ഇനി പക്ഷിവേട്ടക്കാലം
text_fieldsദോഹ: പക്ഷി വേട്ട ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ സ്വദേശികളുടെ പ്രധാന വിനോദങ്ങളിലൊന്നാണ്. വിജനമായ മരുഭൂമിയിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് നാടൻ ആയുധങ്ങളും ഉപകരണങ്ങളുമായി പക്ഷികളെ വേട്ടയാടിപ്പിടിക്കുന്നത് പണ്ടുകാലം മുതലുള്ള ശീലങ്ങളിലൊന്നാണ്.
ദേശാടനപക്ഷികളും മറ്റുമാണ് വേട്ടയാടപ്പെടുന്നതിൽ പ്രധാനം. അധികൃതരുടെ അനുമതിയോടെയും കർശനമായ നിയന്ത്രണങ്ങളോടെയുമാണ് ഈ പക്ഷി വേട്ട. ഈ വർഷത്തെ വേട്ടയാടൽ സീസൺ സെപ്റ്റംബർ ഒന്നിന് തുടങ്ങി ഫെബ്രുവരി 15ന് അവസാനിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
മരുഭൂമിയിൽ തണുപ്പുകാലം ആരംഭിക്കുന്നതോടെ ദേശാടന പക്ഷികൾ വിവിധ മേഖലകളിൽ നിന്നായി കൂട്ടത്തോടെ എത്തുമ്പോഴാണ് വേട്ടക്കാലവും ആരംഭിക്കുന്നത്. വേട്ടയാടപ്പെടുന്ന പക്ഷികളിലും വേട്ടയാടുന്ന രീതികളിലുമുണ്ട് നിർദേശങ്ങൾ.
ഇവ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടിയും സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നു. ദേശാടനക്കിളികളെ ആകർഷിക്കുന്നതിനൊപ്പം സംരക്ഷണവും നൽകുന്നതിന്റെ ഭാഗമായാണ് വേട്ടയാടുന്ന പക്ഷികളെ തരംതിരിച്ച് മന്ത്രാലയം നിർദേശം നൽകുന്നത്.
സ്വദേശികൾ ഏറെയും വേട്ടയാടുന്ന പ്രധാന പക്ഷിയാണ് ഹുബാറ എന്ന ഏഷ്യൻ ബസ്റ്റാഡ്. ഫാൽക്കൺ പക്ഷിയെ പറത്തിവിട്ടാണ് ഹുബാറയെ വേട്ടയാടി പിടിക്കുന്നത്. മറ്റു മാർഗങ്ങളിലൂടെ ഹുബാറയെ പിടികൂടുന്നതിന് കർശനമായ വിലക്കുണ്ട്.
പാരമ്പര്യേതര മാർഗങ്ങൾ, ഇലക്ട്രോണിക്-ഇലക്ട്രിക് ഉപകരണങ്ങൾ, പക്ഷിയുടെ ശബ്ദം പുറപ്പെടുവിക്കുന്ന ബേർഡ് കോളർ തുടങ്ങിയവ ഉപയോഗിച്ചുള്ള വേട്ട പൂർണമായും നിരോധിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാൽ പരിസ്ഥിതി നിയമലംഘനമായി കണക്കാക്കി കടുത്ത നടപടി സ്വീകരിക്കും.
വേട്ടയാടുന്ന സ്ഥലങ്ങളിലുമുണ്ട് മന്ത്രാലയത്തിന്റെ നിർദേശങ്ങൾ. പ്രകൃതി സംരക്ഷിത മേഖലകൾ (നാച്വറൽ റിസർവ്), പൊതു പാർക്കുകൾ, പൂന്തോട്ടങ്ങൾ, നഗരപരിധികൾ എന്നിവക്കുള്ളിൽ പക്ഷി വേട്ടപാടില്ല. സംരക്ഷിത വിഭാഗങ്ങളിലെ മൃഗങ്ങളെയും പക്ഷികളെയും സുരക്ഷിതമാക്കുകയും ലക്ഷ്യമാണ്.
വംശനാശഭീഷണി നേരിടുന്നതും സംരക്ഷിതവുമായ പ്രാദേശിക വിഭാഗങ്ങളെ വേട്ടയാടാൻ പാടില്ലെന്ന് അധികൃതർ നിർദേശിക്കുന്നു. 2023ലെ മന്ത്രിതല ഉത്തരവു പ്രകാരം ചില പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടുന്നതിനും സുക്ഷിക്കുന്നതിനും രണ്ടു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
കാട്ടുമുയൽ, ഒട്ടകപ്പക്ഷി, ചെറുമാൻ (ഗസല്ല), ഹണി ബാഡ്ജർ കരടി, മരുഭൂമിയിൽ കാണപ്പെടുന്ന പ്രത്യേക ഇനം എലിയായ ജെർബോ, മുള്ളൻപന്നി, കുരുവി വിഭാഗത്തിൽ പെട്ട ഷിർകെ തുടങ്ങിയ ഏതാനും ഇനങ്ങളുടെ വേട്ടക്കും കർശന വിലക്കുണ്ട്.
ഏഷ്യൻ ബസ്റ്റാർഡ് എന്നറിയപ്പെടുന്ന അൽ ഹുബാറ പക്ഷികൾ, യൂറോഷ്യൻ ഗോൾഡൻ ഒറിയോൾ (മഞ്ഞക്കിളി), മരുപ്പക്ഷി എന്നറിയപ്പെടുന്ന ഡെസേർട്ട് വീറ്റർ, ക്രെസ്റ്റഡ് ലാർക്, നെന്മണികുരുവി എന്നറിയപ്പെടുന്ന ഇസബെല്ലൻ വീറ്റ്ഇയർ, യൂറോഷ്യൻ സ്റ്റോൺ-കർല്യൂ (അൽ കർവൻ) തുടങ്ങി പത്തോളം പക്ഷികളാണ് വേട്ടയാടാൻ അനുമതിയുള്ള പട്ടികയിലുള്ളത്. ഇവയുടെ ചിത്ര സഹിതം പരിസ്ഥിതി മന്ത്രാലയം പട്ടിക പങ്കുവെച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണവും വേട്ടയാടൽ നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി വിവിധ ജീവജാലങ്ങളെ വേട്ടയാടൽ നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയതിനൊപ്പം വേട്ടയാടൽ സീസൺ കാലാവധിയും അധികൃതർ കുറച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി സെപ്റ്റംബർ ഒന്ന് മുതൽ ഫെബ്രുവരി 15 വരെയാണ് പക്ഷി വേട്ട സീസൺ.
സീസൺ ആരംഭിച്ചതോടെ ഫാൽക്കൺ പക്ഷികളെ ഒരുക്കി നിർത്തിയും ആവശ്യമായ ഉപകരണങ്ങൾ സമാഹരിച്ചും തയാറെടുക്കുകയാണ് വേട്ട പ്രിയർ. ഫാൽകൺ പ്രേമികളുടെ പ്രധാന മേളയായ സുഹൈൽ പ്രദർശനം ഈയാഴ്ച കതാറയിൽ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.