കെ.എം.സി.സിക്ക് നോർക്ക അംഗീകാരം
text_fieldsദോഹ: ഖത്തർ കെ.എം.സി.സിക്ക് നോർക്ക അംഗീകാരം നൽകി. നോർക്ക യോഗത്തിലാണ് തീരുമാനം.
മുസ്ലിം ലീഗിന് കീഴിലുള്ള പ്രവാസി സംഘടന കെ.എം.സി.സി ഖത്തർ ഘടകത്തിന്റെ വിഭാഗീയമല്ലാത്ത പ്രവർത്തനം പരിഗണിച്ചാണ് അംഗീകാരം നൽകിയതെന്ന് നോര്‍ക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. മത, ജാതി ഭിന്നതയോടെ പ്രവർത്തിക്കുന്ന സംഘടനകൾക്ക് നോർക്ക അംഗീകാരം നൽകുന്നതിലെ നിരോധനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
അപേക്ഷ ലഭിക്കുന്നമുറക്ക് മറ്റു രാജ്യങ്ങളിലെ സംഘടനകൾക്ക് അംഗീകാരം നൽകുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്നും ശ്രീരാമകൃഷ്ണൻ അറിയിച്ചു.
തീരുമാനത്തിനുപിന്നാലെ, ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് കെ.എം.സി.സിക്ക് നോർക്കയിൽ അംഗീകാരം നൽകിയതെന്ന രീതിയിലുള്ള പ്രചാരണവുമായി ചിലർ രംഗത്തെത്തി.
കെ.എം.സി.സിക്ക് നോർക്ക അഫിലിയേഷൻ നൽകിയതിനു പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളാണുള്ളതെന്നായിരുന്നു ഇവരുടെ വാദം. ആരോപണങ്ങൾ വാർത്തയായി പ്രചരിച്ചതോടെ ഇതുനിഷേധിച്ച് പി. ശ്രീരാമകൃഷ്ണനും ഖത്തർ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം. ബഷീറും രംഗത്തെത്തി.
അംഗീകാരം പൂർണമായും മെറിറ്റടിസ്ഥാനത്തിൽ -കെ.എം.സി.സി
ദോഹ: കെ.എം.സി.സി ഖത്തർ ഘടകത്തിന് നോർക്ക അഫിലിയേഷൻ നൽകാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ദുരുദ്ദേശ്യപരവും അടിസ്ഥാനരഹിതവുമാണെന്ന് ഖത്തർ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം. ബഷീർ. ഒരുവിധത്തിലുമുള്ള നിക്ഷിപ്ത താൽപര്യങ്ങളുമില്ലാതെ പൂർണമായും മെറിറ്റടിസ്ഥാനത്തിൽ മാത്രമാണ് ഈ അംഗീകാരം. രാഷ്ട്രീയപ്രേരിതമാണെങ്കിൽ ഖത്തറിനേക്കാളും മൂന്നും നാലും ഇരട്ടി അംഗസംഖ്യയുള്ള യു.എ.ഇ, സൗദി അറേബ്യ അടക്കമുള്ള മൊത്തം കെ.എം.സി.സിക്കാണ് അത് നൽകേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി ഖത്തർ ഈ കൊറോണക്കാലത്ത് മാത്രം നടത്തിയ പ്രവർത്തനം വിശദമായി വിലയിരുത്തിയാൽ ഇത്തരമൊരു പ്രചാരണം നടത്താൻ തുനിയില്ലായിരുന്നു. കൊറോണയുടെ ഭീതിദനാളുകളിൽ 36 ചാർട്ടേഡ് ഫ്ലൈറ്റുകളാണ് കെ.എം.സി.സിയുടെ വിവിധ ഘടകങ്ങൾ ചേർന്ന് ഖത്തറിൽനിന്ന് അയച്ചത്. ലോക്ഡൗണിന്റെ ആ മാസങ്ങളിൽ തുമാമയിലെ കെ.എം.സി.സി ആസ്ഥാനം 24 മണിക്കൂറും പ്രവർത്തനനിരതമായിരുന്നു. ലോക്ഡൗൺ കാലയളവിൽ പതിനായിരക്കണക്കിന് ഭക്ഷണക്കിറ്റുകൾ വീടുകളിൽ എത്തിച്ചുകൊണ്ടിരുന്നു.
