ഫോണിലൂടെ സ്വകാര്യം വേണ്ടാ...
text_fieldsദോഹ: അജ്ഞാത ഫോൺ വിളികൾക്കോ ഇ-മെയിൽ സന്ദേശങ്ങൾക്കോ മറുപടിയായി വ്യക്തികൾ അവരുടെ സ്വകാര്യ വിവരങ്ങൾ ഒരിക്കലും പങ്കുവെക്കരുതെന്ന് ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം.
ഉറവിടം അറിയാത്ത സ്രോതസ്സുകളിൽനിന്നുള്ള അന്വേഷണങ്ങൾക്ക് പ്രതികരിക്കരുതെന്നും സ്വകാര്യ വിവരങ്ങൾ പ്രത്യേകിച്ചും ബാങ്ക് സംബന്ധമായ വിവരങ്ങൾ ഒരിക്കലും കൈമാറരുതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക, ഓൺലൈൻ കുറ്റകൃത്യ വിഭാഗം ഉദ്യോഗസ്ഥനായ ഫസ്റ്റ് ലെഫ്. നായിഫ് നാസർ അൽ ഹമീദി പറഞ്ഞു. ‘പൊലീസ് നിങ്ങൾക്കൊപ്പം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെങ്കിലും ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ അയാൾ തന്റെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക എന്നതാണ് ആദ്യപടിയെന്ന് ഫസ്റ്റ് ലെഫ്. അൽ ഹമീദി കൂട്ടിച്ചേർത്തു.
തുടർന്ന് മെട്രാഷ് രണ്ട് വഴി റിപ്പോർട്ടുകൾ സമർപ്പിക്കാൻ ബന്ധപ്പെട്ട അതോറിറ്റിയുമായി ബന്ധപ്പെടണമെന്നും അതല്ലെങ്കിൽ നേരിട്ട് പരാതി ബോധിപ്പിക്കാൻ അതോറിറ്റിയിൽ എത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
ഫോൺ കാളുകളും എസ്.എം.എസുകളും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട്, ബാങ്കിങ് വിവരങ്ങളോ സ്വകാര്യ വിവരങ്ങളോ അല്ലെങ്കിൽ ബാങ്കുകളോ സാമ്പത്തിക സ്ഥാപനങ്ങളോ നൽകുന്ന ഒ.ടി.പി വിവരങ്ങളോ ചോദിച്ചാൽ നൽകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിൽനിന്നും മെട്രാഷ് രണ്ട് ആപ്പിൽ നിന്നുമെന്ന വ്യാജേനയുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമ പേജിലൂടെ അറിയിച്ചു.
എ.ടി.എം കാർഡ് േബ്ലാക്ക് ചെയ്തെന്നും മറ്റും അറിയിച്ചുകൊണ്ട് എസ്.എം.എസ് വഴിയും ഫോണിലൂടെയും ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ വ്യാപകമായ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം നിരവധി മാർഗങ്ങളിലൂടെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.