ഒളിമ്പിക് ചാമ്പ്യൻ ബർഷിം ഖത്തർ ചാരിറ്റി അംബാസഡർ
text_fieldsദോഹ: ഖത്തരി അത്ലറ്റും ഒളിമ്പിക് ചാമ്പ്യനുമായ മുഅ്തസ് ബർഷിമിനെ ഖത്തർ ചാരിറ്റി ഹ്യൂമാനിറ്റേറിയൻ അംബാസഡറായി തെരഞ്ഞെടുത്തു. മാനുഷിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരുകയും ആഭ്യന്തരമായും അന്തർദേശീയ തലത്തിലും നടപ്പിലാക്കുന്ന ഖത്തർ ചാരിറ്റിയുടെ പദ്ധതികൾക്കും സംരംഭങ്ങൾക്കും പിന്തുണ നേടുകയും ചെയ്യുകയാണ് ബർഷിം-ഖത്തർ ചാരിറ്റി കരാറിലൂടെ ലക്ഷ്യമിടുന്നത്. ഞായറാഴ്ചയാണ് ബർഷിമും ഖത്തർ ചാരിറ്റിയും തമ്മിൽ കരാർ ഒപ്പുവെച്ചത്.
കരാർ പ്രകാരം ബർഷിം, ഖത്തർ ചാരിറ്റിയുടെ നിരവധി പ്രാദേശിക, ദേശീയ, വിദേശ സമ്മേളനങ്ങളിലും ഖത്തർ ചാരിറ്റിയുടെ ഫീൽഡ് സന്ദർശനങ്ങളിലും പങ്കെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഖത്തർ ചാരിറ്റിക്കായുള്ള വിവിധ പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും കാമ്പയിനുകളുടെ പ്രചാരകനാകുകയും ചെയ്യും.
ഖത്തർ ചാരിറ്റിക്കു വേണ്ടി ധനസമാഹരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ചാരിറ്റി പദ്ധതി സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും സഹായിക്കും. കൂടാതെ ഇവരുടെ പ്രാദേശിക, ദേശീയ, ആഗോള മാനുഷിക പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ താരം ബോധവത്കരണം നടത്തുകയും ചെയ്തു.
ബർഷിമിനെ ഖത്തർ ചാരിറ്റി ഹ്യൂമാനിറ്റേറിയൻ അംബാസഡറായി തെരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്ന് സി.ഇ.ഒ യൂസുഫ് ബിൻ അഹ്മദ് അൽ കുവാരി പറഞ്ഞു. ഖത്തറിന്റെ അന്താരാഷ്ട്ര താരമായ ബർഷിമുൾപ്പെടെയുള്ള പ്രധാന വ്യക്തികൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അൽ കുവാരി ചൂണ്ടിക്കാട്ടി.
മാനുഷിക സാഹചര്യങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരുന്നതിലും ലോകമെമ്പാടുമുള്ള പ്രതിസന്ധികളും ദുരന്തങ്ങളും മൂലം അവികസിത സമൂഹങ്ങളിലെ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്ന പദ്ധതികൾക്കും സംരംഭങ്ങൾക്കുമായി ധനസമാഹരണം നടത്തുന്നതിലും ഇവരുടെ പങ്കും സ്വാധീനവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ മേഖലകളിൽ സ്വാധീനമുള്ളവർ സന്നദ്ധ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെടണമെന്നും മാനുഷിക വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം പ്രോത്സാഹിപ്പിക്കണമെന്നും മുഅ്തസ് ബർഷിം പറഞ്ഞു.
കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ഹൈജമ്പർമാരിൽ ഒരാളായാണ് ഖത്തറിന്റെ ബർഷിം കണക്കാക്കപ്പെടുന്നത്. 2017 ലണ്ടൻ, 2019 ദോഹ, 2022 യൂജിൻ എന്നീ ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ താരം, 2020 ടോക്യോ ഒളിമ്പിക് ചാമ്പ്യൻകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.