നാട്ടിലേക്ക് യാത്ര ചെയ്യാനാവാതെ ഖത്തറിൽ കുടുങ്ങിയവർക്ക് മരുന്നുകളെത്തിച്ചു നൽകി. പോസിറ്റിവ് ആയി സുഖപ്പെട്ടവർക്ക് താമസസൗകര്യം ഏർപ്പെടുത്തി. മാനസിക സമ്മർദങ്ങളെ അതിജീവിക്കാൻ കൗൺസലിങ് സെഷനുകളും നടത്തി. നാട്ടിൽ പോകുന്ന അംഗങ്ങൾക്കും മരിച്ചവരുടെ കുടുംബങ്ങൾക്കുമൊക്കെയായി കോടിക്കണക്കിന് രൂപയുടെ ധനസഹായം നൽകി. സംസ്കരിക്കാൻ സ്വന്തക്കാർപോലും ശങ്കിച്ചുനിന്ന സമയത്ത് മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്കരിക്കാനും നാട്ടിലേക്കയക്കാനും കെ.എം.സി.സി മുന്നിൽ നിന്നു. ജാതി-മത-കക്ഷി-രാഷ്ട്രീയ വിഭാഗീയതകളോ പലപ്പോഴും രാജ്യപരിഗണനകളോ ഇല്ലാതെയാണ് സംഘടന സഹായഹസ്തം നീട്ടാറുള്ളത്. എല്ലായിടത്തുമുള്ള കെ.എം.സി.സികളും ഇതുതന്നെയാണ് ചെയ്യുന്നത്. മയ്യിത്ത് പരിപാലന കമ്മിറ്റി ആയിരക്കണക്കിന് മൃതദേഹങ്ങളാണ് ഇതുവരെ കൈകാര്യം ചെയ്തത്.
ഈ സേവനങ്ങളൊക്കെ മുൻനിർത്തി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഹ്യൂമെൻ റൈറ്റ്സ് വിഭാഗം മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പുരസ്കാരം ഖത്തർ കെ.എം.സി.സിക്ക് നൽകി. മീഡിയവൺ ചാനലിന്റെ മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള ബ്രേവ് ഹാർട്ട് പുരസ്കാരവും ഖത്തർ കെ.എം.സി.സിയെ തേടിയെത്തി. ഇത്തരത്തിൽ എല്ലാ വിഭാഗീയതകൾക്കുമതീതമായി ജീവകാരുണ്യ, കല, കായിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ കെ.എം.സി.സിക്കാണ് നോർക്ക അംഗീകാരം നൽകിയത്. നോർക്കയുടെ പദ്ധതികളിൽ പരമാവധി പ്രവാസികളെ പങ്കാളികളാക്കി അവർക്ക് നന്മ ചെയ്യാനുള്ള ഖത്തർ കെ.എം.സി.സിയുടെ പരിശ്രമങ്ങൾക്ക് ഊർജം പകരാൻ സഹായകമാണിത്. കൂടുതൽ കർമനിരതരാകാനുള്ള ഉത്തരവാദിത്തമായാണ് ഖത്തർ കെ.എം.സി.സി ഈ നേട്ടത്തെ കാണുന്നതെന്നും എസ്.എ.എം. ബഷീർ പറഞ്ഞു.
തീരുമാനത്തിന് രാഷ്ട്രീയ മാനം നല്‍കേണ്ടതില്ല -പി. ശ്രീരാമകൃഷ്ണന്
‘നോര്‍ക്ക വഴി ലീഗിന് ഇടതുമുന്നണിയിലേക്കുള്ള പാലം ഇട്ടെന്ന വാര്‍ത്തകള്‍ ദുര്‍വ്യാഖ്യാനം
ദോഹ: ഖത്തര്‍ കെ.എം.സി.സിയുടെ നോര്‍ക്ക അഫിലിയേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളും രാഷ്ട്രീയ പരാമര്‍ശങ്ങളും അസ്ഥാനത്തുള്ളതാണെന്നും തീരുമാനത്തിന് ഒരു തരത്തിലുള്ള രാഷ്ട്രീയ മാനവും നല്‍കേണ്ടതില്ലെന്നും നോര്‍ക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് വ്യക്തമാക്കി.
