക് രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഉണ്ടാകാനിടയുണ്ട്. റോഡ് ട്രാഫിക് അപകടങ്ങളിൽ പെടുന്നവരും ഈദ് അവധിക്കാലത്ത് എമർജൻസി വിഭാഗങ്ങളിലെത്തുന്നത് പതിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സന്തോഷകരവും സുരക്ഷിതവും ആരോഗ്യകരവുമായ ഈദ് അവധി ദിനങ്ങൾ ആസ്വദിക്കാൻ ആരോഗ്യകരമായ ഭക്ഷണവും അനുബന്ധ ശീലങ്ങളും ഒഴിവാക്കാൻ പരമാവധി ശ്രമിക്കണമെന്ന് അഭ്യർഥിച്ച അദ്ദേഹം, ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധ പാലിക്കണമെന്നും വ്യത്യസ്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സുരക്ഷാ മുൻകരുതലെടുക്കണമെന്നും ആവശ്യപ്പെട്ടു.
അൽസദ്ദ്, അൽറയ്യാൻ, അൽ ശമാൽ, അൽ ദആയിൻ, എയർപോർട്ട് എന്നിവിടങ്ങളിലെ എച്ച്.എം.സി പീഡിയാട്രിക് എമർജൻസി കേന്ദ്രങ്ങൾ അവധി ദിവസങ്ങളിൽ മുഴുവൻ സമയവും പ്രവർത്തിക്കും. 14 വയസ്സിന് താഴെയുള്ള കുട്ടികളുടെ കേസുകളെല്ലാം ഇവിടെ സ്വീകരിക്കും. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ആളുകൾക്കായി ആംബുലൻസ് സേവനം ഈ കാലയളവിലും സാധാരണപോലെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.