ആണവ സാങ്കേതികവിദ്യ കൃഷിയിൽ; പരിശീലനവുമായി മന്ത്രാലയം
text_fieldsദോഹ: ആണവോർജമെന്നു കേൾക്കുമ്പോൾ പേടിക്കേണ്ട. മരണം വിതക്കുന്ന ആയുധത്തിനപ്പുറം, സമാധാനപരമായ ഉപയോഗത്തിലൂടെ ലോകപുരോഗതിക്കും ആണവോർജത്തിന് സാധ്യതയുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയവും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും.
കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി ആണവ സാങ്കേതികവിദ്യ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നതിലാണ് മുനിസിപ്പാലിറ്റി മന്ത്രാലയം പരിശീലന കോഴ്സ് സംഘടിപ്പിച്ചത്.
ഒക്ടോബർ 2ന് ആരംഭിച്ച് 31 വരെ നീണ്ടുനിൽക്കുന്ന പരിശീലന കോഴ്സിൽ ഖത്തറിന് പുറമേ ഗൾഫ് രാജ്യങ്ങൾ, ജോർഡൻ, ലബനാൻ, സിറിയ, ഇറാഖ്, യമൻ എന്നിവിടങ്ങളിൽനിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്. കാർഷികവിളയുടെ ജനിതക ഘടന മെച്ചപ്പെടുത്തൽ, ബ്രീഡിങ് ടെക്നിക്കുകൾ, വിപുലമായ സ്ക്രീനിങ് രീതികൾ, ജനിതക വർധനക്കുള്ള ഭാവി സാധ്യതകൾ തുടങ്ങി പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശീലന കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നത്.
ആണവോർജത്തിന്റെ ഫലപ്രദമായ ഉപയോഗം കാർഷികമേഖലയിൽ നിർണായകമാണെന്നും ആഗോള ഭക്ഷ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിലും ഭക്ഷ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തത വളർത്തുന്നതിലും അത് വലിയ പങ്ക് വഹിക്കുന്നുവെന്നും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക ഗവേഷണ വിഭാഗം മേധാവി ഹമദ് സകീത് അൽ ഷമ്മാരി പറഞ്ഞു.
മ്യൂട്ടേഷൻ ബ്രീഡിങ്ങും ജനിതക എൻജിനീയറിങ് ടെക്നിക്കുകളും കാർഷിക വിളകളെ പ്രാദേശിക പരിസ്ഥിതിയുമായി നന്നായി പൊരുത്തപ്പെടുന്നതിനും അവയുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നും അൽ ഷമ്മാരി കൂട്ടിച്ചേർത്തു.
ജലക്ഷാമം, കഠിനമായ മരുഭൂമി കാലാവസ്ഥ തുടങ്ങി അറബ് മേഖലയിലെ കാർഷിക വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, എല്ലാ കാലാവസ്ഥയിലേക്കും അനുയോജ്യമായ വിളകളുടെ വികസനത്തിന് ആണവ സാങ്കേതികവിദ്യ വലിയതോതിൽ പ്രയോജനപ്പെടുമെന്നും ഇത് പ്രാദേശിക, ആഗോള ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുമെന്നും വിശദീകരിച്ചു.
വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും സ്വയം പര്യാപ്തത കൈവരിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള ഖത്തറിന്റെ ശ്രമങ്ങൾക്കനുസൃതമായാണ് പരിശീലന കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ പുരോഗമിക്കുന്ന ഗവേഷണ പദ്ധതികൾക്ക് സാങ്കേതിക, വൈദഗ്ധ്യ പിന്തുണ നൽകുന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസിയെ അദ്ദേഹം പ്രശംസിച്ചു.
കീടനാശിനികളുടെ ഉപയോഗം കുറക്കുകയും ജല ഉപഭോഗം മിതമാക്കുകയും ഭാവി തലമുറക്കായി പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്തുകൊണ്ട് കാർഷികമേഖലയിലെ ആണവോർജ ഉപയോഗം പാരിസ്ഥിതിക സുസ്ഥിര ലക്ഷ്യങ്ങളെ പിന്തുണക്കുന്നുവെന്നും അൽ ഷമ്മാരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.