വള്ളുവനാടൻ ഗ്രാമഭംഗിയുള്ള ഓണം
text_fieldsഓണം ഓർമകൾക്കെപ്പോഴും ഒരിത്തിരി മധുരം കൂടുതലാണ്. ഖത്തറിലെ പ്രവാസ ജീവിതം വർഷങ്ങൾ പിന്നിട്ടെങ്കിലും ഓണത്തിന് എപ്പോഴും നാട്ടിലെത്താൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് പ്രവാസ ലോകത്തെ പല ഓണങ്ങളിലും സജീവമാകാൻ കഴിയാറില്ല. പക്ഷേ, പ്രവാസികൾക്കോണം ഒരു ദിവസത്തിൽ തീരുന്നതല്ലല്ലോ. അത്തം പിറന്നാൽ, ഒന്നോ രണ്ടോ മാസം കഴിഞ്ഞും ഇവിടെ ഓണം സജീവമായി തുടരും. അത് പ്രവാസത്തിെൻറ മാത്രം മനോഹാരിതയാണ്. ജന്മം കൊണ്ടല്ലെങ്കിലും കർമം കൊണ്ട് കൂടപ്പിറപ്പായവർ ഒരുപിടിയുണ്ടിവിടെ. കഴിഞ്ഞ വർഷം നാട്ടിലേക്കുള്ള യാത്ര മുടങ്ങിയെങ്കിലും, കൊറോണക്കാലത്തെ ഓണം ഇവിടെ നന്നായി തന്നെ ആഘോഷിച്ചു.
ഓണം ഓർമകൾ എഴുതുമ്പോൾ കുട്ടിക്കാലം വിസ്മരിക്കാനാവില്ലല്ലോ. അമ്മ വീട്ടിലായിരുന്നു കുട്ടിക്കാലം മുതൽക്കേ ഓണം കൂടിയിരുന്നത്. വള്ളുവനാടൻ ഗ്രാമഭംഗി ആവോളമുള്ള പെരിന്തൽമണ്ണക്കടുത്ത് ആനമങ്ങാടാണ് നാട്. ഓണം മാത്രമല്ല കുട്ടിക്കാലവുമായി ബന്ധപ്പെട്ട ഒരുപാടു നല്ല ഓർമകൾ ആ നാടും അവിടെയുള്ള പ്രിയപ്പെട്ടവരുമായും ബന്ധമുള്ളതാണ്. ഓണം അവധിക്ക് സ്കൂൾ അടച്ചാൽ പിറ്റേന്നു തന്നെ ഞങ്ങൾ പുറപ്പെടും. അമ്മമ്മയും മാമനും മേമയും അനുഎട്ടനും ഞങ്ങളെയും കാത്ത് പാടവരമ്പിലേക്ക് കണ്ണ് നട്ടിരിക്കണുണ്ടാവും. പാലക്കാട് നിന്ന് ചെറിയമ്മയും മാമനും അമ്മുവും കൂടിയെത്തിയാൽ പിന്നെയുള്ള പത്തു ദിവസങ്ങൾ ആഘോഷമാണ്.
പഴം നുറുക്കിെൻറയും പപ്പടത്തിെൻറയും മണമുള്ള പ്രഭാതങ്ങൾ, ചാണകം മെഴുകിയ മുറ്റത്ത് തുമ്പയും തെച്ചിയും മന്ദാരവും കാക്കപ്പൂവും നിറയുന്ന നാടൻ പൂക്കൾകൊണ്ടുള്ള കളങ്ങൾ, കുളത്തിൽ നീന്തിത്തുടിച്ചുള്ള കുളിയും തേവാരവും ഒക്കെയായി ദിവസങ്ങൾ പെട്ടെന്ന് കഴിഞ്ഞു പോവും. ഉത്രാടം ദിവസം രാവിലെ മാമൻ കളിമണ്ണിൽ മാതേര (മഹാബലിയുടെ രൂപം) ഉണ്ടാക്കും.. അമ്മമ്മ മുറ്റത്തു കോലം വരച്ചു മാതേര െവക്കും. കൃഷ്ണകിരീടവും ചെമ്പരത്തിപ്പൂവും, ഒക്കെ െവച്ചു ഭംഗിയാക്കും. പിന്നീടുള്ള ദിവസങ്ങൾ പൂക്കളമിടാറില്ല. ബാല്യത്തിലെ വലിയ സന്തോഷമായിരുന്നു ഓണക്കോടികൾ.. തിരുവോണത്തിന് അതൊക്കെയുടുത്തു ഗമയിൽ അമ്പലത്തിൽ പോയി വരും..
ഉത്രാടം മുതൽ ചതയം വരെ സദ്യ പതിവാണ്.. പാലടേം, സേമിയേം അടപ്രഥമനും, പാൽപ്പായസൊക്കെ ആയി കൊതിയൂറുന്ന ഓർമകൾ. സദ്യയിൽ ഏറ്റവും പ്രിയം മേമടെ പുളിയിഞ്ചിയോടാണ്. ഓണാവധി കഴിഞ്ഞു തിരിച്ചു പോവുമ്പോ മേമ നൽകുന്ന കായവറുത്തതിെൻറയും, പുളിയിഞ്ചിടെയും വല്യ പൊതികളുണ്ടാവും. ചതയത്തിെൻറ അന്ന് വൈകുന്നേരം മാതേര എടുതുമാറ്റിയാ പിന്നെ കാത്തിരിപ്പാണ്... മാവേലിത്തമ്പുരാെൻറ അടുത്ത വരവിനായി.... മനോഹരമായ മറ്റൊരു ഓണക്കാലത്തിനായി...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.