മജ്ലിസിൽ ‘നോ സ്മോക്കിങ്’; പ്രചാരണവുമായി എച്ച്.എം.സി
text_fieldsദോഹ: ‘മജ്ലിസ്’ എന്നാൽ അറബ് സംസ്കാരത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കുടുംബ-സൗഹൃദ സദസ്സുകൾ, വിനോദ ഒത്തുചേരലുകൾ മുതൽ നിർണായകമായ തീരുമാനങ്ങളെടുക്കുന്ന യോഗങ്ങൾവരെയായി മാറുന്ന ‘മജ്ലിസി’നെ പുകവലി മുക്തമാക്കാനുള്ള പദ്ധതിയുമായി രംഗത്തിറങ്ങുകയാണ് ഹമദ് മെഡിക്കൽ കോർപറേഷനു (എച്ച്.എം.സി) കീഴിലെ പുകയില നിയന്ത്രണ കേന്ദ്രം. ‘പുകവലിരഹിത മജ്ലിസിനു വേണ്ടി ഒരുമിച്ച്’ എന്ന തലക്കെട്ടിൽ ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. മജ്ലിസുകൾ സന്ദർശിച്ചും പുകവലി ഒഴിവാക്കേണ്ടതിന്റെ ആവശ്യം അറിയിച്ചും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന ബുക് ലെറ്റുകൾ വിതരണം ചെയ്തുമാണ് കാമ്പയിൻ നടത്തുന്നത്. വ്യക്തികൾക്കും സമൂഹത്തിനും പുകവലിയുടെ ആരോഗ്യ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പുകവലി ഒഴിവാക്കുന്നതിന്റെ ഗുണങ്ങൾ ഉയർത്തിക്കാട്ടുകയാണ് ഇതിന്റെ ലക്ഷ്യം.
സിറ്റിങ് റൂം, മീറ്റിങ് റൂം എന്നീ അർഥങ്ങളുള്ള അറബി പദമായ മജ്ലിസ്, അറബ് രാജ്യങ്ങളിൽ വ്യക്തികൾ ഒത്തുചേരാനും അതിഥികളെ സ്വീകരിക്കാനും പ്രശ്നങ്ങൾ ചർച്ചചെയ്യാനും വിനോദത്തിനുമുള്ള ഇടങ്ങളായാണ് അറിയപ്പെടുന്നത്. കാമ്പയിന്റെ വ്യവസ്ഥകളും നിർദേശങ്ങളും പാലിച്ചുകൊണ്ട് പങ്കെടുക്കാൻ അപേക്ഷിക്കുന്ന മജ്ലിസുകൾ കാമ്പയിനിന്റെ ഭാഗമാകും. നേരത്തെ നിശ്ചയിച്ചതും അല്ലാത്തതുമായ സന്ദർശനങ്ങൾ ഈ മജ്ലിസുകളിലേക്ക് എച്ച്.എം.സി അധികൃതർ സംഘടിപ്പിക്കും.
എച്ച്.എം.സിയുടെ ടുബാകോ കൺട്രോൾ സെന്റർ
വ്യവസ്ഥകൾ പാലിക്കുന്ന മജ്ലിസുകൾ പ്രതിമാസം നടക്കുന്ന നറുക്കെടുപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടും. വിജയികൾക്ക് സാക്ഷ്യപത്രവും പ്രശംസാ ഫലകങ്ങളും ആദരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വിരുന്നുമാണ് എച്ച്.എം.സി വാഗ്ദാനം ചെയ്യുന്നത്. അടച്ചിട്ട ഇടങ്ങൾ പുകവലി മുക്തമാക്കുകയെന്ന എച്ച്.എം.സിയുടെ ലക്ഷ്യവുമായി യോജിച്ച് ജി.സി.സി മേഖലയിൽ നടപ്പാക്കുന്ന പ്രഥമ സംരംഭം കൂടിയാണ് പുകവലി രഹിത മജ്ലിസ് കാമ്പയിൻ.
ഖത്തറിൽ 25.2 ശതമാനം മുതിർന്ന ആളുകളും ഏതെങ്കിലും രീതിയിൽ പുകയില ഉപയോഗിക്കുന്നവരാണെന്നാണ് റിപ്പോർട്ട്. ഇതിൽ 43 ശതമാനം പുകവലിക്കാരും 21 ശതമാനം ഷീഷ ഉപയോഗിക്കുന്നവരുമാണെന്ന് എച്ച്.എം.സി പുകയില നിയന്ത്രണ കേന്ദ്രം മേധാവി ഡോ. അഹ്മദ് മുഹമ്മദ് അൽ മുല്ല പറഞ്ഞു. പുകവലിയുടെ നേരിട്ടുള്ളതും അല്ലാത്തതുമായ അപകട സാധ്യത കൂടുതൽ കാണപ്പെടുന്ന ഇടങ്ങളിലൊന്നാണ് മജ്ലിസ്. അതിനാൽ മജ്ലിസുകളിൽ പുകവലി കുറക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
പുകവലിയുടെ വർധിച്ചുവരുന്ന വ്യാപനം ചെറുക്കുകയാണ് കാമ്പയിനിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നിരവധി ബോധവത്കരണ, പ്രതിരോധ പരിപാടികൾ സംഘടിപ്പിച്ചിട്ടും മജ്ലിസ് പോലെയുള്ള ഇടങ്ങളിൽ പുകയില ഉപയോഗം കുട്ടികളും മുതിർന്നവരും ഉൾപ്പെടെ പൊതുജനാരോഗ്യ ഭീഷണിയാണ്. ഇ-സിഗരറ്റുകൾ, യൂറോപ്യൻ സ്വീക്ക (നിക്കോട്ടിൻ പൗച്ചുകൾ) എന്നിവയടക്കമുള്ള പുതിയ ഉൽപന്നങ്ങൾ പ്രാദേശിക വിപണിയിലേക്കെത്തിയത് പുകവലി വ്യാപനത്തിന് കാരണമാവുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.