ലോകകപ്പിനെ പൂക്കളമാക്കി ഓണാഘോഷം
text_fieldsദോഹ: ഇടവേളക്കു ശേഷം കോവിഡ് നിയന്ത്രണങ്ങളോ വിലക്കുകളോ ഇല്ലാത്ത കാലത്ത് എത്തിയ ഓണത്തെ ആഘോഷത്തോടെ വരവേറ്റ് പ്രവാസി മലയാളികൾ. ഓണത്തിനൊപ്പം, ലോകകപ്പിന്റെ കൂടി ആവേശത്തെ പൂക്കളമാക്കിമാറ്റിയാണ് ഖത്തറിലെ പ്രവാസികൾ ഇത്തവണ ഓണം ആഘോഷിക്കുന്നത്.
കഴിഞ്ഞ ദിവസം ഖത്തർ ഇന്ത്യൻ അസോസിയേഷൻ -റിയാദാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ 'പോന്നോണം 2022'ഓണം പൂക്കള മത്സരത്തിൽ കളം നിറഞ്ഞത് ലോകകപ്പിന്റെ കാഴ്ചകളുമായാണ്. അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 22 പ്രവാസി സംഘടനകളാണ് പങ്കെടുത്തത്. 2022 ലോകകപ്പ് എന്ന വിഷയത്തിലായിരുന്നു പൂക്കളങ്ങൾ ഒരുക്കാൻ നിർദേശിച്ചത്. ലോകകപ്പ് ഫുട്ബാൾ വിഷയമായി ഖത്തറിലെ വലിയ പൂക്കള മത്സരത്തിനാണ് കഴിഞ്ഞ വെള്ളിയാഴ്ച അൽ അറബി ഇൻഡോർ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്.
2022 ലോകകപ്പിനെ വിവിധ വർണങ്ങളിൽ മത്സരാർഥികൾ അണിയിച്ചൊരുക്കിയപ്പോൾ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ ഭാഗ്യമുദ്രയും, ലോഗോയും ഖത്തറിന്റെ ദേശീയ പതാകയുമെല്ലാം പൂക്കളിൽ വിരിഞ്ഞു. സ്വർണക്കപ്പും, ഖത്തറിന്റെ ഭൂപടവും, കേരളത്തിന്റെ തനത് കാഴ്ചകൾ ചേർത്തും, ലോകകപ്പിൽ പന്തുതട്ടുന്ന വിവിധ ടീമുകളുടെ ദേശീയ പതാകകൾ തീർത്തും കളങ്ങൾ ആകർഷകമായി.
സംഘാടകർ നൽകിയ രണ്ട് മണിക്കൂർ സമയത്തെ ആവേശകരമായ മത്സരത്തിനൊടുവിൽ വാസു വാണിമേൽ, സ്വപ്ന നമ്പൂതിരി, സുധീർ പ്രയാർ എന്നിവർ ചേർന്ന ജഡ്ജിങ് പാനൽ വിജയികളെ തിരഞ്ഞെടുത്തു. ഫറോക്ക് പ്രവാസി അസോസിയേഷൻ ഒന്നാം സ്ഥാനക്കാരായി. ഗവ. എൻജിനീയറിങ് കോളജ് തൃശൂർ അലുമ്നി അസോസിയേഷൻ ഖത്തർ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തർ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.
വിജയികൾക്കുള്ള കാഷ് അവാർഡും സർട്ടിഫിക്കറ്റും മുഖ്യ പ്രായോജകരായ റിയാദ മെഡിക്കൽ സെന്ററും ഖിയയും ചേർന്ന് സമ്മാനിച്ചു. ഇന്ത്യൻ കൽച്ചറൽ സെന്റർ പ്രസിഡന്റ് പി.എൻ. ബാബുരാജൻ ഉൾപ്പെടെ നിരവധി കമ്യൂണിറ്റി നേതാക്കൾ മത്സരം വീക്ഷിക്കാനായി വേദിയിലെത്തി.
ഖിയ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി നിഹാദ് അലി, 'പോന്നോണം 2022'ജനറൽ കൺവീനർ അബ്ദുൽ റഹിം വേങ്ങേരി, ഖിയ വൈസ് പ്രസിഡന്റുമാരായ കെ.സി. അബ്ദുറഹ്മാൻ, എ.പി. ഖലീൽ, വേൾഡ് കപ്പ് ഇന്ത്യൻ കമ്യൂണിറ്റി ഫോക്കൽ പോയന്റ് സഫീർ റഹ്മാൻ, ഖിയ എക്സിക്യൂട്ടിവ് അംഗങ്ങളായ ഹംസ യൂസഫ്, ആഷിഫ് ഹമീദ്, മുഹമ്മദ് ഹെൽമി, റഫീഖ് ചെറുകാരി, അസീം, ടി.സി. അസ്ലം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.