Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒന്നും ഇവിടെ...

ഒന്നും ഇവിടെ മാലിന്യമല്ല

text_fields
bookmark_border
ഒന്നും ഇവിടെ മാലിന്യമല്ല
cancel
camera_alt

അറബ്​ കപ്പ്​ മത്സരത്തിനിടെ മാലിന്യങ്ങൾ ശേഖരിക്കാനായി ഒരുക്കിയ വീപ്പകളിലേക്ക്​

ശ്രദ്ധക്ഷണിക്കുന്ന കലാകാരന്മാർ

ദോഹ: ലെഗസിയാണ്​ ഖത്തർ ലോകകപ്പിന്‍റെ മുഖമുദ്ര. ഇതുവരെ കഴിഞ്ഞ ലോകകപ്പുകളിൽനിന്നും ഈ വിശ്വമേളയെ മാറ്റിനിർത്തുന്നതും അതുതന്നെ.

പരിസ്ഥിതി സൗഹൃദത്തിന്‍റെ പുതുമാതൃക സൃഷ്ടിക്കുമെന്ന്​ ഉറപ്പുനൽകുന്ന സംഘാടകർ, കഴിഞ്ഞ നവംബർ-ഡിസംബർ മാസത്തിൽ സമാപിച്ച ഫിഫ അറബ്​ കപ്പിൽ അതിന്‍റെ മറ്റൊരു മാതൃകയും തീർത്തു. അറബ് കപ്പ് ടൂർണമെന്റ് വേദികളിലെ മാലിന്യങ്ങളിൽ 70 ശതമാനവും റീസൈക്കിൾ ചെയ്ത്​ പുനരുപയോഗത്തിന്​ പാകമാക്കിയതായി സുപ്രീം കമ്മിറ്റി വ്യക്​തമാക്കി. അൽ ബെയ്ത് സ്​റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക സജ്ജീകരണം വഴിയായിരുന്നു ഇത്​.

ഫിഫ ലോകകപ്പിന് മുന്നോടിയായി പരിസ്​ഥിതി സുസ്​ഥിരത ഊർജിതമാക്കുന്നതിന് അറബ് കപ്പിൽ ഫിഫയുമായും ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 എൽ.എൽ.സിയുമായും സഹകരിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പ്രത്യേക പദ്ധതി രൂപവത്കരിച്ചിരുന്നു.

സുപ്രീം കമ്മിറ്റി പദ്ധതിക്ക് മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി–കാലാവസ്ഥ വ്യതിയാന മന്ത്രാലയം, പ്രാദേശിക കരാറുകാർ തുടങ്ങിയവർ പൂർണ പിന്തുണയും നൽകി.

സുസ്ഥിരമായ സംഭരണ രീതികൾ, മാലിന്യം ഉൽപാദിപ്പിക്കുന്ന വസ്​തുക്കൾ പൂർണമായും ഒഴിവാക്കുക, കാറ്ററിങ്, ലോജിസ്​റ്റിക് മേഖലകളിൽ പുനരുപയോഗിക്കാവുന്ന ഉൽപന്നങ്ങൾ ഉപയോഗിക്കുക എന്നിവയെല്ലാം പദ്ധതിക്ക് സഹായകമായി. പ്ലാസ്​റ്റിക് വസ്​തുക്കളുടെ അളവ് കുറക്കുന്നതിന്‍റെ ഭാഗമായി വളന്റിയർമാർക്കും ജീവനക്കാർക്കുമിടയിൽ ടൂർണമെന്റിലുടനീളം 900 പുനരുപയോഗിക്കാവുന്ന വാട്ടർ ബോട്ടിലുകൾ പദ്ധതിക്ക് കീഴിൽ വിതരണം ചെയ്തിരുന്നു. ഇവ കൂടാതെ മാലിന്യങ്ങൾ വേർതിരിക്കുന്നതിനായി റീസൈക്കിൾ ബിന്നുകൾ, ജൈവ മാലിന്യങ്ങൾക്കുള്ള (ഭക്ഷ്യാവശിഷ്​ടങ്ങൾ, ബയോഡീഗ്രേഡബിൾ പാക്കേജുകൾ, ഗ്രാസ്​ ക്ലിപ്പിങ്ങുകൾ) കമ്പോസ്​റ്റിങ് മെഷീൻ തുടങ്ങിയവ ഉൾപ്പെടെയുള്ള വിവിധ സൗകര്യങ്ങളും പദ്ധതിക്ക് കീഴിൽ ടൂർണമെന്റ് വേദികളിൽ സ്ഥാപിച്ചു.

