സർക്കാർ സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം വർധിക്കും
text_fieldsദോഹ: 2022-2023 അധ്യായന വർഷത്തിൽ രാജ്യത്തെ സർക്കാർ വിദ്യാലയങ്ങളിൽ ഏകദേശം 16,000 പുതിയ വിദ്യാർഥികൾ പ്രവേശനം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അടുത്ത വർഷത്തോടെ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 1.36 ലക്ഷം ആയി വർധിക്കും. നിലവിലെ അധ്യായന വർഷത്തേക്കാൾ 6000 വിദ്യാർഥികളുടെ വർധനയാണ് പ്രതീക്ഷിക്കുന്നത്. മന്ത്രാലയത്തിലെ സ്കൂൾകാര്യ വിഭാഗം വിദ്യാഭ്യാസ ഉപദേഷ്ടാവ് റാഷിദ് സഅദ് അൽ മുഹന്നദി പറഞ്ഞു.
നിലവിലെ അധ്യായന വർഷത്തിൽ സർക്കാർ സെക്കൻഡറി സ്കൂളുകളിൽനിന്നും 10,000 വിദ്യാർഥികൾ പഠനം പൂർത്തിയാക്കുമെന്നും സ്കൂളിൽ വിദ്യാർത്ഥികളുടെ രജിസ്ട്രേഷനായി രക്ഷിതാക്കൾ നേരിട്ടെത്തേണ്ടതില്ലെന്നും മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ രജിസ്ട്രേഷൻ ലിങ്ക് ലഭ്യമാണെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. https://eduservices.edu.gov.qa/ എന്ന ലിങ്ക് വഴിയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.പുതിയ വിദ്യാർഥികളുടെ രജിസ്ട്രേഷൻ, സർക്കാർ സ്കൂളിൽനിന്നുള്ള മാറ്റം, സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും സർക്കാർ സ്കൂളുകളിലേക്കുള്ള മാറ്റം എന്നിവയെല്ലാം ഓൺലൈൻ സേവനം വഴി ലഭ്യമാണ്.സർക്കാർ സ്കൂളുകളിലേക്കുള്ള പ്രവേശനത്തിന് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജൂൺ ഒമ്പത് ആണ്.
ഇക്കാലയളവിൽ ഖത്തരി വിദ്യാർഥികൾ, ഖത്തരി മാതാവിന് ജനിച്ചവർ, ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവർ എന്നിവർക്ക് രജിസ്റ്റർ ചെയ്യാം. സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, ചാരിറ്റി സംഘടനകൾ എന്നിവയിലെ പ്രവാസി ജോലിക്കാരുടെ മക്കൾക്ക് മേയ് 26 വരെ പ്രവേശനത്തിനായി അപേക്ഷിക്കാം. എല്ലാ രേഖകളും ഓൺലൈൻ വഴി സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.