ആദായ നികുതി ചുമത്താൻ പദ്ധതിയില്ല -പ്രധാനമന്ത്രി
text_fieldsദോഹ: ഖത്തറിലെ ജനങ്ങളുടെ വരുമാനത്തിന് ആദായ നികുതി ചുമത്തുന്നത് സംബന്ധിച്ച് ആലോചനകളൊന്നുമില്ലെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. മൂല്യവർധിത നികുതിയായ വാറ്റ് നടപ്പാക്കുന്ന തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും അദ്ദേഹം ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയായ സ്ഥാനമേറ്റ ശേഷം നൽകിയ ആദ്യ അഭിമുഖത്തിലായിരുന്നു രാജ്യത്തിന്റെ വിവിധ മേഖലകളിലെ പദ്ധതികളെയും വിദേശ നയങ്ങളെ കുറിച്ചുമെല്ലാം അദ്ദേഹം വിശദീകരിച്ചത്.
ലോക ഭൂപടത്തിലെ സുപ്രധാന രാജ്യമെന്ന നിലയിൽ ആഗോള തലത്തിൽ തങ്ങളുടെ സാന്നിധ്യം എപ്പോഴും അടയാളപ്പെടുത്താൻ ഖത്തറിന് സാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉന്നത നിലവാരത്തിൽ സേവനങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാർ നിരന്തരം പരിശ്രമിക്കുന്നു. രാജ്യം അതിന്റെ അധ്യാപന സമ്പ്രദായത്തെ പരിഷ്കരിക്കുമെന്നും സർക്കാർ പ്രകടനം മെച്ചപ്പെടുത്തുമെന്നും വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തെ സാമ്പത്തിക മേഖലകളെ ആഗോള മത്സരത്തിന് തുറന്നു കൊടുക്കുമെന്നും ചൂണ്ടിക്കാട്ടി.
2022 ഖത്തർ ലോകകപ്പ്
ഖത്തറിന്റെ വിഷൻ 2030ലേക്കുള്ള യാത്ര വേഗത്തിലാക്കാനും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ പദ്ധതിയുടെ പുരോഗതി ത്വരിതപ്പെടുത്താനും വിജയകരമായി സമാപിച്ച ഫിഫ ലോകകപ്പ് ടൂർണമെന്റിനായിട്ടുണ്ടെന്ന് ലോകകപ്പുമായി ബന്ധപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി. രണ്ടു മാസത്തിനുള്ളിൽ വിഷൻ 2030ന്റെ മൂന്നാമത് വികസന പദ്ധതി രാജ്യം അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന വ്യൂവർഷിപ് റെക്കോഡാണ് ഖത്തർ ലോകകപ്പ് കരസ്ഥമാക്കിയത്. 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 73,0000 വിനോദസഞ്ചാരികൾ ഖത്തറിലെത്തിയതായും ഖത്തർ സന്ദർശിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി അഭിമുഖത്തിനിടെ സൂചിപ്പിച്ചു.
ലോകകപ്പ് വിജയത്തെ അടിസ്ഥാനത്തിൽ ഭാവിയിൽ രാജ്യം മറ്റു ടൂർണമെന്റുകൾക്കും ചാമ്പ്യൻഷിപ്പുകൾക്കും ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസവും ആരോഗ്യവും
രാജ്യത്ത് വിദ്യാഭ്യാസത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വലിയ പ്രാധാന്യവും ഊന്നലും നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ബജറ്റിന്റെ 20 ശതമാനമാണ്. ഇത് ഏറെ സർക്കാറിന് പ്രധാനപ്പെട്ടതാണ് -പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഖത്തറിന്റെ ആരോഗ്യമേഖല പ്രതിരോധശേഷിയുള്ളതാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് മറ്റു രാജ്യങ്ങൾക്ക് സാധിക്കാത്ത, ബുദ്ധിമുട്ടേറിയ പലതും മറികടക്കാൻ ഖത്തറിന് കഴിഞ്ഞിരുന്നു.
ഖത്തറിലെ ആരോഗ്യ മേഖലയിലേക്കുള്ള ബജറ്റ് വിഹിതം 2100 കോടി റിയാലാണ്. ഏറ്റവും മികച്ച ആരോഗ്യ സേവനം ഉറപ്പുവരുത്താനും ആവശ്യമുള്ളപ്പോൾ വിദേശ ചികിത്സ നൽകാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു.
തൊഴിൽ മേഖല
കഴിഞ്ഞ വർഷം മാത്രം 7127 പൗരന്മാർക്ക് തൊഴിൽ ലഭിച്ചതായി ശൈഖ് മുഹമ്മദ് പറഞ്ഞു. സർക്കാർ മേഖലയിൽ 5200ഉം ശേഷിച്ചവർക്ക് സ്വകാര്യമേഖലയിലുമായി തൊഴിൽ നൽകി. എല്ലാ വർഷവും സർക്കാർ മേഖലയിൽ ഖത്തരികൾക്ക് തൊഴിലവസരങ്ങൾ നൽകും. എന്നാൽ, സ്വകാര്യമേഖലകളിൽ തൊഴിൽ കണ്ടെത്താൻ ശ്രമിക്കണം. പൗരന്മാർ സംരംഭകത്വത്തിൽ പ്രവേശിക്കുന്നതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അത് ഖത്തറിന് അനിവാര്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
പൗരന്മാർക്ക് അവസരങ്ങൾ നൽകുന്നതിലൂടെ അവരുടെ വരുമാനം ഗണ്യമായി വർധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അവരുടെ പരിശ്രമവും ഇതോടൊപ്പം അനിവാര്യമാണ്.
