അത്യാധുനിക കാമ്പസുമായി നോബ്ൾ സ്കൂൾ വുകൈറിലേക്കും
text_fieldsദോഹ: ഖത്തറിലെ വിദ്യാഭ്യാസ മേഖലയിൽ 17 വർഷമായി സ്തുത്യർഹമായ സേവനം നൽകിവരുന്ന നോബ്ൾ ഇന്റർനാഷനൽ സ്കൂളിന്റെ ഏറ്റവും പുതിയ കാമ്പസ് സൗത്ത് അൽ വുകൈറിൽ ഉദ്ഘാടനത്തിന് സജ്ജമായതായി മാനേജ്മെൻറ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അത്യാധുനിക ക്ലാസ് മുറികളും ലാബ്, ലൈബ്രറി സംവിധാനങ്ങളും മുതൽ ലോകോത്തര നിലവാരത്തിലെ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് നോബ്ൾ ഇന്റർനാഷനൽ സ്കൂൾ തങ്ങളുടെ അഞ്ചാമത്തെ കാമ്പസ് ഡിസംബർ 13 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യുന്നത്.
സ്കൂൾ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ, ഖത്തറിലെ വിവിധ മന്ത്രാലയങ്ങിലെ വിശിഷ്ട വ്യക്തികൾ എന്നിവരും പങ്കെടുക്കും. ദോഹയിലെ വിദ്യാർഥികൾക്ക് അത്യാധുനികമായ വിദ്യാഭ്യാസാന്തരീക്ഷം പ്രദാനം ചെയ്യുന്ന രീതിയിലാണ് പുതിയ കാമ്പസ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ യു. ഹുസൈൻ മുഹമ്മദും പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മികച്ച പഠനാനുഭവങ്ങൾ നൽകുന്ന സ്മാർട്ട് ക്ലാസ്റൂമുകൾ, ശാസ്ത്ര സാങ്കേതിക വിദ്യയുടെ മികവോടെ വിപുലമായ ലബോറട്ടറികൾ, വായനയിലും ഗവേഷണത്തിലും താൽപര്യം വളർത്തുന്നതിനുള്ള വിശാലമായ ലൈബ്രറി എന്നിവയും വിദ്യാർഥികൾക്കായി സജ്ജീകരിച്ചിരിക്കുന്നു. ശാരീരികവും മാനസികവുമായ വികസനത്തിനുള്ള സൗകര്യങ്ങളും, കായിക പരിശീലനത്തിനുള്ള ഗ്രൗണ്ട്, അത്ലറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂൾ എന്നിവയും പരിപാടികൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കുമുള്ള മൾട്ടിപർപ്പസ് ഹാൾ എന്നിവയും ആകർഷകങ്ങളാണ്. 1000ത്തിലേറെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വർണോജ്ജ്വലമായ കലാസാംസ്കാരിക പരിപാടികൾ ഉദ്ഘാടന ചടങ്ങിനെ വർണാഭമാക്കും.
വിദ്യാർഥികളുടെ അക്കാദമികവും വ്യക്തിപരവുമായ വികസനത്തിനായുള്ള നോബ്ൾ ഇന്റർനാഷനൽ സ്കൂളിന്റെ പ്രതിബദ്ധതയിൽ ആവേശകരമായ ഒരു പുതിയ അധ്യായമായാണ് വുകൈർ കാമ്പസ് പ്രവർത്തനമാരംഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സ്കൂളിൽ ജനുവരി ആറിന് അധ്യയനം ആരംഭിക്കും. കെ.ജി മുതൽ സീനിയർ തലംവരെ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച പഠനാന്തരീക്ഷം ഒരുക്കിയാണ് ക്ലാസ് മുറികളും കാമ്പസും സജ്ജീകരിച്ചിരിക്കുന്നത്. 2000ത്തിലേറെ വിദ്യാർഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് കാമ്പസ്. മിതമായ ഫീസ് നിരക്കും പഠന, പാഠ്യേതര മേഖലകളിലെ മികവും മുഖമുദ്രയാക്കിയാണ് നോബ്ൾ സ്കൂൾ ഖത്തറിൽ അതിവേഗം വളരുന്ന മേഖലയായ വുകൈറിലും തുടങ്ങുന്നത്.
സ്കൂളിൽ നടന്ന വാർത്തസമ്മേളനത്തിൽ നോബ്ൾ ഇന്റർനാഷനൽ സ്കൂൾ രക്ഷാധികാരി അലി ജാസിം അൽ മാൽക്കി, ചെയർമാൻ യു. ഹുസൈൻ മുഹമ്മദ്, ജനറൽ സെക്രട്ടറി കെ.പി. ബഷീർ, ഫിനാൻസ് ഡയറക്ടർ ഷൗക്കത്തലി താജ്, വൈസ് ചെയർമാൻ അഡ്വ. അബ്ദുൽ റഹീം കുന്നുമ്മൽ, പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽ ജയമോൻ ജോയ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.