ഇനി വ്രതശുദ്ധിയുടെ നാളുകൾ
text_fieldsദോഹ: പ്രാർഥനാനിരതമായി വിശുദ്ധ റമദാൻ മാസത്തെ സ്വാഗതം ചെയ്ത് വിശ്വാസസമൂഹം. ലോകകപ്പിന്റെ ഒരുക്കങ്ങളും മറ്റുമായി നീണ്ട തിരക്കിട്ട ദിനങ്ങൾക്കൊടുവിൽ ലോകമെങ്ങുമുള്ള വിശ്വാസസമൂഹത്തിനൊപ്പം ഖത്തറും വ്രതശുദ്ധിയുടെ ദിനരാത്രികളിലേക്ക്. രണ്ടു വർഷമായി കോവിഡ് കാരണം റമദാനിൽ പള്ളികളിലെ പ്രാർഥനകളിലും മറ്റുമുണ്ടായിരുന്ന നിയന്ത്രണങ്ങളിൽനിന്നും ആശ്വാസം നേടി കോവിഡിനെയും മറികടന്നാണ് വീണ്ടുമൊരു നോമ്പുകാലമെത്തുന്നത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ ഈ റമദാൻ കാലത്ത് ഏറെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ജോലിസമയം കുറച്ചും സ്ത്രീകള്‍ക്കും പള്ളികളില്‍ പ്രാർഥനസൗകര്യം ഒരുക്കിയും വിപണികളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയുമെല്ലാം നേരത്തെതന്നെ ഒരുക്കങ്ങൾ സജീവമാക്കി. കോവിഡ് നിയന്ത്രണങ്ങളിൽ കഴിഞ്ഞ ദിവസം അനുവദിച്ച ഇളവുകൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
റമദാനെ വരവേൽക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽതന്നെ ഹൈപ്പർ മാർക്കറ്റുകളിലും മറ്റും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റമദാന് ദിനങ്ങളില്‍ സര്‍ക്കാര്‍ മേഖലകളിലെ ജോലി സമയം അഞ്ചുമണിക്കൂറാക്കി കുറച്ചിരുന്നു. രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ തുടങ്ങി സര്‍ക്കാര്‍ മേഖലകളിലെ ജോലിസമയം. രാവിലെ ഒമ്പത് എന്നത് ഒരു മണിക്കൂര്‍ വൈകി പത്തിനാണ് ജോലിയില്‍ പ്രവേശിക്കുന്നതെങ്കിലും ജോലി സമയം അഞ്ചു മണിക്കൂര്‍ പൂര്‍ത്തിയാക്കണം. റമദാന് ദിനങ്ങളില്‍ സ്വകാര്യ മേഖലയിലും ജോലിസമയം സാധാരണ ഉച്ചക്ക് രണ്ടുവരെയാണ്.
സ്ത്രീകള്‍ക്കുള്ള പ്രാർഥനാ ഇടം ഉള്‍പ്പെടെ എല്ലാ പള്ളികളും തുറക്കും. വിശ്വാസികള്‍ക്ക് സൗകര്യപ്രദമായി പ്രാർഥന നിര്‍വഹിക്കാന്‍ പള്ളികളിലെ അറ്റകുറ്റപ്പണികള്‍, ശുചീകരണ-അണുമുക്ത പ്രവര്‍ത്തനങ്ങള്‍ എന്നിവയും പൂര്‍ത്തിയാക്കി. കോവിഡ് മുന്‍കരുതലുകള്‍ തുടരും. മതപ്രഭാഷണങ്ങള്‍, സെമിനാറുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മത്സരങ്ങള്‍, പ്രവാസി കമ്യൂണിറ്റികള്‍ക്കായി മതപരമായ പരിപാടികള്‍ തുടങ്ങി ആയിരത്തോളം പരിപാടികളാണ് ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.