ഒമിക്രോൺ വ്യാപനം മുൻ തരംഗങ്ങളെ പോലെ തുടരിെല്ലന്ന്
text_fieldsദോഹ: കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോണിെൻറ വേഗത്തിലുള്ള വ്യാപനം അധികകാലം നിലനിൽക്കില്ലെന്ന് ഖത്തർ ഫൗണ്ടേഷനിലെ ആരോഗ്യ വിദഗ്ധൻ. ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ വ്യാപനം ആദ്യമായി റിപ്പോർട്ട് ചെയ്തത്. തുടക്കത്തിൽ നിരവധി പേരിലേക്ക് രോഗം വ്യാപിച്ചെങ്കിലും ഒരു മാസത്തിന് ശേഷം നിയന്ത്രണങ്ങളെല്ലാം പിൻവലിക്കുന്ന ഘട്ടത്തിലാണ് ആ രാജ്യം എത്തിനിൽക്കുന്നത് -വെയ്ൽ കോർണെൽ മെഡിസിൻ ഇൻഫെക്ഷസ് ഡിസീസ് എപിഡെമോളജി വിഭാഗം പ്രഫ. ഡോ. ലെയ്ഥ് അബു റദ്ദാദ് പറഞ്ഞു.
ശ്വാസകോശങ്ങളിലെ കോശങ്ങളെ ബാധിക്കുന്നതിന് പകരം, മൂക്കിനെയും തൊണ്ടയെയുമാണ് ഒമിക്രോൺ പ്രധാനമായും ബാധിക്കുന്നതെന്നും അതിനാൽ ഗുരുതര രോഗലക്ഷണങ്ങൾ വളരെ കുറവാണെന്നും വ്യക്തമാക്കിയ ഡോ. ലെയ്ഥ് റദ്ദാദ്, ഇക്കാര്യം വളരെ ആശാവഹമാണെന്നും സൂചിപ്പിച്ചു.
വളരെ വേഗത്തിലാണ് ഒമിക്രോൺ വ്യാപനമെങ്കിലും മുൻ വകഭേദങ്ങളെ പോലെ അത്ര അപകടകാരിയല്ല. വാക്സിൻ രണ്ട് ഡോസ് എടുത്തവർക്കും വീണ്ടും രോഗം ബാധിച്ചതിൽ ആശ്ചര്യപ്പെടാനില്ല. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിട്ടവരിൽ പ്രതിരോധശേഷി കുറഞ്ഞു വരുന്നതായി ക്ലിനിക്കൽ പരിശോധനകളിൽ തെളിഞ്ഞതാണ്. അതുകൊണ്ടാണ് ഒമിക്രോൺ വ്യാപനം വേഗത്തിലായത്.എത്രയും പെട്ടെന്ന് ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയാണ് ഏറെ അഭികാമ്യമായത് -അദ്ദേഹം അഭ്യർഥിച്ചു. എല്ലാ കേസുകളിലും വാക്സിൻ രോഗപ്രതിരോധശേഷി ഉറപ്പു നൽകുകയില്ലെന്ന് ജനങ്ങൾ മനസ്സിലാക്കണം. ഗുരുതരമായ രോഗങ്ങളിൽനിന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിൽനിന്നും വാക്സിൻ തടയും -അദ്ദേഹം പറഞ്ഞു.
ഫ്ലൂ വാക്സിൻ ശൈത്യകാലത്ത് സംരക്ഷണം നൽകും -ആരോഗ്യ വിദഗ്ധൻ
ദോഹ: കോവിഡ് പശ്ചാത്തലത്തിൽ, പ്രത്യേകിച്ചും ശൈത്യകാലത്ത് ഫ്ലൂ വാക്സിൻ സ്വീകരിക്കുന്നത് സംരക്ഷണം നൽകാൻ സഹായിക്കുമെന്ന് സിദ്റ മെഡിസിൻ സീനിയർ അറ്റൻഡിങ് ഫിസിഷ്യൻ ഡോ. മുഹമ്മദ് അതാ ഹിന്ദൂസ് റഹാൽ പറഞ്ഞു. ഫ്ലൂ വാക്സിൻ സ്വീകരിക്കുന്നതിലൂടെ വിവിധ രോഗങ്ങളിൽനിന്ന് ഉയർന്ന തലത്തിൽ സംരക്ഷണം ഉറപ്പു നൽകുമെന്നും കുട്ടികൾക്കും ഗർഭിണികൾക്കും മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്കും ഫ്ലൂ വാക്സിൻ ഏറെ നല്ലതാണെന്നും കോവിഡ് വാക്സിനൊപ്പംതന്നെ ഫ്ലൂ വാക്സിൻ എടുക്കുന്നത് സുരക്ഷിതമാണെന്ന് ഏറ്റവും പുതിയ പഠനങ്ങൾ തെളിയിക്കുന്നതായും ഡോ. മുഹമ്മദ് റഹാൽ വ്യക്തമാക്കി.
ചുരുക്കം ചിലരൊഴികെ ആറുമാസത്തിന് മുകളിൽ പ്രായമുള്ളവരെല്ലാം ഫ്ലൂ വാക്സിൻ എടുക്കേണ്ടതാണെന്നും ആറു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ, ഫ്ലൂ വാക്സിനിലെ ചില ഘടകങ്ങൾ (ആൻറിബയോട്ടിക്, ജെലാറ്റിൻ) മൂലം അലർജിയുടെ പ്രശ്നങ്ങളുള്ളവർ, മുമ്പത്തെ ഫ്ലൂ വാക്സിനെടുത്തതുമൂലം കടുത്ത അലർജി ഉണ്ടായവർ എന്നിവർ മാത്രമാണ് ഇതിൽനിന്ന് ഒഴിവായവരെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ ഹെൽത്ത് സെൻററുകളിലും ഫ്ലൂ വാക്സിൻ ലഭ്യമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കാൻ ഹെൽത്ത് സെന്ററിലെത്തുമ്പോൾ അതേസമയം തന്നെ ഫ്ലൂ വാക്സിൻ ആവശ്യപ്പെടാമെന്നും കോവിഡിൽനിന്നും ഫ്ലൂവിൽനിന്നും ഇവ സംരക്ഷണം ഉറപ്പുനൽകുന്നുവെന്നും വിശദീകരിക്കുന്നു.
പനി കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിൽനിന്ന് ഫ്ലൂ വാക്സിൻ സംരക്ഷണം നൽകുന്നു. വാക്സിനെടുക്കുന്നതിലൂടെ രോഗ തീവ്രത കുറയുകയും ചെയ്യും. കൂടാതെ ആരോഗ്യമുള്ളവർക്കും രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്കും വാക്സിൻ ഒരുപോലെ നല്ലതാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. ഒരേസമയംതന്നെ കോവിഡ് രോഗവും ഫ്ലൂവും ഒരാൾക്ക് ബാധിക്കാനിടയുണ്ടെന്നും രണ്ട് രോഗങ്ങളുടെയും വൈറസ് രണ്ടു തരത്തിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.