എണ്ണ പ്ലാന്റുകൾക്കരികിലേക്ക് അതിക്രമിച്ചു കടക്കരുത്
text_fieldsദോഹ: മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കും കടലിലേക്ക് പോകുന്നവർക്കും മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. പുറംകടലിലെ ഓയിൽ പ്ലാന്റുകൾക്ക് സമീപത്തേക്ക് പ്രവേശിക്കുന്നവർക്ക് കനത്ത പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മാരിടൈം പെട്രോളിയം, ഗ്യാസ് ഇൻസ്റ്റലേഷനുകളുടെ സംരംക്ഷണം സംബന്ധിച്ച 2004ലെ നിയമ പ്രകാരം സംരക്ഷിത മേഖലകളിലേക്ക് അതിക്രമിച്ചു കടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമ പേജിലൂടെ ഓർമിപ്പിച്ചു. ആര്‍ട്ടിക്കിള്‍ മൂന്ന് പ്രകാരം, 500 മീറ്ററില്‍ താഴെയുള്ള ദൂരപരിധിക്കുള്ളില്‍ അനധികൃതമായി ആരും ഓഫ്ഷോര്‍ പ്ലാന്റുകളുടെ പ്രദേശത്തേക്ക് പോകരുത്.
ആര്‍ട്ടിക്കിള്‍ നാല് പ്രകാരം ഓഫ്ഷോര്‍ പ്ലാന്റുകളില്‍നിന്ന് 500 മീറ്ററില്‍ താഴെ മേഖലയിൽ മത്സ്യബന്ധനം നടത്തുകയോ മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.ഏതെങ്കിലും സാഹചര്യത്തിൽ എണ്ണ, വാതക മേഖലയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവേശിച്ചാൽ ഒരു ലക്ഷം റിയാൽ പിഴയും മൂന്നു വർഷം വരെ തടവും അനുഭവിക്കേണ്ടി വരും. ചിലപ്പോൾ ഇവ രണ്ടും ചുമത്തും.
മനപ്പൂർവമല്ലാത്ത അട്ടിമറി ശ്രമങ്ങൾ നടത്തിയാൽ രണ്ട് ലക്ഷം പിഴയും മൂന്നുവർഷം വരെ തടവും, ബോധപൂർവമായ അട്ടിമറി പ്രവൃത്തികളുടെ ഭാഗമായാൽ അഞ്ചു ലക്ഷം റിയാൽ പിഴയും 20 വർഷം തടവുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.