‘ഇനിയാരും ലഹരിക്കെണിയിൽ കുരുങ്ങരുത്’
text_fieldsഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെ പ്രവാസി നേരിടുന്ന ലഹരിക്കെണിയുടെ വിവിധ വശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ് ‘ഗൾഫ് മാധ്യമം’ നടത്തിയ ‘ലഹരിച്ചുഴിയിൽ കുരുങ്ങരുത് പ്രവാസസ്വപ്നങ്ങൾ’ എന്ന അന്വേഷണ പരമ്പര. ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഐ.സി.ബി.എഫിന്റെ ജയിൽ വിസിറ്റ് ഹെഡ് എന്ന നിലയിൽ എല്ലാ ആഴ്ചയിലും എംബസി ഉദ്യോഗസ്ഥർക്കൊപ്പം ഖത്തർ അധികൃതരുടെ അനുമതിയോടെ ജയിലുകൾ സന്ദർശിക്കാറുണ്ട്.
വലിയ സ്വപ്നങ്ങളുമായി ഗൾഫ് നാടുകളിലെത്തിയവരും, എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള ഉപാധിയായി ലഹരിമാഫിയ സംഘങ്ങളുടെ കാരിയർമാരായവരും ഉൾപ്പെടെ നൂറിലേറെ ഇന്ത്യക്കാരാണ് വിവിധ ജയിലുകളിലായി ഖത്തറിൽ മാത്രം ശിക്ഷ അനുഭവിക്കുന്നത്. ഇവരിൽ 12 പേർ വനിതകളാണെന്നതും ഞെട്ടിക്കുന്നതാണ്. ഗുരുതര തെറ്റുകൾക്ക് കൂട്ടുനിന്ന് പിടിക്കപ്പെട്ട ദീർഘകാലത്തേക്ക് ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിക്കുന്നവരാണ് ഏറെയും. ജയിലിലെത്തിയ ശേഷം മാത്രം തങ്ങൾ ചെയ്ത തെറ്റിനെ കുറിച്ച് അവർ പശ്ചാത്തപിക്കുന്നതും മാപ്പ് പറയുന്നതും ഉൾപ്പെടെ കാഴ്ചകൾക്ക് നേർസാക്ഷിയാവുന്നവരാണ് ഞങ്ങൾ. മാഫിയ സംഘങ്ങളുടെ ചതിയിൽപെട്ടവർ തങ്ങളുടെ വിധിയെ പഴിച്ച് നാളുകളെണ്ണി തീർക്കുന്നു.
തങ്ങൾക്കുപറ്റിയ തെറ്റ് മറ്റാർക്കും ഇനിയുണ്ടാവരുതെന്ന് അവർ വേദനയോടെ ഞങ്ങളോട് അഭ്യർഥിക്കാറുണ്ട്. പ്രവാസികളവാൻ ഒരുങ്ങുന്നവർക്കിടയിൽ ശക്തമായ ബോധവത്കരണത്തിലൂടെ മാത്രമെ ആവർത്തിക്കുന്ന ഈ ദുരന്തം തടഞ്ഞു നിർത്താൻ കഴിയൂ.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രയിൽ ഒരു തരത്തിലും ലഹരിക്കടത്തിന് കൂട്ടു നിൽക്കാതിരിക്കുക എന്നതാണ് ഓരോ പ്രവാസിയും ചെയ്യേണ്ടകാര്യം. യാത്രയിൽ തങ്ങളുടേതല്ലാത്ത ഒരു വസ്തുക്കളും വാങ്ങാനും നിൽക്കരുത്.
വിമാനത്താവളങ്ങളിൽവെച്ചോ മറ്റോ അപരിചിതർ നൽകുന്ന സമ്മാനങ്ങളും പൊതികളും വാങ്ങരുതെന്ന് പണ്ടുമുതലേ നമ്മൾ കേൾക്കുന്നതാണ്. എന്നിട്ടും, ഈ തെറ്റ് ആവർത്തിക്കുന്നതിന്റെ ഫലമാണ് ചതിയിൽ കുരുങ്ങിയെന്ന നിലയിൽ ഗൾഫിലെ ജയിലിൽ കഴിയുന്നവർ. സ്വന്തക്കാർ നൽകുന്ന പൊതികളായാലും അത് തുറന്ന് പരിശോധിച്ച് മാത്രം യാത്രചെയ്യണം എന്നും എല്ലാ പ്രവാസികളെയും ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.