പ്ലാസ്​റ്റിക് മാലിന്യങ്ങൾ കമ്പ്രസ്​ ചെയ്യുന്നതിനായി ബെയ്​ലർ സ്ഥാപിച്ചു. പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യങ്ങളും വസ്​തുക്കളും ഡൊമെസ്​റ്റിക് സോളിഡ് വേസ്​റ്റ് മാനേജ്മെന്റ് സെന്ററിലേക്ക് അയക്കുകയും പിന്നീട് ഊർജാവശ്യങ്ങൾക്കായി മാറ്റുകയും ചെയ്തു. ഫിഫ അറബ് കപ്പ് ടൂർണമെന്റിനിടയിൽ നടപ്പാക്കിയ മാലിന്യ സംസ്​കരണ പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നതായി സുപ്രീം കമ്മിറ്റി സുസ്ഥിരത വകുപ്പ് മേധാവി എൻജി. ബുദൂർ അൽ മീർ പറഞ്ഞു.

ഖത്തർ ലോകകപ്പ് 2022ന്‍റെ സുസ്ഥിരത പദ്ധതിയിലെ നിർണായക ഘടകമാണ് റീസൈക്ലിങ്. ഫിഫ ലോകകപ്പ് ടൂർണമെന്റിൽ പദ്ധതി കൂടുതൽ വ്യാപ്തിയോടെ അവതരിപ്പിക്കുകയും വിജയമാക്കുകയുമാണ് ലക്ഷ്യം. അറബ് കപ്പിലെ വിവിധ സുസ്ഥിരത പദ്ധതികളിലൂടെ നിരവധി പാഠങ്ങൾ ലഭിച്ചുവെന്നും അവ ഫിഫ ലോകകപ്പ് വേദികളിൽ നടപ്പാക്കുമെന്നും എൻജി. അൽ മീർ കൂട്ടിച്ചേർത്തു. പദ്ധതികളും പ്രവർത്തനങ്ങളും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വലിയ ലക്ഷ്യങ്ങളിലേക്കുമുള്ള അവസരങ്ങളാണ് ഓരോ ഫിഫ ടൂർണമെൻറും നൽകുന്നതെന്നും ഖത്തറിലെ ഫിഫ ലോകകപ്പും ഇതിൽനിന്ന് വ്യത്യസ്​തമായിരിക്കില്ലെന്നും ഫിഫ സുസ്ഥിരത–പരിസ്ഥിതി വിഭാഗം തലവൻ ഫെഡറികോ അഡീഷി പറഞ്ഞു. ലോകകപ്പിനായുള്ള പദ്ധതികളുടെ പരീക്ഷണയിടമായിരുന്നു അറബ് കപ്പെന്നും അദ്ദേഹം സൂചിപ്പിച്ചു.

മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യുന്നതിനും സംസ്​കരിക്കുന്നതിനും സമഗ്ര പദ്ധതി നടപ്പാക്കുന്ന രാജ്യമാണ് ഖത്തറെന്നും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിൽ എല്ലാതരം മാലിന്യങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് വിവിധ പദ്ധതികൾ നിലവിലുണ്ടെന്നും മന്ത്രാലയം ജനറൽ സർവിസ്​ അസി. അണ്ടർ സെക്രട്ടറി എൻജി. അഹ്മദ് മുഹമ്മദ് അൽ സാദ പറഞ്ഞു.

മാലിന്യങ്ങളുണ്ടാക്കുന്ന വസ്​തുക്കളുടെ ഉപയോഗം കുറക്കുന്നതിനും റീസൈക്കിൾ ചെയ്യാൻ കഴിയുന്നവയുടെ ഉപയോഗം വർധിപ്പിക്കുന്നതിനും കമ്പനികൾക്കും കോർപറേഷനുകൾക്കും വ്യക്തികൾക്കും മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും വലിയ പ്രോത്സാഹനമുണ്ടെന്നും അൽ സാദ വ്യക്തമാക്കി.

സുസ്ഥിരതയുമായി ബന്ധപ്പെട്ട് റീസൈക്ലിങ് സംസ്​കാരം പ്രചരിപ്പിക്കുന്നതിന് അറബ് കപ്പിനിടയിലെ ആറ് സ്​റ്റേഡിയങ്ങളിലും സംഘാടകർ പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

സ്​റ്റേഡിയത്തിലെ സ്​ക്രീൻ അനൗൺസ്​മെന്റുകൾ, സമൂഹ മാധ്യമങ്ങൾ വഴിയുള്ള പോസ്​റ്റുകൾ എന്നിവക്ക് പുറമേ മാലിന്യങ്ങൾ കൃത്യമായി നിക്ഷേപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ സ്​റ്റേഡിയങ്ങളിലും സസ്​റ്റെയിനബിലിറ്റി എജുടൈൻമെൻറ് ഔട്ട്റീച്ച് സംഘത്തിന്റെ സംഗീത-നൃത്ത പരിപാടികളും ഇതിന് കീഴിൽ സംഘടിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waste management
News Summary - Nothing is garbage here
Next Story