ഇനി ഈദ് അവധി: പെരുന്നാൾ കൂടാൻ നാട്ടിലേക്ക്
text_fieldsദോഹ: ചെറിയ പെരുന്നാൾ പ്രമാണിച്ച് സർക്കാർ, ബാങ്കിങ് മേഖലകളിൽ ഒരാഴ്ചയിലേറെ നീണ്ട അവധിക്കാലത്തിന് വെള്ളിയാഴ്ച തുടക്കമാവുന്നതോടെ, അവധി ആഘോഷങ്ങളുടെ മൂഡിൽ പ്രവാസികളും കുടുംബങ്ങളും. സർക്കാർ മേഖലയിൽ ഞായറാഴ്ച മുതൽ മേയ് ഒമ്പതു വരെയാണ് അവധി പ്രഖ്യാപിച്ചത്.
ബാങ്കിങ്, ധനകാര്യ മേഖലകളിൽ മേയ് ഒന്നു മുതൽ അഞ്ചുവരെയും അവധി പ്രഖ്യാപിച്ചു. എന്നാൽ, വെള്ളി, ശനി വാരാന്ത്യ ദിവസങ്ങളായതിനാൽ ഫലത്തിൽ ഇന്നുതന്നെ അവധി തുടങ്ങുകയാണ്.
കോവിഡ് മഹാമാരിയിൽ നാട്ടിലെത്തി വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പമുള്ള പെരുന്നാൾ ആഘോഷങ്ങൾ രണ്ടു വർഷത്തോളമായി മുടങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസിസമൂഹത്തിനാണ് ഈ പെരുന്നാൾ ആഘോഷത്തിന്റേതായി മാറിയത്. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ജോലിചെയ്യുന്നവർ ഈദ് അവധിക്കൊപ്പം വാർഷിക അവധികൂടി ചേർത്താണ് കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങുന്നത്.
വർഷാവസാനം നടക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ തിരക്ക് പരിഗണിച്ച്, ആരോഗ്യ മേഖല ഉൾപ്പെടെ അവശ്യ സർവിസുകളിൽ ജോലിചെയ്യുന്ന ജീവനക്കാരോട് വാർഷിക അവധി നേരത്തേ എടുക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
ഇതിന്റെകൂടി പശ്ചാത്തലത്തിൽ പെരുന്നാൾ ചേർത്ത് അവധിയിൽ പ്രവേശിച്ചാണ് പലരും നാട്ടിലേക്ക് മടങ്ങുന്നത്. കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം ചെയ്തതും രോഗഭീതി കുറഞ്ഞതും യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതുമെല്ലാം പ്രവാസികൾക്ക് ആശ്വാസത്തോടെ കുടുംബത്തിനൊപ്പം ചേരാൻ വഴിയൊരുക്കി. ഹ്രസ്വകാല അവധിക്ക് മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും തുർക്കി ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കാര്യമായ ബുക്കിങ്ങ് നടക്കുന്നതായി ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽനിന്നുള്ളവർ പറയുന്നു.
അതേസമയം, അവധി ആഘോഷിക്കാനുള്ള യാത്രക്കാരുടെ തിരക്ക് മുതലെടുക്കുന്ന വിധത്തിലാണ് വിമാന ടിക്കറ്റ് നിരക്ക്. പെരുന്നാളിന് മുമ്പായി നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർ സാധാരണ നിലയേക്കാൾ ഇരട്ടി നൽകിയാണ് നാട്ടിലേക്കു മടങ്ങുന്നത്.
വിവിധ രാജ്യങ്ങളിലേക്കും തിരിച്ചും സഞ്ചാരികളുടെ എണ്ണം വർധിച്ചതായി ട്രാവൽ വിദഗ്ധർ പറയുന്നു. കോവിഡ് കാലത്തെ ബുക്കിങ്ങിനെ അപേക്ഷിച്ച് വളരെ കൂടുതലാണ് ഇപ്പോഴുള്ളതെന്ന് എക്സ്പീരിയൻസ് ഡോട്ട് ക്യൂ.എ സി.ഇ.ഒ അബ്ദുറഹ്മാൻ സാജിദ് പറഞ്ഞു.
ഖത്തറിന് പുറമേ മറ്റു രാജ്യങ്ങളും യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും നിയന്ത്രണങ്ങൾ നീക്കിയതും യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിൽ പ്രധാന ഘടകങ്ങളാണ്. ഖത്തറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കു പുറമേ ഖത്തറിന് പുറത്തേക്കും ജനങ്ങൾ യാത്ര ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബർ മുതൽ യാത്രാ ബുക്കിങ്ങിൽ ക്രമേണ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് ഖത്തറിലും ഖത്തറിന് പുറത്തേക്കുമുള്ള യാത്രാ ബുക്കിങ്ങിൽ വലിയ വർധനയുണ്ടായിട്ടുണ്ടെന്ന് ഓർബിറ്റ് ട്രാവൽ സൂപ്പർവൈസർ ധീരജ് ജോഷി പറഞ്ഞു. ഖത്തറിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ അധികവും ഡിസേർട്ട് സഫാരി, സിറ്റി ടൂർ പാക്കേജുകളാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ, ആഭ്യന്തര ടൂറിസ്റ്റുകൾ കൂടുതലായും ബോട്ട് യാത്രകൾ, കയാക്കിങ് തുടങ്ങിയവയാണ് ബുക്ക് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.