സാമ്പത്തികമേഖല
നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലോകത്തിന്റെ ഭാഗമാണ് ഖത്തർ. എന്നിരുന്നാലും അന്താരാഷ്ട്ര നാണയനിധിയുടെ കണക്കനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക പ്രകടനം ലോകത്തിലെ ഏറ്റവും മികച്ച ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
പണപ്പെരുപ്പ നിരക്കിൽ ഖത്തർ എല്ലാ സമയത്തും ലോക ശരാശരിയേക്കാളും താഴെയാണ് സ്കോർ ചെയ്യുന്നത്.
ദേശീയ ഉൽപന്നങ്ങളിൽ വലിയ പുരോഗതി കൈവരിച്ചിരിക്കുന്നു. ഇവയുടെ കയറ്റുമതിയും ഉൽപാദനക്ഷമതയും ഉത്തേജിപ്പിക്കുന്നതിനുള്ള പരിപാടികൾക്ക് കൂടുതൽ ഊന്നൽ നൽകും.
പ്രകൃതിവാതക മേഖലയിലെ നിക്ഷേപങ്ങൾക്കൊപ്പം സ്വകാര്യ മേഖലയിലെ ഊർജവ്യവസായങ്ങൾ ദേശസാൽക്കരിക്കുന്നത് പോലുള്ള സാമ്പത്തിക അവസരങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഖത്തർ സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ പാതയിലാണ്. വിദേശത്തുനിന്നുള്ള നിക്ഷേപത്തിന് വലിയ പ്രോത്സാഹനമാണ് രാജ്യം നൽകുന്നത്.
നയതന്ത്രവും മധ്യസ്ഥതയും
ഏതൊരു രാജ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് നയതന്ത്രമെന്ന് അദ്ദേഹം പറഞ്ഞു.
നയതന്ത്രത്തിലും മധ്യസ്ഥതയിലും ലോകാടിസ്ഥാനത്തിൽ ഖത്തറിന് വലിയ സ്ഥാനമാണുള്ളത്. ചാഡ്, അഫ്ഗാനിസ്താൻ തുടങ്ങിയ നിരവധി, പ്രാദേശിക അന്തർദേശീയ ഫയലുകളിൽ രാജ്യം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യ
മേഖലയിൽ തന്നെ ഏറ്റവും മികച്ച സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ ഖത്തറിനാണുള്ളതെന്നും നിർമിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ) ഉപയോഗം വേഗത്തിലാക്കി നേട്ടങ്ങൾ കൊയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി
ലോകത്തിലെ ഏറ്റവും പ്രധാന ഫണ്ടുകളിലൊന്നാണ് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി അഥവാ ക്യു.ഐ.എ എന്ന് പ്രധാനമന്ത്രി അഭിമുഖത്തിനിടെ ചൂണ്ടിക്കാട്ടി. അതിന്റെ തീരുമാനങ്ങൾ വളരെ ആസൂത്രിതമാണെന്നും ഉന്നത ഉത്തരവുകൾ വഴിയല്ലാതെ ക്യു.ഐ.എയിൽ നിന്നും പണം പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വർഷങ്ങളിൽ ക്യു.ഐ.എയുടെ പ്രാധാന്യം എല്ലാവരും തിരിച്ചറിയും. വരും തലമുറകൾക്കുള്ളതാണ് ക്യു.ഐ.എ. എണ്ണയും വാതകവും തീർന്നുപോയാൽ ഭാവിയിൽ മറ്റൊരു എണ്ണക്കിണറായിരിക്കും ഇതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ഫലസ്തീൻ
അൽ ഖുദ്സിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും സംഭവവികാസങ്ങളും ഭയപ്പെടുത്തുന്നതാണ്. ഫലസ്തീൻ ചെറുത്തുനിൽപിന് ഖത്തറിന്റെ പിന്തുണയുണ്ട്. അൽ അഖ്സ പള്ളിയിലെ ഇസ്രായേൽ അതിക്രമങ്ങൾ തടയാൻ ജോർഡൻ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുമായി ചേർന്ന് വിപുലമായ ശ്രമങ്ങളാണ് നടത്തിവരുന്നത്.
സിറിയയിൽ
അറബ് ലീഗിലെ സിറിയയുടെ അംഗത്വം താൽക്കാലികമായി റദ്ദാക്കിയതിന് മതിയായ കാരണങ്ങളുണ്ടെന്നും ഈ കാരണങ്ങൾ ഖത്തറിനെ സംബന്ധിച്ച് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.