ഇടിപ്പൂരവുമായി ‘വൺ’ ചാമ്പ്യൻഷിപ് ഖത്തറിൽ
text_fieldsദോഹ: ആയോധനകലാ പ്രേമികളുടെ ഇടിപ്പൂരമായി മാറുന്ന ‘വൺ 166’ മത്സരങ്ങൾക്ക് ഖത്തർ വേദിയാകുന്നു. ലുസൈൽ സ്പോർട്സ് അറീനയിൽ മാർച്ച് ഒന്ന് വെള്ളിയാഴ്ച ശക്തരായ പോരാളികളാണ് റിങ്ങിലിറങ്ങുന്നത്. വൺ 166 ഖത്തറിൽ മത്സരിക്കാനിറങ്ങുന്നവരിൽ ആറുപേർ മിഡിലീസ്റ്റും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന മിന മേഖലയിൽനിന്നുള്ളവരാണ്.
അമീർ അലി, മെഹ്ദി സതൗട്, സുഹൈൽ അൽ ഖഹ്താനി, ഒസാമ അൽമർവായ്, സഫർ സായിക്ക്, സകരിയ്യ എൽ ജമാരി എന്നിവർ ഉൾപ്പെടെ 20ഓളം താരങ്ങളാണ് റിങ്ങിൽ മാറ്റുരക്കാനെത്തുന്നത്. അറബ് മേഖലയിൽ ആരാധകർ ഏറെയുള്ള ആറ് താരങ്ങളാണ് മത്സരത്തിലെ ശ്രദ്ധേയ സാന്നിധ്യം.
ഇറാനിയൻ താരമായ അമീർ അലി അക്ബാരി, നിലവിൽ അനറ്റോലി മാലികിന്റെ വൺ ഹെവിവെയ്റ്റ് എം.എം.എ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഒരു ഷോട്ടിലേക്ക് കൂടുതൽ അടുക്കാനുള്ള തയാറെടുപ്പിലാണ്. മിന മേഖലയിൽ നിന്നുള്ള മത്സരാർഥികളുടെ പട്ടികയിൽ ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്നാണ് മെഹ്ദി സതൗട്ടിന്റേത്. മുമ്പ് ഐ.എസ്.കെ.എ, ഡബ്ല്യൂ.ബി.സി മ്യൂ തായ് ലോക ചാമ്പ്യൻഷിപ്പുകൾ ഫ്രഞ്ച്-അൽജീരിയൻ സ്ട്രൈക്കറായ മെഹ്ദി സ്വന്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയുടെ ദി അറേബ്യൻ വാരിയർ എന്ന വിളിപ്പേരിലറിയപ്പെടുന്ന താരമാണ് സുഹൈർ അൽ ഖഹ്താനി. ഖഹ്താനിക്കെതിരെ മഹ്ദിയുടെ തിരിച്ചുവരവ് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. 2022ലെ ഐ.ബി.ജെ.ജെ.എഫ് നോ-ജി ലോകചാമ്പ്യനായാണ് യമൻ-സൗദി താരമായ ഒസാമ അൽമർവായ് ദോഹയിലെത്തുന്നത്.
തുർക്കിയ സ്പിറ്റ്ഫെയർ സഫർ സായി എട്ടാം വയസ്സിൽ ആരംഭിച്ചതാണ് ആയോധനകലയുമായുള്ള യാത്ര. ഒന്നിലധികം തവണ യൂറോപ്യൻ കിക്ക്ബോക്സിങ് ചാമ്പ്യൻപട്ടത്തിലേറാനും സായിക്കിന് സാധിച്ചു. വ്ളാഡിമിർ കുസ്മിനെതിരെ തന്റെ പ്രമോഷനൽ അരങ്ങേറ്റത്തിന് തയാറെടുക്കുകയാണ് സഫർ സായി.
മൊറോക്കോയാണ് ജന്മദേശമെങ്കിലും നിലവിൽ അമേരിക്കയിലാണ് സകരിയ്യ എൽ ജമാരി ജീവിക്കുന്നത്. മിന മേഖലയിലെ ഏറ്റവും വേഗത്തിൽ വളരുന്ന കോംബാറ്റ് സ്പോർട്സ് അത്ലറ്റുകളിലൊരാളാണ് ഈ മൊറോക്കോക്കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.