ലുലു ഹൈപ്പർ മാർക്കറ്റും ദോഹ മുനിസിപ്പാലിറ്റിയും പ്ലാസ്റ്റിക് ബാഗ് രഹിത കാമ്പയിൻ നടത്തി
text_fieldsദോഹ: മേഖലയിലെ മുൻനിര റീട്ടെയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റും ദോഹ മുനിസിപ്പാലിറ്റിയും സംയുക്തമായി പ്ലാസ്റ്റിക് ബാഗ് രഹിത ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ലുലു ഹൈപ്പർ മാർക്കറ്റ് ഡി റിങ് റോഡ് ഔട്ട്ലെറ്റിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ദോഹ മുനിസിപ്പാലിറ്റിയിലെ ഹെൽത്ത് ഇൻസ്പെക്ഷൻ ആൻഡ് മോണിറ്ററിങ് യൂനിറ്റ് മേധാവി അലി മുഹമ്മദ് അൽ ഖഹ്താനി, ഭക്ഷ്യ നിയന്ത്രണ വിഭാഗത്തിലെ ഡോ. അസ്മ അബൂബക്കർ, ഡോ. ഹെബ അബ്ദുൽ ഹക്കീം, ഡോ. അബീർ മുഹമ്മദ് എന്നിവരുൾപ്പെടെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ മാനേജർ ഷാനവാസ് പടിയത്ത് ഉൾപ്പെടെയുള്ളവരും പങ്കാളികളായി. ഡിസ്പോസിബിൾ പ്ലാസ്റ്റിക് ബാഗുകളുടെ പാരിസ്ഥിതിക ആഘാതം ഉയർത്തിക്കാട്ടുന്നതിനും സുസ്ഥിര ബദലുകൾ പ്രോത്സാഹിപ്പിക്കാനുമാണ് കാമ്പയിൻ നടത്തുന്നത്. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകൾ, ബയോഡീ ഗ്രേഡബിൾ ബാഗുകൾ, പേപ്പർ/ തുണി ബാഗുകൾ എന്നിവ പോലുള്ള പരിസ്ഥിതി സൗഹൃദ ബദലുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് ശ്രമം. കാമ്പയിനിന്റെ ഭാഗമായി ലുലു ഗ്രൂപ് പൊതുജനങ്ങൾക്ക് പുനരുപയോഗിക്കാവുന്ന ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന ബൂത്ത് സ്ഥാപിക്കുകയും ചെയ്തു.
പുനരുപയോഗിക്കാവുന്ന ബാഗുകൾ വഹിക്കുന്ന മരം ഉൾപ്പെടെ കലാരൂപങ്ങൾ കൊണ്ട് ലുലു ഔട്ട്ലെറ്റുകൾ അലങ്കരിച്ചു. കൂടാതെ, പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പാരിസ്ഥിതിക അപകടങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടികളും വിവിധ മത്സരങ്ങളും നടത്തി. 2019ലെ ഖത്തർ സുസ്ഥിരത ഉച്ചകോടിയിൽ പുരസ്കാരം നേടിയവർ എന്ന നിലക്ക് ലുലു ഗ്രൂപ് പരിസ്ഥിതി സൗഹാർദ, സുസ്ഥിരത പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നു. ലുലുവിന്റെ ഖത്തറിലെ 23 സ്റ്റോറുകളിലും ഊർജവും ജലവും സംരക്ഷിക്കുക, മാലിന്യം കുറക്കുക തുടങ്ങി പരിസ്ഥിതി സൗഹൃദ നടപടികൾ സ്വീകരിക്കുന്നു.
19 സ്റ്റോറുകളിൽ റിവേഴ്സ് വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് പാക്കേജിങ് കുറക്കാനായി ലുലു ഹൈപ്പർമാർക്കറ്റ് റീഫില്ലിങ് സ്റ്റേഷനുകൾ, ക്രാഫ്റ്റ് പേപ്പർ ബാഗുകൾ, കരിമ്പിന്റെ പൾപ്പ് ഉപയോഗിച്ച് നിർമിച്ച ബയോഡീ ഗ്രേഡബിൾ പാക്കേജിങ് എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യാവശിഷ്ടങ്ങളെ വെള്ളം, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീനുകൾ എന്നിങ്ങനെ വിഘടിപ്പിക്കുന്ന ‘ഒ.ആർ.സി.എ’ എന്ന നൂതന സംവിധാനം ലുലുവിന്റെ ബിൻ മഹ്മൂദ് സ്റ്റോറിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റിന്റെ ഗ്ലോബൽ സസ്റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റത്തിന് കീഴിൽ സുസ്ഥിര പ്രവർത്തന സർട്ടിഫിക്കേഷൻ നേടിയ മെന മേഖലയിലെ ആദ്യത്തെ റീട്ടെയിലർമാരിൽ ഒന്നാണ് ലുലു ഹൈപ്പർ മാർക്കറ്റ്. കെട്ടിടത്തിന്റെ വെന്റിലേഷനും ലൈറ്റിങ്ങും കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ബിൽഡിങ് മാനേജ്മെന്റ് സംവിധാനവും സ്ഥാപനം സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.