രേഖകൾക്ക് ഇനി ഡിജിറ്റൽ പരിഹാരം
text_fieldsദോഹ: ഔദ്യോഗിക രേഖകളെല്ലാം പഴ്സിൽ കുത്തിനിറച്ച് നടക്കുന്ന കാലം മാറുകയാണ്. ക്യൂ.ഐ.ഡിയും ഡ്രൈവിങ് ലൈസൻസും മുതൽ വിവിധ ആവശ്യങ്ങൾക്കുള്ള രേഖകളെല്ലാം ഒരു പ്ലാറ്റ്ഫോമിൽ ഡിജിറ്റലായി സൂക്ഷിക്കാവുന്ന ഖത്തർ ഡിജിറ്റൽ ആപ്ലിക്കേഷൻ രാജ്യത്തെ സ്വദേശികൾക്കും താമസക്കാർക്കുമെല്ലാം സേവനങ്ങൾ ഉപയോഗിക്കാനുള്ള എളുപ്പവഴിയായി ഇനി മാറും.
ചൊവ്വാഴ്ച ഡി.ഇ.സി.സിയിൽ ആരംഭിച്ച 15ാമത് മിലിപോൾ പ്രദർശനത്തിൽ ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ ഐ.ഡി സ്മാർട്ട് ആപ്ലിക്കേഷനാണ് എല്ലാ ഔദ്യോഗിക രേഖകളുടെയും ഡിജിറ്റൽ പകർപ്പ് വാഗ്ദാനം ചെയ്യുന്നത്.
ഖത്തറിലെ താമസരേഖയായ ക്യു.ഐ.ഡി, പാസ്പോര്‍ട്ട്, നാഷനല്‍ അഡ്രസ്, ഡ്രൈവിങ് ലൈസന്‍സ്, കമ്പനി രജിസ്ട്രേഷന് കാര്‍ഡ്, ആയുധ പെര്‍മിറ്റ് കാര്‍ഡ് തുടങ്ങി ഔദ്യോഗികമായ എല്ലാ രേഖകളും ഒരൊറ്റ ക്ലിക്കിലേക്ക് ചുരുക്കുകയാണ് ഖത്തര്‍ ഡിജിറ്റൽ ഐഡന്റിറ്റി ആപ്ലിക്കേഷന്‍.
നിലവിലെ ഫിസിക്കല്‍ ക്യു.ഐ.ഡി ഉപയോഗിച്ച് ലഭ്യമായിരുന്ന സേവനങ്ങളെല്ലാം ഇനി ആപ്ലിക്കേഷനിലും ലഭിക്കും. വിവിധ സർക്കാർ, ഔദ്യോഗിക ആവശ്യങ്ങൾക്കും ഇലക്ട്രോണിക് ഓൺലൈൻ സേവനങ്ങൾക്കും ഈ ഡിജി ഐ.ഡികൾ ഔദ്യോഗിക രേഖകളായി ഉപയോഗപ്പെടുത്താനും കഴിയും.
ആപ്ലിക്കേഷന്‍ ലോഗിന്‍ ചെയ്ത് ആദ്യം ബയോമെട്രിക് രജിസ്ട്രേഷന് നടത്തണം. മുഖം ഉൾപ്പെടെ സ്കാൻ ചെയ്തു മാത്രമേ രജിസ്ട്രേഷൻ സാധ്യമാകൂ.
ഡിജിറ്റല്‍ വാലെ, ഇലക്ട്രോണിക് സിഗ്നേച്ചര്‍, ഡോക്യുമെന്റ്, ഡിജിറ്റലി സൈന്‍ഡ് സര്‍ട്ടിഫിക്കറ്റുകളിലേക്കുള്ള ആക്സസ്, ഐഡന്റിന്റി വെരിഫിക്കേഷന് എന്നിവക്കെല്ലാം ഡിജിറ്റൽ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്താം.
ഇ ഗേറ്റിലും ഡിജിറ്റൽ ഐ.ഡി ഉപയോഗിക്കാം
രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രകളിൽ വിമാനത്താവളങ്ങളിലെയും കര അതിർത്തികളിലെയും ഇ ഗേറ്റുകളിലും ഡിജിറ്റൽ ആപ് ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോം വഴി അറിയിച്ചു. നിലവിൽ ക്യൂ.ഐ.ഡി, അല്ലെങ്കിൽ പാസ്പോർട്ട് എന്നിവ നേരിട്ട് ഉപയോഗിക്കാണ് ഇ ഗേറ്റ് വഴി പ്രവേശനവും എക്സിറ്റും സാധ്യമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.