നോർത്ത്ഫീൽഡ് എൽ.എൻ.ജി വികസനപദ്ധതിയുമായി ക്യു.പി
text_fieldsദോഹ: ലോകത്തിലെ ഏറ്റവും വലിയ എല്‍.എന്‍.ജി പദ്ധതിയായ നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പ്രൊജക്ടിെൻറ വികസനപദ്ധതിയുമായി ഖത്തര്‍ പെട്രോളിയം (ക്യു.പി). നോര്‍ത്ത് ഫീല്‍ഡില്‍ 28.75 ബില്യന്‍ ഡോളറിെൻറ നിക്ഷേപ പദ്ധതികള്‍ക്കാണ് ഖത്തര്‍ പെട്രോളിയം കരാര്‍ ഒപ്പുവെച്ചത്. ഇതോടെ ഖത്തറിെൻറ ദ്രവീകൃത പ്രകൃതിവാതക ഉൽപാദനശേഷി 2025ഓടെ പ്രതിവര്‍ഷം 77 മില്യന്‍ ടണില്‍ നിന്ന് 110 മില്യന്‍ ടണായി ഉയരും.
ദ്രവീകൃത പ്രകൃതിവാതകം കൂടാതെ കണ്ടന്‍സേറ്റ്, എല്‍.പി.ജി, ഈഥെയ്ന്‍, സള്‍ഫര്‍, ഹീലിയം എന്നിവയും പദ്ധതിയുടെ ഭാഗമായി ഉൽപാദിപ്പിക്കും. 2025െൻറ നാലാം പാദത്തില്‍ ഉൽപാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം ഉൽപാദനം പ്രതിദിനം ഏകദേശം 1.4 ദശലക്ഷം ബാരലായി ഉയരും.
ഖത്തര്‍ പെട്രോളിയം പ്രസിഡൻറും സി.ഇ.ഒയും ഊര്‍ജകാര്യ സഹമന്ത്രിയുമായ സഅദ് ശരീദ അല്‍ കഅബി, ബോര്‍ഡ് ചെയര്‍മാനും ചിയോദ ഗ്രൂപ് സി.ഇ.ഒയുമായ കസുഷി ഒകാവ, ടെക്നിപ് എനര്‍ജീസ് പ്രസിഡൻറ് അര്‍നൗദ് പീറ്റന്‍ എന്നിവരാണ് കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തത്. ഖത്തര്‍ പെട്രോളിയം, ഖത്തര്‍ ഗ്യാസ്, ചിയോദ, ടെക്നിപ് തുടങ്ങിയ സ്ഥാപനങ്ങളിലെ മുതിര്‍ന്ന എക്സിക്യൂട്ടിവുകളും ചടങ്ങില്‍ പങ്കെടുത്തു.
എട്ട് മെഗാടണ്‍ വീതം ശേഷിയുള്ള നാല് മെഗാ ദ്രവീകൃത പ്രകൃതിവാതക ട്രെയിനുകള്‍ നിര്‍മിക്കുക, ഗ്യാസ് സംസ്കരണം, പ്രകൃതി വാതക ദ്രാവകങ്ങള്‍ വീണ്ടെടുക്കല്‍, റാസ്ലഫാന് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഹീലിയം വേര്‍തിരിച്ചെടുക്കല്‍, ശുദ്ധീകരണം എന്നിവയുമായി ബന്ധപ്പെട്ട സൗകര്യങ്ങളും കരാറിലുണ്ട്.
പുതിയ പദ്ധതി ഖത്തറിന് ഗണ്യമായ വരുമാന വര്‍ധനവുണ്ടാക്കുമെന്നും നിര്‍മാണഘട്ടത്തിലും അതിനുശേഷവും ഖത്തരി സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകള്‍ക്കും കാര്യമായ നേട്ടമുണ്ടാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
കോവിഡിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലായ സമയത്ത് ഇത്തരമൊരു കരാറിന് വലിയ പ്രാധാന്യമുണ്ടെന്ന് അല്‍ കഅബി എടുത്തുപറഞ്ഞു.
ലോകത്തിന് ആവശ്യമായ ശുദ്ധമായ ഊര്‍ജം നൽകാനുള്ള ഖത്തറിെൻറ ഉറച്ച പ്രതിബദ്ധതയുടെ തെളിവാണ് നിക്ഷേപ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.