യു.എൻ ഓഫിസിന് ഒരു കോടി ഡോളർ സഹായവുമായി ഖത്തർ
text_fieldsദോഹ: അവികസിത രാജ്യങ്ങളുടെയും പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന ചെറു ദ്വീപുകളുടെയും സംരക്ഷണത്തിനുള്ള ഐക്യരാഷ്ട്രസഭ ഏജൻസിക്ക് (യു.എൻ-ഒ.എച്ച്.ആർ.എൽ.എൽ.എസ്) ഒരു കോടി ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ. യു.എൻ പൊതുഭാ സമ്മേളനത്തോടനുബന്ധിച്ചാണ് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. ദോഹ ആക്ഷൻ പ്രോഗ്രാം (2023-2031) നടപ്പാക്കുന്നതിന്റെ തുടർ നടപടികളുടെ ഭാഗമായാണ് ധനസഹായ കരാർ.
ചടങ്ങിൽ ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ, ക്യു.എഫ്.എഫ്.ഡി ആക്ടിങ് ഡയറക്ടർ ജനറൽ സുൽത്താൻ ബിൻ അഹ്മദ് അൽ അസീരി, യു.എൻ-ഒ.എച്ച്.ആർ.എൽ.എൽ.എസ് മുതിർന്ന പ്രതിനിധിയും യു.എൻ അണ്ടർ സെക്രട്ടറിയുമായ റബാഹ് ഫാത്തിമ എന്നിവർ പങ്കെടുത്തു.സർക്കാറുകൾ, സ്വകാര്യ മേഖല, പൊതു സമൂഹം എന്നിവയുൾപ്പെടെയുള്ള വികസന പങ്കാളികളും തമ്മിലുള്ള സഹകരണത്തിലൂടെ ഏറ്റവും കുറഞ്ഞ വികസനമുള്ള രാജ്യങ്ങൾ (എൽ.ഡി.സി) അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ മറികടക്കുകയാണ് ദോഹ ആക്ഷൻ പ്രോഗ്രാം ശ്രമിക്കുന്നത്.
സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക, ഭക്ഷ്യ അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിന് ഭക്ഷ്യ സംഭരണ സംവിധാനം വികസിപ്പിക്കുക തുടങ്ങിയവയിലൂടെ കുറഞ്ഞ വികസനമുള്ള രാജ്യങ്ങളുടെ സാധ്യതകൾ തുറക്കുന്നതിനുള്ള അജണ്ട ദോഹ പ്രോഗ്രാം രൂപപ്പെടുത്തിയിട്ടുണ്ട്.
ലോകത്തിലെ ദുർബല രാജ്യങ്ങളെ ശാക്തീകരിക്കുന്നതിലെ ഖത്തറിന്റെ ശ്രമങ്ങളാണ് യു.എൻ ഓഫിസിന് നൽകുന്ന ദശലക്ഷം ഡോളർ സംഭാവനയിലൂടെ പ്രതിഫലിക്കുന്നതെന്ന് ക്യു.എഫ്.എഫ്.ഡി ആക്ടിങ് ഡയറക്ടർ ജനറൽ അൽ അസീരി പറഞ്ഞു. കുറഞ്ഞ വികസനമുള്ള രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിന് യു.എൻ ഓഫിസിനെ സഹായിക്കുന്നതാണ് ഈ സംഭാവനയെന്നും അൽ അസീരി കൂട്ടിച്ചേർത്തു.
ദുർബലരായ നൂറ് കോടിയിലധികം വരുന്ന ജനങ്ങളെ സഹായിക്കുന്നതിൽ ക്യു.എഫ്.എഫ്.ഡിയുടെ തുടർ പിന്തുണ നിർണായകമാകുമെന്ന് റബാബ് ഫാതിമ പറഞ്ഞു. കഴിഞ്ഞ വർഷം ദോഹ ആക്ഷൻ പ്രോഗ്രാം നടപ്പിലാക്കുന്നതിന് 60 ദശലക്ഷം ഡോളറാണ് ഖത്തർ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.