നൗ ഈസ് 'ഉസൈർ'; സ്റ്റിക്കർ പതിച്ച് കിക്കോഫിന്
text_fieldsദോഹ: പന്തുരുളാൻ ഒരുങ്ങുന്നത് മലയാളിത്തനിമയുള്ള ലോകകപ്പിനാണെന്ന് പലകുറി പറഞ്ഞതാണ്. ഇപ്പോഴിതാ, ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ആരാധകർക്കിടയിൽ ഒരു മത്സരം നടത്തിയപ്പോൾ ഭാഗ്യം അനുഗ്രഹിച്ചതും മലയാളിക്കുതന്നെ. ലോകകപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സുപ്രീംകമ്മിറ്റി ആരാധകർക്കായി നടത്തിയ 'നൗ ഈസ് ആൾ' സ്റ്റിക്കർ മത്സരത്തിൽ ആദ്യ വിജയിയായിരിക്കുന്നത് കോഴിക്കോട് വാണിമേൽ സ്വദേശി ഉസൈർ മുഹമ്മദാണ്. നവംബർ 20ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ-എക്വഡോർ ഉദ്ഘാടന മത്സരത്തിന്റെ ഏറ്റവും മൂല്യമേറിയ കാറ്റഗറി ഒന്ന് ടിക്കറ്റാണ് സമ്മാനമായി ലഭിച്ചത്.
ഖത്തർ ലോകകപ്പിന് സജ്ജമായി എന്ന സന്ദേശം ഉൾക്കൊള്ളുന്ന 'നൗ ഈസ് ഓൾ' സ്റ്റിക്കറുകൾ വാഹനങ്ങളിലും ചുമരുകളിലും മറ്റു വസ്തുക്കളിലും പതിച്ച ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുള്ള മത്സരത്തിന് സെപ്റ്റംബർ ഒന്നിനായിരുന്നു തുടക്കം കുറിച്ചത്. ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിൽ പങ്കുവെക്കുന്ന ചിത്രം @Roadto2022 എന്ന സുപ്രീം കമ്മിറ്റി പേജുകളെയും ടാഗ് ചെയ്താണ് മത്സരം നടത്തിയത്. 22വരെ നീണ്ടുനിന്ന മത്സരങ്ങളിൽനിന്ന് രണ്ടുപേരെയാണ് വിജയികളായി തിരഞ്ഞെടുത്തത്. അവരിൽ ഒരാളായാണ് ഉസൈർ മുഹമ്മദ് ഭാഗ്യവാനായത്. വിവിധ രാജ്യങ്ങളിൽനിന്നായി പതിനായിരത്തോളം ആരാധകർ പങ്കാളികളായ മത്സരത്തിൽനിന്നും അപ്രതീക്ഷിതമായി വിജയിയായതിന്റെ ഇരട്ടി സന്തോഷത്തിലായിരുന്നു ഉസൈർ. അർജന്റീന ജഴ്സിയണിഞ്ഞ നാലു വയസ്സുകാരൻ മകൻ അതീഖ് അഹ്മദിന്റെ സന്തോഷപ്രകടനം കൂടി ഉൾക്കൊള്ളുന്നതായിരുന്നു ഉസൈർ പങ്കുവെച്ചത്.
വൻ പങ്കാളിത്തമുണ്ടായ മത്സരത്തിൽനിന്ന് സുപ്രീം കമ്മിറ്റി അധികൃതരാണ് വിജയിയായി ഉസൈറിന്റെ പോസ്റ്റ് തിരഞ്ഞെടുത്തത്. കഴിഞ്ഞദിവസം അൽ ബിദ്ദ ടവറിലെ സുപ്രീം കമ്മിറ്റി ആസ്ഥാനത്തേക്ക് ക്ഷണിച്ച് ഉദ്ഘാടന മത്സരത്തിന്റെ രണ്ടു ടിക്കറ്റുകളാണ് സമ്മാനമായി നൽകിയത്. ഏറ്റവും കൂടുതൽ ഡിമാൻഡുള്ള അർജന്റീന-മെക്സികോ മത്സരം ഉൾപ്പെടെ അഞ്ചു കളികളുടെ ടിക്കറ്റുമായുള്ള കാത്തിരിപ്പിനിടെയാണ് ഉസൈറിനെ തേടി ഉദ്ഘാടന മത്സര ഭാഗ്യമെത്തിയത്. നാലുവർഷമായി പ്രവാസിയായ ഇദ്ദേഹം ഖത്തർ റെഡ് ക്രസന്റിൽ ഫാർമസിസ്റ്റായി ജോലിചെയ്യുകയാണ്. ഭാര്യ ഫർഹാനക്കൊപ്പം ഉദ്ഘാടന മത്സരം കാണാനുള്ള ഒരുക്കത്തിലാണിപ്പോൾ വാണിമേൽ വയൽപീടിക ചേലവീട്ടിൽ ഉസൈർ മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.