ഓണമെത്തി; സദ്യവിപണി കെങ്കേമം
text_fieldsദോഹ: ആഘോഷ കസവുടുത്ത് ഓണം അരികിലെത്തുമ്പോൾ ഇരുകൈയും നീട്ടി വരവേൽക്കാനൊരുങ്ങി ഖത്തറിലെ പ്രവാസി സമൂഹം. ഓരോ വർഷവും കൂടുതൽ ആഘോഷവും വർണപ്പകിട്ടുമായെത്തുന്ന ഓണത്തിന് ഇത്തവണയും മാറ്റ് കുറവല്ല.
പതിവുപോലെ സദ്യവട്ടങ്ങളുടെ ഓഫർ പെരുമഴകളോടെയാണ് ഓണക്കാലം വിളംബരം ചെയ്യുന്നത്. കടലിനിക്കരെയാണെങ്കിലും നാട്ടുരുചിയിലെ ഓണസദ്യ തീൻമേശയിലെത്തണമെന്ന് ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കായി വമ്പൻ ഓഫറുകളാണുള്ളത്. അത്തം പിറക്കും മുമ്പേ ഹൈപ്പർമാർക്കറ്റുകൾ മുതൽ റസ്റ്റാറന്റുകളും ചെറുകിട ഹോട്ടലുകളുമെല്ലാം ഓണസദ്യ വിപണി സജീവമാക്കിയിരുന്നു.
നേരത്തേ ബുക്കിങ് സ്വീകരിച്ച് തിരുവോണ നാളിൽ സദ്യ ലഭ്യമാക്കുന്ന രീതിയിലാണ് വിൽപന. മുൻകാലങ്ങളിൽ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലും റസ്റ്റാറന്റുകളിലുമാണ് ഓണസദ്യ ഒരുക്കിയതെങ്കിൽ ഇപ്പോൾ കൂടുതൽ ഇടങ്ങളിൽ സദ്യ ലഭ്യമായതായി ദോഹയിലെ മലയാളി വീട്ടമ്മ പറഞ്ഞു. ഇവർക്കു പുറമെ, നല്ല രുചിയോടെ സ്വന്തമായി തയാറാക്കിക്കൊടുക്കുന്ന പാചകക്കാരും സജീവം.
എന്തായാലും ഓണമെത്തിയതോടെ ബുക്കിങ് സജീവമായിട്ടുണ്ടെന്ന് ഹോട്ടൽ, ഹൈപ്പർമാർക്കറ്റ് അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. 25 മുതൽ 40 റിയാൽ വരെയാണ് സദ്യകൾക്ക് വിപണിയിൽ ഈടാക്കുന്നത്. തിരുവോണത്തലേന്ന് വരെ ബുക്കിങ് സ്വീകരിക്കുകയും ചൊവ്വാഴ്ച രാവിലെ മുതൽ വിതരണം ആരംഭിക്കുകയും ചെയ്യുന്ന രീതിയിലാണ് മിക്ക ഇടങ്ങളിലും സദ്യ ഒരുക്കുന്നത്. 10 ദിവസം മുമ്പേ ലുലു ഹൈപ്പർമാർക്കറ്റിൽ സദ്യ ബുക്കിങ് ആരംഭിച്ചു. 23 ഇനങ്ങളുള്ള വിഭവസമൃദ്ധമായ സദ്യക്ക് 32 റിയാലാണ് വില.
സഫാരി, ഗ്രാൻഡ്, അൽ റവാബി തുടങ്ങിയ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിൽ മുൻകൂർ ബുക്കിങ് അടിസ്ഥാനത്തിലാണ് സദ്യ ലഭ്യമാക്കുന്നത്.
20 ഇനം 35 ഇനം വരെ കൂട്ടുകറികൾ ലഭ്യമാക്കിയാണ് സദ്യ കെങ്കേമമാക്കുന്നത്. അവിയല്‍, സാമ്പാര്‍, പരിപ്പ്, തോരന്‍, കൂട്ടുകറി, എരിശ്ശേരി, പുളിശ്ശേരി ഇങ്ങനെ നീളും വിഭവങ്ങള്‍. പായസ വൈവിധ്യവും ഇതുപോലെ തന്നെ. 25 ഇനങ്ങൾ അടങ്ങിയ സദ്യക്ക് 35 റിയാലാണ് സഫാരി ഹൈപ്പർമാർക്കറ്റിലെ വില. മൂന്നിന് ഒരെണ്ണം സൗജന്യം എന്ന ഓഫറും നൽകുന്നു. 23 ഇനങ്ങളുള്ള സദ്യക്ക് ഗ്രാൻഡ്മാളിൽ 26 റിയാലും, റവാബി ഹൈപ്പർമാർക്കറ്റിൽ 29 റിയാലുമാണ് നിരക്ക്.
റസ്റ്റാറന്റുകൾ പാർസലും ഡൈനിങ്ങും ഉൾപ്പെടെ സൗകര്യങ്ങൾ വാഗ്ദാനം ചെയ്താണ് ഓണസദ്യക്ക് പ്രവാസികളെ സ്വാഗതം ചെയ്യുന്നത്.
പച്ചക്കറികളും ഓണപ്പുടവകളുമായും വിപണി സജീവമാണ്. നേരിട്ടെത്തി സാധനങ്ങൾ വാങ്ങി സ്വന്തമായി സദ്യവട്ടം ഒരുക്കുന്നവരും കുറവല്ലെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.