പ്രവാസി മലയാളികളുടേ ക്ഷേമം സംബന്ധിച്ച് വിവിധ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നതും സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ടും അതുപോലെ സ്വതന്ത്രമായ വരുമാനവും ആശ്രയിക്കുന്നതുമായ സ്ഥാപനമാണ് നോര്‍ക്ക. വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നതും ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വിദേശരാജ്യങ്ങളിലെ മലയാളി അസോസിയേഷനുകള്‍ക്ക് അംഗീകാരം നല്‍കേണ്ടതില്ല എന്നത് നേരത്തേയുള്ള തീരുമാനമാണ്.
ഈ സാഹചര്യത്തില്‍ പല അസോസിയേഷനുകളുടെയും അംഗീകാരത്തിനുള്ള അപേക്ഷകളിൽ നടപടികള്‍ സ്വീകരിക്കാതെ നീട്ടിവെച്ചിരുന്നു. അംഗീകാരത്തിനുള്ള ഖത്തര്‍ കെ.എം.സി.സിയുടെ അപേക്ഷ നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് പരിശോധിച്ച് ആവശ്യമായ അന്വേഷണം നടത്തി.
റിപ്പോർട്ട് ബോര്‍ഡിന് സമര്‍പ്പിക്കാന്‍ റെസിഡന്റ് വൈസ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഖത്തര്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം വിലയിരുത്തിയ സമിതി അവര്‍ക്ക് അഫിലിയേഷന് നല്‍കാമെന്ന നിലപാടാണ് സ്വീകരിച്ചത്. ഭാവിയിലും ഒരു തരത്തില്‍ ഉള്ള വിഭാഗീയതയും പ്രോത്സാഹിപ്പിക്കുകയില്ല എന്ന സത്യവാങ്മൂലം സമര്‍പ്പിച്ച ശേഷം ഖത്തര്‍ കെ.എം.സി.സിക്ക് അംഗീകാരം നല്‍കാമെന്ന് കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
ഇതിന് ഒരുതരത്തിലുള്ള രാഷ്ട്രീയമാനവും നല്‍കേണ്ടതില്ല. ഈ തീരുമാനം ഒരു തരത്തിലുമുള്ള രാഷ്ട്രീയ തീരുമാനവും അല്ല. നോര്‍ക്ക വഴി ലീഗിന് ഇടതു മുന്നണിയിലേക്കുള്ള പാലമാണ് ഇട്ടതെന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം ദുര്‍വ്യാഖ്യാനമാണ്. കെ.എം.സി.സിക്ക് മാത്രമല്ല, വിഭാഗീയത പ്രോത്സാഹിപ്പിക്കില്ല എന്ന് ബോര്‍ഡിന് ബോധ്യമാകുന്ന എല്ലാ അസോസിയേഷനുകള്‍ക്കും ഈ പരിഗണന ലഭിക്കും. ഏത് സംഘടനയുടെയും അപേക്ഷ ഓരോന്നായി പരിഗണിച്ച് ഭാവിയില്‍ അംഗീകാരം നല്‍കാമോ ഇല്ലയോ എന്ന് തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട് വിവാദം അനാവശ്യമാണെന്നും അര്‍ഹിക്കുന്ന അവഗണനയോടെ അതെല്ലാം തള്ളിക്കളയണമെന്നും ശ്രീരാമകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്ക് മതമോ രാഷ്ട്രീയമോ ഇല്ല. പ്രവാസിയുടെ മതവും രാഷ്ട്രീയവും പ്രവാസ ലോകത്ത് മാത്രമുള്ളതാണ്. പ്രവാസികള്‍ക്ക് നോര്‍ക്ക വഴിയുള്ള സേവനം നൽകാനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന സന്ദേശവും ഇതുവഴി ലക്ഷ്യമിടുന്നു.
അതിന് എല്ലാവര്ക്കും അവസരം നല്‍കും. ആഗോള മലയാളികളുടെ കൂട്ടായ്മ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമാനത്തോടെ കാണുന്ന രീതി ഉപേക്ഷിക്കണമെന്നും നോര്‍ക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയര്മാന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.