ഒമാൻ, ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങൾകൂടി ഖത്തറിന്‍റെ റെഡ്ലിസ്റ്റിൽ
text_fieldsദോഹ: ഗ്രീൻ ലിസ്റ്റിലായിരുന്ന ഒമാനും കുവൈത്തും ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളെ റെഡ് ലിസ്റ്റിലേക്ക് മറ്റിയും, എക്സപ്ഷണൽ റെഡ് ലിസ്റ്റിലെ അംഗങ്ങളുടെ എണ്ണം ഒമ്പതിൽ നിന്ന് ആറായി കുറച്ചും ഖത്തറിന്‍റെ പുതിയ യാത്രാ പട്ടിക. മാറ്റങ്ങൾ ജനുവരി 30 ഞായറാഴ്ച രാത്രി ഏഴ് മുതൽ പ്രാബല്ല്യത്തിൽ വരുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് തീവ്രത തീരെ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ നിന്നും കൂടുതൽ പേരെ റെഡ് ലിസ്റ്റിലേക്ക് മാറ്റി. ജനുവരി എട്ട് മുതലുള്ള നിലവിലെ പട്ടിക പ്രകാരം 143 രാജ്യങ്ങളായിരുന്നു ഗ്രീൻ ലിസ്റ്റിലെങ്കിൽ, പുതിയ മാറ്റങ്ങളോടെ ഇത് 117 ആയി മാറി. നേരത്തെ ഗ്രീൻ ലിസ്റ്റിലായിരുന്ന ഒമാൻ, ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങൾ റെഡ്ലിസ്റ്റിലായി. സൗദി അറേബ്യ, യു.എ.ഇ എന്നിവർ നേരത്തെ തന്നെ റെഡ് ലിസ്റ്റിലാണുള്ളത്. ഈ രാജ്യങ്ങളിൽ നിന്നുള്ള ഖത്തർപൗരന്മാരും, റെസിഡന്‍റും ഒഴികെയുള്ള എല്ലാ യാത്രക്കാർക്കും രണ്ടു ദിവസ ഹോട്ടൽ ക്വാറന്‍റീൻ നിർബന്ധമാണ്.
റെഡ്ലിസ്റ്റിലെ ആകെ രാജ്യങ്ങളുടെ എണ്ണം 57ൽ നിന്നും 86 ആയി ഉയർന്നു. അമേരിക്ക, ബ്രിട്ടൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളെല്ലാം റെഡ് ലിസ്റ്റിലാണുള്ളത്.
അതേസമയം, അതി തീവ്ര വിഭാഗമായി കണക്കാക്കുന്ന എക്സപ്ഷണൽ റെഡ് ലിസ്റ്റിന്‍റെ നീളം കുറഞ്ഞു. ഒമ്പതിൽ നിന്നും ആറായാണ് ചുരുക്കിയത്. എന്നാൽ, ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻസ്, നേപ്പാൾ, ഈജിപ്ത്, ബംഗ്ലാദേശ് രാജ്യങ്ങൾ എക്സപ്ഷണൽ റെഡ്ലിസ്റ്റിൽ തന്നെയാണ്. കഴിഞ്ഞ തവണ റെഡ്ലിസ്റ്റിലേക്ക് മാറ്റിയ ഫിലിപ്പീൻസിനെ വീണ്ടും ഇതേ പട്ടികയിലേക്ക് മറ്റി. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ഈ പട്ടികയിൽ ഉൾപ്പെടുത്തിയ സിംബാബ്വെ, നമീബിയ, ലെസോതോ, ബോട്സ്വാന രാജ്യങ്ങൾ റെഡ്ലിസ്റ്റിലേക്ക് മാറ്റി. രോഗ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് തിരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.