തൊഴിലിട സുരക്ഷക്ക് മുന്തിയ പരിഗണന -തൊഴിൽ മന്ത്രി
text_fieldsദോഹ: തൊഴിലിടങ്ങളിലെ സുരക്ഷക്കും തൊഴിലാളികളുടെ ആരോഗ്യത്തിനും ഖത്തര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് തൊഴില്‍ മന്ത്രി അലിബിന്‍ സ്മൈഖ് അല്‍ മര്‍റി. തൊഴിലിടങ്ങളിലെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച ലോകദിനാചരണ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കവേയാണ് എല്ലാ വിഭാഗം തൊഴിലാളികൾക്കും ഖത്തർ നൽകുന്ന സുരക്ഷിതത്വം സംബന്ധിച്ച് മന്ത്രി വ്യക്തമാക്കിയത്. ദേശീയ ഹ്യൂമൻറൈറ്റ്സ് കമ്മിറ്റി, രാജ്യാന്തര ലേബർ ഓർഗനൈസേഷൻ, ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ബിൽഡിങ് ആൻഡ് വുഡ് വർക്കേഴ്സ് എന്നിവരുമായി സഹകരിച്ചാണ് തൊഴിൽ മന്ത്രാലയം ദിനാചരണം സംഘടിപ്പിച്ചത്.
എല്ലാ വര്‍ഷവും ഏപ്രില്‍ 28നാണ് തൊഴിലിട സുരക്ഷക്കും ആരോഗ്യത്തിനുമുള്ള ദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന 'തൊഴിൽ സുരക്ഷയും ആരോഗ്യവും - പ്രതിബദ്ധതയും ഉത്തരവാദിത്തങ്ങളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സിലാണ് ഇക്കാര്യത്തില്‍ ഖത്തറിന്റെ പ്രതിബദ്ധത മന്ത്രി ഊന്നിപ്പറഞ്ഞത്. ഖത്തറിന്റെ വികസനത്തില്‍ തൊഴിലാളികളുടെ പങ്ക് ക്രിയാത്മകമാണ്. ജോലിസ്ഥലത്ത് അപകടങ്ങളില്‍ മരണവും പരിക്കുകളും ഇല്ലാതെ തൊഴിലാളികളെ സംരക്ഷിക്കേണ്ടത് കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വർഷവും തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയിലും രാജ്യം നേട്ടം കൈവരിക്കുകയാണ്. ചൂടുകാരണം തൊഴിലാളികൾ നേരിട്ട ആരോഗ്യ പ്രശ്നങ്ങൾ 2019, 2020 വർഷങ്ങളെ അപേക്ഷിച്ച് 2021ൽ കുറക്കാൻ കഴിഞ്ഞു. ഖത്തർ ദേശീയ വിഷൻ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നുകൂടിയാണ് തൊഴിലാളികളുടെ സുരക്ഷയെന്നും മന്ത്രി പറഞ്ഞു.
ദേശീയ മനുഷ്യാവകാശ സമിതി ചെയർപേഴ്സൻ മർയം അബ്ദുല്ല അൽ തിയ്യ, ഖത്തർ ചേംബർ ചെയർമാൻ ശൈഖ് ഖലീഫ ബിൻജാസിം ആൽഥാനി, ഐ.എൽ.ഒ പ്രോജക്ട് ഓഫിസ് മേധാവി മാക്ക് ടുനോൻ, ബി.ഡബ്ല്യൂ.ഐ ഡെപ്യൂട്ടി പ്രസിഡന്റ് ഡീറ്റ്മർ ഷാഫേഴ്സ് എന്നിവരും സമ്മേളനത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.