കുടുംബ വിസ തൊഴിൽ വിസയാക്കാൻ ഇനി ഇ-സർവിസ്
text_fieldsദോഹ: കുടുംബ വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാനുള്ള ഇ-സേവനത്തിന് തുടക്കം കുറിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ ഇ-സേവന പട്ടികയിൽ പുതിയ സൗകര്യം കൂടി ഒരുക്കിയ കാര്യം അധികൃതർ അറിയിച്ചത്. ഇതുപ്രകാരം തൊഴിൽ ഉടമകൾക്ക് വിസ നടപടികൾ ലളിതമാക്കാനും താമസക്കാരായവർക്കുതന്നെ തൊഴിൽ നൽകാനും വേഗത്തിൽ കഴിയുമെന്നും അറിയിച്ചു. രാജ്യത്തെ സ്വകാര്യ സംരംഭങ്ങൾക്ക് ഏറെ സൗകര്യപ്പെടുന്നതാണ് പുതിയ നിർദേശം.
താമസക്കാരായവരുടെ ആശ്രിതരായി കുടുംബ വിസയിൽ ഖത്തറിലെത്തിയവർക്ക് തൊഴിൽ ലഭ്യമാണെങ്കിൽ കൂടുതൽ നടപടികളില്ലാതെതന്നെ ഓൺലൈൻ വഴി തൊഴിൽ വിസയിലേക്ക് മാറാൻ കഴിയും. ഇതിന് ആവശ്യമായ നടപടിക്രമങ്ങളും രേഖകളും സംബന്ധിച്ച് മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു. തൊഴിലുടമയുടെ സ്മാർട്ട് കാർഡ്, തൊഴിലാളിയുടെ ക്യൂ.ഐ.ഡിയുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് കാ ർഡ് തുടങ്ങിയവ ഉൾപ്പെടെയാണ് അപേക്ഷ നൽകേണ്ടത്.തൊഴിൽ മന്ത്രാലയം നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന സെമിനാറിലാണ് പുതിയ ഇ-സേവനങ്ങൾ അവതരിപ്പിച്ചത്. സംരംഭകർക്കും, ബിസിനസ് ഉടമകൾക്കും മന്ത്രാലയത്തിനു കീഴിലെ വിവിധ സേവനങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സെമിനാർ നടത്തിയതെന്ന് തൊഴിൽ വിഭാഗം വർക് പെർമിറ്റ് സെക്ഷൻ മേധാവി സാലിം ദാർവിഷ് അൽ മുഹന്നദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.