ഖത്തറിൽ ഒരാൾക്കുകൂടി മെർസ്
text_fieldsദോഹ: ഏതാനും ദിവസത്തെ ഇടവേളക്കുശേഷം ഖത്തറിൽ മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം) രോഗം വീണ്ടും സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 85കാരനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഒട്ടകങ്ങളുമായി നേരിട്ട് ഇടപഴകുകയും അടുത്തിടെ രാജ്യത്തിനുപുറത്ത് യാത്ര ചെയ്തതായും സ്ഥിരീകരിച്ചു. രാജ്യത്തേക്ക് തിരിച്ചെത്തുന്നതിന് മുമ്പുതന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു. വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദേശീയ പ്രോട്ടോകോൾ പ്രകാരമുള്ള അടിയന്തര ചികിത്സ നൽകിയ ശേഷം, നിരീക്ഷണത്തിലാണെന്നും അറിയിച്ചു.
കഴിഞ്ഞ മാർച്ച് 23ന് ഖത്തറിൽ 50കാരനായ വ്യക്തിക്ക് മെർസ് സ്ഥിരീകരിച്ചതിനുപിന്നാലെ, ആരോഗ്യ വിഭാഗം കർശന മുൻകരുതലുകൾ സ്വീകരിച്ചിരുന്നു.
കൊറോണ വൈറസ് വിഭാഗങ്ങളിൽപെട്ട രോഗാണുവാണ് മെർസ് ബാധക്ക് കാരണം. എന്നാൽ, കോവിഡ്-19ന് കാരണമായ നോവൽ കൊറോണ വൈറസുമായി ഈ രോഗാണുവിന് ബന്ധമില്ല.
രണ്ടുരോഗങ്ങളും തമ്മിൽ പകരുന്ന രീതിയിലും അണുബാധയുടെ ഉറവിടത്തിലും രോഗ തീവ്രതയിലുമെല്ലാം കാര്യമായ വ്യത്യാസമുണ്ടെന്ന് ആരോഗ്യ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, പൊതുജനങ്ങൾ ശുചിത്വവും മുൻകരുതലും പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചു. മാറാരോഗങ്ങളുള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും കുടുതൽ ശ്രദ്ധിക്കണം.
വെള്ളവും സോപ്പും ഉപയോഗിച്ച് പതിവായി കൈകഴുകുക, ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുക, ഒട്ടകങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക, പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ ചികിത്സ തേടുക എന്നിവയാണ് പ്രധാന ജാഗ്രത നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.