കെ-റെയില്‍ കേരളത്തിനുവേണ്ട -കള്‍ച്ചറല്‍ ഫോറം
text_fieldsദോഹ: കേരളത്തെ നെടുകെ പിളര്‍ന്ന് സമ്പത്തും പ്രകൃതിയും വലിയ തോതില്‍ കൊള്ളയടിച്ച് സാമ്പത്തിക ശക്തികള്‍ക്കുവേണ്ടി നടപ്പാക്കാന്‍ പോകുന്ന കെ-റെയില്‍ കേരളത്തിനുവേണ്ടെന്ന് കള്‍ച്ചറല്‍ ഫോറം പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. പെരുപ്പിച്ച കണക്കുകളുമായാണ് കെ-റെയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ പറയുന്ന ലാഭക്കണക്കില്‍ 79,000 പേര് ദിവസവും കയറിയിറങ്ങുമെന്നാണ് പറയുന്നത്. പത്തുരൂപ മിനിമം ടിക്കറ്റുള്ള നിലവിലെ റെയില്‍വേ സംവിധാനത്തില്‍പോലും 65,000ത്തിൽ താഴെ ആളുകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് ഈ കണക്കുകളെന്ന് മുഖ്യപ്രഭാഷണം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം ഗണേഷ് വടേരി ചോദിച്ചു.
നിലവിലെ റെയില്‍പാതയുടെ സമീപത്തായുള്ള സർവേ പൂര്‍ത്തിയാക്കിയും സ്ഥലം ഏറ്റെടുക്കൽ നടത്തിയും മാത്രമേ പദ്ധതിക്കാവശ്യമായ മറ്റിടങ്ങളില്‍ സര്‍വേ നടത്താന്‍ സംസ്ഥാന സർക്കാറിന് അനുവാദമുള്ളൂ എന്നിരിക്കെ അലൈൻ മെന്റിനുപോലും അനുമതി ലഭിക്കാത്ത, സാധ്യതാപഠനത്തിനു മാത്രം കേന്ദ്രാനുമതിയുള്ള ഒരു പദ്ധതിക്കാണ് കുറ്റിയിടലും അതിര് നിശ്ചയിക്കലും നടത്തി ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത് -അദ്ദേഹം പറഞ്ഞു.
കെ-റെയിലിനെ എതിര്‍ക്കുന്നവരെ വികസനവിരോധികളാക്കി ചിത്രീകരിക്കുന്നത് ശരിയല്ല. ഉന്നയിക്കപ്പെട്ട ആരോപണങ്ങളും ആശങ്കകളും ദൂരീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ദേശീയപാത വികസനം കേരളത്തില്‍ നടപ്പാക്കിയത് വെല്‍ഫെയര്‍ പാര്‍ട്ടി അന്ന് ഉന്നയിച്ച നഷ്ടപരിഹാരം, പുനരധിവാസം, പാതയുടെ വീതി, ബി.ഒ.ടി തുടങ്ങിയ നാല് ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ്. ഇതിനുവേണ്ടിയാണ് അന്ന് ജനകീയ സമരം നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കള്‍ച്ചറല്‍ ഫോറം കറന്റ് അഫയേഴ്സ് വിങ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.ടി. മുബാറക് അധ്യക്ഷത വഹിച്ചു. കറന്റ് അഫയേഴ്സ് എക്സിക്യൂട്ടിവ് അംഗങ്ങളായ മുഹ്സിൻ സ്വാഗതവും ഫായിസ് അബ്ദുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.