കളർഫുളായി ഓണം; മുണ്ടുടുത്തും സദ്യയുണ്ടും പ്രവാസോണം
text_fieldsദോഹ: ആഘോഷങ്ങൾക്ക് ഒട്ടും മാറ്റ് കുറക്കാതെ, പൂക്കളമൊരുക്കിയും കസവുമുണ്ടും സാരിയുമുടുത്തും വയറുനിറയെ സദ്യയുണ്ടും പ്രവാസി മലയാളികളുടെ തിരുവോണത്തെ വരവേറ്റു. വാരാന്ത്യ പ്രവൃത്തിദിനമായ വ്യാഴാഴ്ചയായിരുന്നു ഓണമെങ്കിലും, ആഘോഷങ്ങൾക്ക് പൊലിമ ഒട്ടും കുറയാതെ തന്നെ തുടക്കം കുറിച്ചു. തിരുവോണപ്പിറ്റേന്ന് വെള്ളിയാഴ്ച കൂടിയായതോടെ മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയുമെല്ലാം ആഘോഷങ്ങൾ ഏറെയും ഇന്നലെയായിരുന്നു. ഇനി സെപ്റ്റംബർ മുഴുവൻ വൈവിധ്യമാർന്ന പരിപാടികളോടെയാണ് പ്രവാസികൾ ഓണം ആഘോഷിക്കുന്നത്.
തിരുവോണം പ്രവൃത്തിദിനമായതിനാൽ, വീടുകളേക്കാൾ കൂടുതൽ ഓഫിസുകളിലായിരുന്നു ഓണാഘോഷം. രണ്ടു വർഷത്തിനുശേഷം കോവിഡ് ഭീതിയില്ലാതെ എത്തിയ ഓണത്തിൽ സാമൂഹിക അകലമോ മാസ്കിന്‍റെ വീർപ്പുമുട്ടലോ ഇല്ലാതെതന്നെ എല്ലാവരും ഒന്നിച്ചു. മലയാളികളുടെ ഉടമസ്ഥതയിലുള്ള ഓഫിസുകളിൽ പൂക്കളമിട്ടും സദ്യ ഒരുക്കിയും ഓണം കെങ്കേമമാക്കി. മുണ്ടുടുത്തും കസവണിഞ്ഞും ജോലിക്കെത്തിയവരും ഓണനാളിലെ വിശേഷ കാഴ്ചയായി. റസ്റ്റാറന്‍റുകളും ഹൈപ്പർമാർക്കറ്റുകളും വഴിയുള്ള ഓണ സദ്യ വിതരണം വ്യാഴാഴ്ച രാവിലെ 11ഓടെതന്നെ തുടങ്ങിയിരുന്നു. മുൻകൂർ ബുക്കിങ്ങിന്‍റെ അടിസ്ഥാനത്തിലായിരുന്നു പലയിടങ്ങളിലും സദ്യവിതരണം.
വരുംദിവസങ്ങളിലാണ് ഖത്തറിലെ പ്രധാന ഓണാഘോഷങ്ങൾ ആരംഭിക്കുന്നത്. രണ്ടു വർഷം ആഘോഷങ്ങളെല്ലാം കോവിഡ് കൊണ്ടുപോയതിന്‍റെ കണക്കു തീർക്കും വിധമാണ് ഇനിയുള്ള ഒരു മാസം മലയാള ചലച്ചിത്ര ലോകത്തെ താരങ്ങളും ഗായകരും അണിനിരക്കുന്ന വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ നടക്കുന്നത്. സംഗീതനിശകളും നൃത്ത വിരുന്നുകളും ഉൾപ്പെടെ വിവിധ പരിപാടികളുമായി ഒരുപിടി താരങ്ങളാണ് വരുംദിനങ്ങളിൽ ഖത്തറിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.