നോർത്ത് ഫീൽഡ് പദ്ധതി
text_fieldsനോർത്ത് ഫീൽഡ് പദ്ധതി
ദോഹ: ഖത്തറിന്റെ ഏറ്റവും ശ്രദ്ധേയ ഭാവി ഊർജ പദ്ധതിയായ നോർത്ത് ഫീൽഡ് സൗത്തിന്റെ (എൻ.എസ്.എഫ്) വികസനപ്രവർത്തനവുമായി ബന്ധപ്പെട്ട് 1000 കോടി ഡോളർ (82,000 കോടി രൂപ) കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി. പ്രതിവർഷം 16 ദശലക്ഷം ടൺ സംയോജിത ശേഷിയുള്ള രണ്ട് എൽ.എൻ.ജി മെഗാ ട്രെയിനുകൾ ഉൾപ്പെടുന്ന നോർത്ത് ഫീൽഡ് സൗത്ത് പ്രോജക്ടിനായുള്ള എൻജിനീയറിങ്, പ്രൊക്യൂർമെന്റ്, കൺസ്ട്രക്ഷൻ (ഇ.പി.സി) കരാറാണ് പ്രഖ്യാപിച്ചത്.
കരാറിൽ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅ്ബി, ഖത്തർ ഗ്യാസ് സി.ഇ.ഒ ശൈഖ് ഖാലിദ് ബിൻ ഖലീഫ ആൽഥാനി, ടെക്നിപ് എനർജി പ്രസിഡന്റ് അർനോഡ് പീറ്റൺ, സി.സി.സി ഖത്തർ മാനേജിങ് ഡയറക്ടർ ഒസാമ എൽ ജെർബി എന്നിവർ ഒപ്പുവെച്ചു. ഖത്തർ എനർജി, ഖത്തർ ഗ്യാസ്, ടെക്നിപ് എനർജീസ്, സി.സി.സി എന്നിവിടങ്ങളിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
പ്രതിവർഷം എട്ടു ദശലക്ഷം ടൺ വീതം ശേഷിയുള്ള രണ്ടു മെഗാ എൽ.എൻ.ജി ട്രെയിനുകളുടെ നിർമാണം, ഗ്യാസ് ട്രീറ്റ്മെന്റ്, പ്രകൃതിവാതക ദ്രാവകങ്ങൾ വീണ്ടെടുക്കൽ, കൂടാതെ റാസ് ലഫാനിലെ ഹീലിയം വേർതിരിച്ചെടുക്കലും ശുദ്ധീകരണവും എന്നിവക്കായുള്ള നിർമാണ പ്രവർത്തനങ്ങളുൾപ്പെടുന്ന 1000 കോടി ഡോളറിന്റെ കരാറാണ് ഖത്തർ എനർജി പ്രഖ്യാപിച്ചത്. ഹരിതഗൃഹ വാതകം പുറന്തള്ളുന്നത് കുറക്കാൻ സഹായിക്കുന്ന ജെട്ടി ബോയിൽ-ഓഫ് ഗ്യാസ് വീണ്ടെടുക്കൽ സംവിധാനത്തിന്റെ നിർമാണവും കാർബൺ ക്യാപ്ചർ, സീക്വസ്ട്രേഷൻ സൗകര്യങ്ങളും ഇതിലുൾപ്പെടും. പദ്ധതിയിലൂടെ പ്ലാന്റിൽനിന്നുള്ള ജലത്തിന്റെ 75 ശതമാനം വീണ്ടെടുക്കുന്നതുവഴി പ്രതിവർഷം അഞ്ചു ദശലക്ഷം ഘനമീറ്റർ ജലം സംരക്ഷിക്കാനും സാധിക്കും. അതോടൊപ്പം മെച്ചപ്പെടുത്തി ഡ്രൈലോ എൻ.ഒ.എക്സ് സാങ്കേതികവിദ്യയിലൂടെ നൈട്രജൻ ഓക്സൈഡ് പുറന്തള്ളുന്നതും കുറക്കാൻ കഴിയും.
ലോകത്തിലെ ഏറ്റവും വലിയ എൻ.എൻ.ജി പദ്ധതിയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ല് പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും പ്രകൃതിവാതകത്തിന്റെ ആഗോള ആവശ്യം നിറവേറ്റുന്നതിലുള്ള പ്രതിബദ്ധതയെയാണ് ഇത് ശക്തിപ്പെടുത്തുന്നതെന്നും മന്ത്രി സഅദ് ശെരീദ അൽ കഅ്ബി ചടങ്ങിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.