ഈ മണ്ണിൽ ഇനി വേഗപ്പൂരവും
text_fieldsദോഹ: ഖത്തറിെൻറ ചരിത്രത്തിലെ ആദ്യ ഫോർമുല വൺ കാേറാട്ടപ്പോരാട്ടത്തിന് ലുസൈൽ സർക്യൂട്ട് വേദിയാകും. ആസ്ട്രേലിയക്ക് പകരമായാണ് ഖത്തർ ഫോർമുല വൺ ഫൈനൽ റൗണ്ട് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. നവംബർ 21ന് ലുസൈൽ ഇൻറർനാഷനൽ സർക്യൂട്ടിൽ ഫ്ലഡ്ലൈറ്റിലാണ് ചാമ്പ്യൻഷിപ് നടക്കുക. ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിലേക്ക് രാജ്യം ഒരു വർഷത്തെ കൗണ്ട് ഡൗൺ ആരംഭിക്കുന്ന ആ രാത്രി തന്നെയാവും ലുസൈലിലെ അതിവേഗ ട്രാക്കിലൂടെ ഖത്തറിൻെറ ഫോർമുല വൺ അരങ്ങേറ്റവും.
2023 മുതൽ 10 വർഷത്തേക്ക് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട കരാറിലും ഖത്തർ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ മേഖലയിൽ ഫോർമുല വൺ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളുടെ എണ്ണം നാലാകും. ബഹ്റൈൻ, സൗദി അറേബ്യ, അബൂദബി എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങൾ. ബഹ്റൈനിലെ മത്സരം ഈ വർഷം മാർച്ചിൽ നടന്നിരുന്നു. ഖത്തറിലെ മത്സരം അവസാനിച്ചതിന് ശേഷം ഡിസംബർ അഞ്ചിന് സൗദി അറേബ്യയും 12ന് അബൂദബിയും ചാമ്പ്യൻഷിപ്പിന് വേദിയാകും. ഖത്തറിലെ കന്നി ഫോർമുല ചാമ്പ്യൻഷിപ്പിെൻറ ടൈറ്റിൽ സ്പോൺസർമാരായി ഉരീദുവിനെ തിരഞ്ഞെടുക്കപ്പെട്ടു. ഖത്തറിെൻറ ഭാഗത്തുനിന്നുള്ള ശക്തമായ പിന്തുണ ഫോർമുല വണ്ണിന് സഹായകമാകുമെന്നും നവംബറിലെ മത്സരത്തിന് ശേഷം 2023 മുതൽ 10 വർഷത്തെ പങ്കാളിത്ത കരാറിലെത്തിയതായും ഫോർമുല വൺ വെബ്സൈറ്റിലൂടെ അറിയിച്ചു. 2023 മുതലുള്ള ഫോർമുല വൺ ചാമ്പ്യൻഷിപ്പിെൻറ വേദി സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ഫോർമുല വൺ വ്യക്തമാക്കി.
ഈ സീസണിൽ ഫോർമുല വൺ കലണ്ടറിലേക്ക് ഖത്തറിനെ സസന്തോഷം സ്വാഗതം ചെയ്യുന്നതായി ഫോർമുല വൺ സി.ഇ.ഒയും പ്രസിഡൻറുമായ സ്റ്റെഫാനോ ഡോമിനികലി പറഞ്ഞു. ഖത്തറുമായി 10 വർഷത്തെ ദീർഘകാല കരാറിൽ ഒപ്പുവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ മോട്ടോർ സ്പോർടിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിനമാണിതെന്നും വമ്പൻ കായിക പോരാട്ടങ്ങൾക്ക് വേദിയാകുകയെന്ന ഖത്തറിെൻറ അടങ്ങാത്ത ആഗ്രഹങ്ങളിലൊന്ന് യാഥാർഥ്യമാകാനിരിക്കുകയാണെന്നും ഖത്തർ മോട്ടോർ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ പ്രസിഡൻറ് അബ്ദുറഹ്മാൻ അൽ മന്നാഈ പറഞ്ഞു.വളരെ കുറഞ്ഞ സമയം മാത്രമാണ് മുന്നിലുള്ളതെങ്കിലും ഫോർമുല വണ്ണിനെ പിന്തുണക്കാനും സഹായിക്കാനും നാം തയാറാണെന്നും അടുത്ത പതിറ്റാണ്ടിൽ ഫോർമുല വൺ, മോട്ടോജിപി പോരാട്ടങ്ങൾക്ക് ഖത്തർ ഒരുമിച്ച് വേദിയാകുമെന്നും മോട്ടോർസ്പോർട്സ് മേഖലയിൽ തിളക്കമാർന്ന ചരിത്രമാണ് ഖത്തറിനുള്ളതെന്നും ഫോർമുല വൺ അതിലെ പുതിയ അധ്യായമാണെന്നും അൽ മന്നാഈ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.