യുനീഖ് നഴ്സസ് ദിനാഘോഷം നാളെ
text_fieldsയുനീഖ് നഴ്സസ് ദിനാഘോഷ പരിപാടികളുടെ പോസ്റ്റർ ഭാരവാഹികൾ പ്രകാശനം ചെയ്യുന്നു.
ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യൂനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തർ (യുനീഖ്) നേതൃത്വത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം വെള്ളിയാഴ്ച നടക്കും. ബിർല പബ്ലിക് സ്കൂളിൽ വൈകീട്ട് മൂന്നുമുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മീത്തൽ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ ചീഫ് നഴ്സിങ് ഓഫിസർ മറിയം നൂഹ് അൽ മുതാവ മുഖ്യാതിഥിയായി പങ്കെടുക്കും. കോവിഡ് മഹാമാരിയിൽ നിസ്തുല സേവനം ചെയ്തവർ ഉൾപ്പെടെയുള്ള 17 നഴ്സുമാരെ ചടങ്ങിൽ ആദരിക്കും.
തുടർന്ന് യുനീക് അംഗങ്ങളുടെയും കുടുംബങ്ങളുടെയും സംഗമം, ജനറൽ ബോഡി യോഗം, അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികൾ എന്നിവയോടെയാണ് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നതെന്ന് പ്രസിഡന്‍റ് മിനി സിബിയും, വൈസ് പ്രസിഡന്‍റ് ലുത്ഫി കലമ്പനും പറഞ്ഞു. ഖത്തറിലെ പ്രശസ്തമായ ഇന്ത്യൻ മ്യൂസിക് ബാൻഡ് സംഘമായ ഫങ്കർ ബീറ്റ്സ് നയിക്കുന്ന മ്യൂസിക് ബാൻഡ് ചടങ്ങുകൾക്ക് മിഴിവേകും. യുനീഖ് പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ലിൻസൺ, ട്രഷറർ മുഹമ്മദ് അമീർ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. ഖത്തറിലെ ഇന്ത്യൻ നഴ്സുമാർക്കിടയിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന യുനീഖിനു കീഴിൽ 600ഓളം അഗങ്ങളുണ്ട്.
സർക്കാർ, സ്വകാര്യ മേഖലയിലിലെയും, റെഡ്ക്രസന്‍റ്, ഇൻഡസ്ട്രിയൽ സെക്ടർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലുമായി ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന നഴ്സുമാർ സംഘടനയിൽ അംഗങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.