വെറും കത്തുകളല്ല, ഇത് ആരോഗ്യപ്രവർത്തകർക്കുള്ള ആദരം
text_fieldsദോഹ: ഖത്തറിൽ കോവിഡ്-19 പ്രതിരോധ രംഗത്ത് കഠിന പ്രയത്നത്തിലേർപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കാൻ കത്തെഴുതൽ കാമ്പയിനുമായി ഒരു മിടുക്കി. ബിർളാ പബ്ലിക് സ്കൂളിലെ പൂർവ വിദ്യാർഥിയും പഞ്ചാബ് സ്വദേശിയുമായ 17കാരി റിയാ മഹാജനാണ് കാമ്പയിന് പിന്നിൽ.
പർഡ്യൂ യൂനിവേഴ്സിറ്റിയിലേക്ക് ഉപരിപഠനത്തിനായി പ്രവേശനം നേടിയിരിക്കുന്ന റിയ എല്ലാവരോടും ഇത്തരത്തിൽ കത്തെഴുതാൻ ആവശ്യപ്പെടുകയുമാണ്. കുട്ടികൾ, യുവാക്കൾ, മുതിർന്നവർ എല്ലാവർക്കും കത്തുകളെഴുതാം. ചെറിയ കുറിപ്പുകൾ അല്ലെങ്കിൽ ചുരുങ്ങിയത് ഒരു ചിത്രമെങ്കിലും ആരോഗ്യ പ്രവർത്തകർക്ക് നന്ദി പ്രകാശിപ്പിക്കാനായി സമർപ്പിക്കാം. ഈ എഴുത്തുകൾ സ്കാൻ ചെയ്ത് ആശുപത്രികളിലേക്കും അവിടെനിന്ന് ആരോഗ്യ പ്രവർത്തകർക്കും അയക്കും.
റിയയുടെ പിതാവ് നരിന്ദർ കുമാർ ഡോക്ടറാണ്. കാമ്പയിൻ ആരംഭിച്ച് ഇതിനോടകംതന്നെ നിരവധി കത്തുകളും ചിത്രങ്ങളുമാണ് റിയക്ക് ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്കൂളുകളെയും കോളജുകളെയും സമീപിക്കുമെന്നും റിയ പറയുന്നു.മുൻനിര ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിച്ച് എഴുത്തുകളും ചിത്രങ്ങളും കൈമാറാൻ താൽപര്യമുള്ളവർക്ക് അവ സ്കാൻ ചെയ്ത് lettersforgood2020@gmail.com എന്ന വിലാസത്തിലേക്ക് അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.